ഡാർട്ട് ഗ്രാഫിക്കൽ ചിത്രം നാസ
Science

ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിക്ക് സംരക്ഷണം! നാസയുടെ ഡാര്‍ട്ട് ദൗത്യത്തിന്‌റെ ആദ്യ പരീക്ഷണം നാളെ

2021 നവംബര്‍ 24 ന് സ്‌പേക്‌സ് എക്‌സിന്‌റെ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനമാണ് ഡാര്‍ട്ട് വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.44 നാണ് കൂട്ടിയിടി

ദില്‍ന മധു

വിനാശകാരികളായ കൂറ്റന്‍ ഛിന്നഗ്രഹങ്ങള്‍ ഇടിക്കുന്നത് മൂലമുണ്ടാകുന്ന ആഘാതം ഭൂമിയ്ക്ക് താങ്ങാവുന്നതിലും വലുതായിരിക്കും. അത്തരം ഭീഷണി നിരന്തരം ഭൂമിയ്ക്ക് മേല്‍ നിലനില്‍ക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിനോസറുകളെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കിയത് ഇത്തരമൊരു കൂട്ടിയിടിയെന്നാണ് കണക്കാക്കുന്നത്. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന വമ്പന്‍ ഛിന്നഗ്രഹങ്ങളെ അമാനുഷിക കരുത്തില്‍ തടയുന്നത് ഒരു ഹോളിവുഡ് സിനിമയില്‍ മാത്രം പ്രതീക്ഷിക്കാവുന്ന രംഗമാണ്. ഇത്തരം ആകാശവസ്തുക്കളെ ഭൂമിയില്‍ പതിക്കുന്നതില്‍ നിന്ന് ശാസത്രീയമായി തടയാനാകുമോ? സാധിക്കുമോ എന്ന് പരീക്ഷണത്തിലാണ് അമേരിക്കന്‍ ബഹിരാകാശ എജന്‍സിയായ നാസ.

ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാനുള്ള നാസയുടെ പുതിയ പദ്ധതിയായ ഡാര്‍ട്ട് (ഡയറക്ട് ആസ്റ്ററോയ്ഡ് റീഡയറക്റ്റ് ടെസ്റ്റ്) മിഷന്റെ ആദ്യപരീക്ഷണമാണ് നാളെ നടക്കുന്നത്. ഡിഡിമോസ് ഇരട്ട ഛിന്നഗ്രഹവുമായുള്ള പേടകത്തിന്റെ കൂട്ടിയിടി ഇന്ത്യന്‍ സമയം നാളെ (സെപ്റ്റംബര്‍ 27 ) പുലര്‍ച്ചെ 4.44 നാണ്. അപകടകരമായ ഛിന്നഗ്രഹങ്ങളില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുതകുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഡാര്‍ട്ട് പദ്ധതി. 2021 നവംബര്‍ 24 നാണ് ഡാര്‍ട്ട് വിക്ഷേപിച്ചത്.

ഡാർട്ട് ഗ്രാഫിക്കൽ ചിത്രം

ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപാതയില്‍ മാറ്റംവരുത്തുകയാണ് പരീക്ഷണത്തിന്‌റെ അടിസ്ഥാന തത്വം. അതിവേഗത്തില്‍ കൂറ്റന്‍ പേടകം കൊണ്ട് ഇടിക്കുന്നതോടെ ആകാശവസ്തുക്കളുടെ പ്രവേഗം (വെലോസിറ്റി) മാറുകയും അതുവഴി സഞ്ചാരത്തിന്‌റെ ഗതി മാറ്റിവിടാന്‍ കഴിയുകയും ചെയ്യും. പ്രായോഗികതലത്തില്‍ ഈ സിദ്ധാന്തം എങ്ങനെ നടപ്പാക്കാനാകും എന്നതിന്‌റെ പരീക്ഷണമാണ് ഡാര്‍ട്ട് ദൗത്യം.

എന്തുകൊണ്ട് ഡിഡിമോസ് ഛിന്നഗ്രഹം?

രണ്ട് ആകാശവസ്തുക്കള്‍ ഉള്‍പ്പെടുന്ന ഛിന്നഗ്രഹ സംവിധാനമാണ് ഡിഡിമോസ്. ഗ്രീക്കില്‍ ഡിഡിമോസ് എന്ന വാക്കിന്‌റെ അര്‍ത്ഥം 'ഇരട്ട' എന്നാണ്. ഭൂമിയും ചന്ദ്രനുമെന്നപോലെ ഒന്നിന് ചുറ്റും മറ്റൊന്ന് പരിക്രമണം ചെയ്യുന്ന രീതിയിലാണ് ഇവ. വലിപ്പം കൂടിയ ഡിഡിമോസിന് ചുറ്റം വലിപ്പം കുറഞ്ഞ ഡിമോര്‍ഫോസ് കറങ്ങുന്നു. 780 മീറ്ററാണ് ഡിഡിമോസിന്‌റെ വീതി. ഡിമോര്‍ഫോസിന്‌റെത് 160 മീറ്ററും. ഭൂമിയില്‍ നിന്ന് ഏകദേശം 110 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ ഇരട്ട ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്.

കൂറ്റൻ പേടകം ഇടിച്ചുകയറ്റി ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാദയിൽ മാറ്റം വരുത്തുന്നതാണ് പദ്ധതി.

ഡാര്‍ട്ട് പരീക്ഷണത്തിന് നാസ തിരഞ്ഞെടുത്തത് ഡിഡിമോസ് ഇരട്ട ഛിന്നഗ്രഹത്തെയാണ്. കുഞ്ഞന്‍ ഡിമോര്‍ഫോസിനെയാണ് ഡാര്‍ട്ട് പേടകം ഇടിക്കുക. സെക്കറ്റിന്‌റില്‍ 6.6 കിലോമീറ്റര്‍ വേഗതയിലാകും കൂട്ടിയിടി. ഇത് ഡിമോര്‍ഫോസിന്‌റെ ഗതിമാറ്റും. ഇടിയുടെ ആഘാതവും ഡിമോര്‍ഫോസിന്റെ ഭ്രമണപഥത്തിലുള്ള മാറ്റങ്ങളും ഭൂമിയിലിരുന്ന് ദൂരദര്‍ശിനി വഴി നീരീക്ഷിക്കും.

ഭൂമിക്ക് സമീപം ഒരിക്കലും വരാന്‍ സാധ്യതയില്ലാത്ത ഛിന്നഗ്രഹങ്ങളാണ് ഇവ. എന്നാല്‍ ഭൂമിക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങള്‍ക്ക് സമാനമായ വലിപ്പത്തിലുള്ളവയാണ് ഡിമോര്‍ഫോസ്. മാത്രമല്ല കൂട്ടിയിടിക്ക് ശേഷം ഇവയുടെ വ്യതിയാനം നിരീക്ഷിക്കാന്‍ എളുപ്പവുമാണ്. ഇക്കാരണങ്ങളാലാണ് പരീക്ഷണത്തിന് നാസ ഇവയെ തിരഞ്ഞെടുത്തത്.

അടുത്തറിയാം ഡാര്‍ട്ട് പേടകത്തെ

ലളിതമായ ബഹിരാകാശ പേടകമാണ് ഡാര്‍ട്ട്. ബോക്‌സ് രൂപത്തിലുള്ള മുഖ്യഭാഗത്തിന് 1.2 മീറ്റര്‍ വീതിയും 1.3 മീറ്റര്‍ വീതം നീളവും ഉയരവുമുണ്ട്. 8.5 മീറ്റര്‍ നീളമുള്ള രണ്ട് സോളാര്‍ കൈകള്‍ ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ഡാര്‍കോ ( ഡിഡിമോസ് റെക്കണയ്‌സന്‍സ് ആന്‍ഡ് ആസ്‌ട്രോയ്ഡ് ക്യാമറ ഫോര്‍ ഒപ്റ്റിക്കല്‍ നാവിഗേഷന്‍ ) എന്ന പേരില്‍ ഒരു ക്യാമറമാത്രമാണ് പേടകത്തിലുള്ളത്.

2021 നവംബര്‍ 24 ന് സ്‌പേക്‌സ് എക്‌സിന്‌റെ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനമാണ് ഡാര്‍ട്ട് വിക്ഷേപിച്ചത്. പ്രത്യേക നാവിഗേഷന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് ഡാര്‍ട്ട് തന്‌റെ ലക്ഷ്യ സ്ഥാനമായ ഡിമോര്‍ഫോസിനെ കണ്ടെത്തുക. ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഡിഡിമോസിനെയും ഡിമോര്‍ഫോസിനെയും പ്രത്യേകം വിവേചിച്ചറിയുന്നതിന് ഈ സോഫ്‌റ്റ്വെയര്‍ വഴി സാധിക്കും. ഡിമോര്‍ഫോസിന് അടുത്തെത്തുന്നതോടെ ഡാര്‍കോ ക്യാമറ നാവിഗേഷന് സഹായിക്കും.

ലിസിയ ക്യൂബ്

ചിത്രം പകർത്താൻ ലിസിയ ക്യൂബ്

വിക്ഷേപണ സമയത്ത് ഡാര്‍ട്ട് പേടകത്തോട് ഘടിപ്പിച്ചിരുന്ന ചെറുകൃത്രിമ ഉപഗ്രഹമാണ് ലിസിയക്യൂബ് ( ലൈറ്റ് ഇറ്റാലിയന്‍ ക്യൂബ്‌സാറ്റ് ഫോര്‍ ഇമാജിനിങ് ആസ്‌ട്രോയ്ഡ്‌സ്). ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സിയുടേതാണ് ഈ ക്യൂബ്‌സാറ്റ്. ഈ മാസം 11 ന് ഉപഗ്രഹം ഡാര്‍ട്ട് പേടകത്തില്‍ നിന്ന് സ്വതന്ത്രമായി. ഡാര്‍ട്ടും ഛിന്നഗ്രഹവും തമ്മിലുള്ള കൂട്ടിയിടിയുടെ ചിത്രങ്ങള്‍ ഇവ പകര്‍ത്തും. ഇതിനായി രണ്ട് ക്യാമറകള്‍ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂട്ടിയിടി കഴിഞ്ഞ് മൂന്ന് മിനിറ്റിന് ശേഷം ചെറു ഉപഗ്രഹം ഡിമോര്‍ഫോസിന് സമീപത്ത് കൂടി കടന്ന് പോകും. ഡിമോര്‍ഫോസിന് 55 കിലോമീറ്റര്‍ വരെ ദൂരത്ത് നിന്നാകും ലിസിയക്യൂബ് ചിത്രങ്ങള്‍ പകര്‍ത്തുക. പരീക്ഷണം വിജയകരമോ എന്ന് സ്ഥിരീകരിക്കാന്‍ ലിസിയക്യൂബില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍ണായകമാണ്. ലിസിയക്യൂബ് എടുക്കുന്ന ചിത്രം ഭൂമിയിലെത്താന്‍ ആഴ്ചകള്‍ വേണ്ടിവരും.

ഫോളോഅപ്പിന് ഹേരാ ദൗത്യം

കൂട്ടിയിടിക്ക് ശേഷം ഛിന്നഗ്രഹത്തിന്‌റെ സഞ്ചാരപാദയില്‍ കാര്യമായ മാറ്റം ഉണ്ടായോ എന്നറിയാല്‍ പിന്നേയും മാസങ്ങള്‍ എടുക്കും. ഈ പരിശോധനകള്‍ക്കായി നടത്തുന്ന തുടര്‍പദ്ധതിയാണ് ഹേരാ. യൂറോപ്യന്‍ ബഹിരാകാശ എജന്‍സിയുടെ ഭാഗമായ ഹേരാ പദ്ധതി, 2024 ഒക്ടോബറില്‍ വിക്ഷേപിക്കാനാണ് ആലോചന. ഇത് 2026 ഡിസംബറോടെ ഡിമോര്‍ഫോസിന് സമീപത്ത് എത്തും. ഡാര്‍ട്ട് ദൗത്യവും ഹേരാ ദൗത്യവും സ്വതന്ത്രമായി ആവിഷ്‌ക്കരിച്ചതാണെങ്കിലും, വിശാലമായ ഗ്രഹാന്തര പ്രതിരോധ പദ്ധതിയുടെ പ്രധാന കണ്ണികളാണ് ഇവ. ഇനിയൊരു ഛിന്നഗ്രഹ അപകടം ഉണ്ടാകാതിരിക്കാന്‍ ശാസ്ത്രീയമായ ഇത്തരം മുന്‍കരുതലുകള്‍ സുപ്രധാനമാണ്.

2024 ഒക്ടോബറില്‍ ഹേരാ വിക്ഷേപിക്കാനാണ് ആലോചന. 2026 ഡിസംബറോടെ ഇത് ഡിമോര്‍ഫോസിന് സമീപത്ത് എത്തും.

വെല്ലുവിളികള്‍ നിരവധി

കൂട്ടിയിടി സാധ്യമാകണമെന്നതാണ് പദ്ധതിയുടെ പ്രധാന കടമ്പ. ഇതിനായി ഡിമോര്‍ഫോസിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുക വെല്ലുവിളിയാണ്. നാവിഗേഷനും ഛിന്നഗ്രഹത്തിന്‌റെ സ്ഥാന നിര്‍ണയവും പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്. ഇടിക്കലിന് ഏതാണ്ട് 50 മിനുറ്റ് മുന്‍പ് മാത്രമേ ഡാര്‍കോ ക്യാമറയ്ക്ക് ഛിന്നഗ്രഹത്തെ ട്രാക്ക് ചെയ്യാനാകൂ. ഇത് പ്രതിസന്ധിയാണ്. മാത്രമല്ല, ഡിമോര്‍ഫോസിന്‌റെ യഥാര്‍ത്ഥ രൂപമെന്താണെന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായ അറിവില്ല. ഡിമോര്‍ഫസിന്‌റെ ആകൃതിയും അവയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുന്നതും കൂട്ടിയിടി പ്രതീക്ഷിച്ചത് പോലെ നടക്കാന്‍ നിര്‍ണായകമാണ്.

ഡാര്‍ട്ട് പേടകത്തിന്‌റെ പ്രവര്‍ത്തനം കാര്യക്ഷമമെന്നും പ്രതീക്ഷിച്ചത് പോലെ കൃത്യമായി കൂട്ടിയിടി നടക്കുമെന്നുമാണ് അവസാന മണിക്കൂറിലും നാസയുടെ വിലയിരുത്തല്‍. അഥവാ കൂട്ടിയിടി സാധ്യമായില്ലെങ്കില്‍ അതിനും സജ്ജമെന്നും വീഴ്ചവിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നാസ വ്യക്തമാക്കുന്നു. എന്തായാലും ശാസ്ത്രലോകം ആകാംക്ഷയിലാണ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി