ബഹിരാകാശയാത്രികരെ ശരവേഗത്തിൽ ചൊവ്വയിലെത്തിക്കാൻ ന്യൂക്ലിയർ റോക്കറ്റുകൾ പരീക്ഷിക്കാൻ പദ്ധതിയിട്ട് നാസ. അമേരിക്കൻ സർക്കാരിന് കീഴിലുള്ള ഡിഫെൻസ് അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട്സ് ഏജൻസിയുമായി (ഡാർപ) ചേർന്ന് 2027ഓടുകൂടി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. റോക്കറ്ററിയുടെ ആധുനികയുഗം ആരംഭിച്ചതുമുതൽ നിലവിലുള്ള രാസവ്യവസ്ഥകളാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. ഇതിന് അടുത്ത പടി എന്നോണമാണ് പുതിയ മുന്നേറ്റം.
ന്യൂക്ലിയർ തെർമൽ റോക്കറ്റ് ഉപയോഗിക്കുന്നത് ബഹിരാകാശയാത്രയുടെ വേഗം കൂട്ടുകയും യാത്രികരുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് നാസ പറയുന്നത്. ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യങ്ങൾക്ക് യാത്രാ സമയം കുറയ്ക്കുക എന്നത് ഒരു പ്രധാന ഘടകമാണ്. എത്രയും കൂടുതൽ സമയം എടുക്കുന്നുവോ അത്രയും കൂടുതൽ വസ്തുക്കളും യാത്രയിൽ കരുതുക എന്നുള്ളത് പ്രയാസകരമാണ്
ഇതുകൂടാതെ പേലോഡ് ശേഷി (വിമാനത്തിലോ റോക്കറ്റിലോ സാധനങ്ങൾ കൊണ്ടുപോകാനുള്ള ശേഷി) വർദ്ധിപ്പിക്കുക, യന്ത്രത്തിനും ആശയവിനിമയത്തിനും ആവശ്യമായ ഊർജ്ജം വർദ്ധിപ്പിക്കുക എന്നിവ ന്യൂക്ലിയർ തെർമൽ റോക്കറ്റ് ഉപയോഗിക്കുന്നതുകൊണ്ടുള്ള അധിക നേട്ടമാണെന്നും നാസ വ്യക്തമാക്കി.
നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയിൽനിന്ന് ചൊവ്വയിലെത്താൻ ഏഴ് മാസമെടുക്കുമെന്നാണ് നാസ പറയുന്നത്. ന്യൂക്ലിയർ സാങ്കേതികവിദ്യ ഉപയോഗിച്ച് എത്രത്തോളം സമയം കുറയ്ക്കാൻ സാധിക്കുമെന്ന് പറയാറായിട്ടില്ലെങ്കിലും റെക്കോർഡ് വേഗത്തിൽ ചൊവ്വയിലെത്താൻ കഴിയുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ.
കഴിഞ്ഞ വർഷം ആർട്ടെമിസ് ബഹിരാകാശ പേടകം വിജയകരമായി പരീക്ഷിച്ച നാസയ്ക്ക്, മൂൺ ടു മാർസ് പ്രോഗ്രാമിന്റെ ഭാഗമായി 2030ഓടെ ചൊവ്വയിൽ മനുഷ്യരെ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ന്യൂക്ലിയർ റോക്കറ്റിലെ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ കെമിക്കൽ റോക്കറ്റുകളേക്കാൾ കാര്യക്ഷമമായി പ്രൊപ്പല്ലന്റുകൾ (റോക്കറ്റ് പ്രവർത്തിക്കാൻ ആവശ്യമായ ഇന്ധനം) ഉപയോഗിക്കും. എന്നാൽ കുറഞ്ഞ അളവിലായിരിക്കും ത്രസ്റ്റ് (റോക്കറ്റിനെ മുകളിലേക്ക് ഉയർത്താനുള്ള ശക്തി) നൽകുക എന്നും നാസ പറയുന്നു. ന്യൂക്ലിയർ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ കുറഞ്ഞ ത്രസ്റ്റ് കാര്യക്ഷമമായി ഉപയോഗിച്ച് ദീർഘകാലം പേടകത്തിൻ്റെ വേഗത നിലനിർത്താൻ സഹായിക്കും.
മനുഷ്യനെ ആദ്യമായി ചന്ദ്രനിലേക്ക് കൊണ്ടുപോയ സാറ്റേൺ വി റോക്കറ്റ് ദൗത്യം മുതൽ റോബോട്ടിക് സേവനവും, ഉപഗ്രഹങ്ങളുടെ ഇന്ധനം നിറയ്ക്കലും ഉൾപ്പടെയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ നാസയും ഡാർപയും ഒരുമിച്ചായിരുന്നു. ഏജൻസികൾ തമ്മിൽ നിലവിലുള്ള സഹകരണത്തിന്റെ അടുത്ത പടിയാണ് കരാറെന്നും ഡാർപ ഡയറക്ടർ ഡോ സ്റ്റെഫാനി ടോംപ്കിൻസ് പറയുന്നു.
അരനൂറ്റാണ്ടിനിടെ ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യം 2024 ലാണ് നടക്കുക. 1972 ന് ശേഷം ഒരു വനിത ഉൾപ്പെടെയുള്ള ബഹിരാകാശയാത്രികരെ ചന്ദ്രനിൽ എത്തിക്കുന്നതായിരിക്കും തുടർന്ന് നടക്കാൻ സാധ്യതയുള്ള ആർട്ടെമിസ് 3 ദൗത്യം.