2023 ഫെബ്രുവരി 28ന് ലോകത്ത് എന്തെല്ലാം സംഭവിച്ചുവെന്ന് ചോദിച്ചാല്‍ നമ്മളെന്ത് ഉത്തരം നല്‍കും? ലോകത്തെന്നല്ല, കേരളത്തില്‍ തന്നെ കോടിക്കണക്കിന് മനുഷ്യരും , അവര്‍ ചെയ്യുന്ന കാര്യങ്ങളും അവര്‍ അനുഭവിക്കുന്ന കാര്യങ്ങളുമുണ്ട്. അതെല്ലാം സംഭവിക്കുന്നതാണ്. പക്ഷെ ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ തക്ക എന്തെങ്കിലും സംഭവിച്ചോ എന്നതാണല്ലൊ ചോദ്യം. അതെ, അങ്ങനെ എന്തെങ്കിലും 1848 സെപ്റ്റംബര്‍ പതിമൂന്നിന് ഭൂമിയില്‍ സംഭവിച്ചിട്ടുണ്ടോ?
ചരിത്രത്തില്‍ രേഖപ്പെടുത്തിയൊരു സംഭവം അമേരിക്കയിലെ വെര്‍മോണ്ടിലാണ് അന്നുണ്ടായത്. പാറകള്‍ നിറഞ്ഞ ആ പ്രദേശത്തിലൂടെ റെയില്‍വെ സ്ഥാപിക്കുന്നതിനുള്ള ശ്രമകരമായ ജോലിയില്‍ കുറേ മനുഷ്യര്‍ അന്ന് ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവരിലൊരാളായിരുന്നു ഫീനിയസ് ഗേജ്. ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ ഫോര്‍മാന്‍. പാറപൊട്ടിക്കുന്നതിന് ഹോളുകള്‍ നിര്‍മ്മിച്ചശേഷം അതില്‍ വെടിമരുന്ന് നിറയ്ക്കുന്ന ജോലിയിലായിരുന്നു ഗേജ് അപ്പോള്‍ ഏര്‍പ്പെട്ടിരുന്നത്. ഒന്നേകാല്‍ മീറ്ററിലധികം നീളമുള്ളൊരു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ചായിരുന്നു ഹോളില്‍ ഗേജ് വെടിമരുന്ന് നിറച്ചുകൊണ്ടിരുന്നത്.
പുറകില്‍ നിന്ന് കേട്ട എന്തോ ശബ്ദം ഗേജിൻ്റെ ശ്രദ്ധ ഒരൊറ്റ നിമിഷത്തേയ്ക്ക് തെറ്റിച്ചു. ആ അശ്രദ്ധയില്‍ ഇരുമ്പ് ദണ്ഡ് ഉരഞ്ഞ് ഹോളില്‍ തീപ്പൊരി പാറി. വെടിമരുന്ന് പൊട്ടിത്തെറിച്ചു. ഫീനിയസ് ഗേജിൻ്റെ തലയോടില്‍ രണ്ട് ദ്വാരങ്ങളുണ്ടാക്കി, തലച്ചോറിൻ്റെ ഒരുഭാഗവുമായി ഇരുമ്പ് ദണ്ഡ് ദൂരെത്തെറിച്ചുവീണു. സംഭവസ്ഥലത്ത് തന്നെ ഫീനിയസ് ഗേജ് മരിക്കേണ്ടതായിരുന്നു. പക്ഷെ അപകടത്തെ അതിജീവിച്ച അദ്ദേഹം പിന്നെയും പത്ത് വര്‍ഷത്തിലധികം ജീവിച്ചു. 1860ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് ഫീനിയസ് ഗേജ് മരിക്കുന്നത്. ഫീനിയസ് ഗേജിൻ്റെ കഥ ശാസ്ത്രദിനമായ ഇന്ന് പറയുന്നതിന് കാരണമുണ്ട്. ശാസ്ത്രം മനുഷ്യന് മുന്നില്‍ അനാവരണം ചെയ്ത അസംഖ്യം നിഗൂഢതകളെക്കുറിച്ച് നമുക്കറിയാം. ശാസ്ത്രം നേടിയ നേട്ടങ്ങളുമറിയാം. എന്നാല്‍ ശാസ്ത്രത്തിന് ഇനിയും അനാവരണം ചെയ്യാനുള്ള നിഗൂഢതയെക്കുറിച്ചും നമ്മളറിയേണ്ടതുണ്ട്. അതില്‍ ഫീനിയസ് ഗേജുണ്ട്, ഫീനീയസ് ഗേജ് മാത്രമല്ല നമ്മളെല്ലാം ഉണ്ട്. നമ്മുടെയെല്ലാം ഉള്ളുണ്ട്. നമ്മുടെയെല്ലാം മനസ് ഉണ്ട്.
തലയോട്ടി തുരന്ന് ഇരുമ്പ് ദണ്ഡ് കടന്നുപോയിട്ടും ജീവിച്ച മനുഷ്യന്‍. അതായിരുന്നു അപകടത്തിന് ശേഷം ഫീനിയസ് ഗേജിൻ്റെ വിശേഷണം. എന്നാല്‍ ഫീനിയസ് ഗേജിനെ ലോകം ഓര്‍ക്കാന്‍ കാരണം അപകടത്തിന് ശേഷം അദ്ദേഹത്തിൻ്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളാണ്. അവയെക്കുറിച്ച് നിറംപിടിപ്പിച്ച നിരവധി കഥകളുണ്ട്. അപകടത്തിന് മുമ്പ് മാന്യനായിരുന്ന അദ്ദേഹത്തിൻ്റെ പ്രവൃത്തികള്‍ പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതായി പിന്നീട് മാറിയെന്ന് ചില കഥകളുണ്ട്. അതെന്തായാലും മനുഷ്യമനസ്സും തലച്ചോറും തമ്മിലുളള ബന്ധം ഉറപ്പിച്ചെടുക്കുന്നതിലെ നിര്‍ണായക വ്യക്തിയാണ് ഫീനിയസ് ഗേജ്. അതിനാല്‍ത്തന്നെ എഴുതപ്പെട്ട നിരവധി ന്യൂറോളജി, സൈക്കോളജി, സൈക്കാട്രി പുസ്തകങ്ങളില്‍ ഫീനിയസ് ഗേജിൻ്റെ കഥ കാണാന്‍ കഴിയും.
മനുഷ്യമനസ്സും തലച്ചോറും തമ്മിലുള്ള ബന്ധം ഫീനിയസ് ഗേജിന്റെ അപകടവും തുടര്‍ന്നുണ്ടായ സ്വഭാവമാറ്റങ്ങളിലൂടെയും തെളിയുന്നുണ്ടെങ്കില്‍, മനസിനെ സംബന്ധിച്ച് ഇനിയും തെളിയാനുണ്ടെന്ന് പറയുന്ന നിഗൂഢതകള്‍ എന്താണ്? ശാസ്ത്രം എന്നാല്‍ എന്തെന്നും, മനസെന്നാല്‍ എന്തെന്നുമുള്ള സങ്കീര്‍ണ ചോദ്യങ്ങളുമായി ഇഴചേര്‍ന്ന് കിടക്കുന്ന പ്രശ്‌നമാണത്. ഇത് രണ്ടും മനസിലാക്കിയാലാണ്. ശാസ്ത്രത്തിന് മുന്നില്‍ കീറാമുട്ടിയായി നില്‍ക്കുന്ന മനസെന്ന പ്രശ്‌നത്തെ നമുക്ക് തിരിച്ചറിയാന്‍ കഴിയുക.
എന്താണ് ശാസ്ത്രം ?
ശാസ്ത്രമെന്നാലെന്തെന്ന് നിര്‍വചിക്കാന്‍ പല കാലത്ത് പലരും ശ്രമിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ബേക്കണ്‍, ലോജിക്കല്‍ പോസിറ്റിവിസ്റ്റുകള്‍, കാള്‍ പോപ്പര്‍, കൂന്‍, ലാക്കറ്റോസ് അങ്ങനെ നിര നീണ്ടുപോകുന്നുണ്ട്. അവരുടെ നിര്‍വചനങ്ങള്‍ സങ്കീര്‍ണങ്ങളുമാണ്. ശാസ്ത്രത്തിൻ്റെ രീതിശാസ്ത്രത്തെ സംബന്ധിച്ച സങ്കീര്‍ണതകളിലേയ്ക്ക് പോകാതെ പൊതുവിലൊരു നിര്‍വചനം സൗകര്യത്തിനായി സ്വീകരിക്കാം.
The systematic study of the structure and behavior of the physical and natural world through observation, experimentation, and the testing of theories against the evidence obtained.
ഇവിടെ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതികപ്രപഞ്ചത്തിന്റെ ഘടനയെയും സ്വഭാവത്തെയും സംബന്ധിച്ചുള്ള പഠനമാണ് ശാസ്ത്രം എന്നതാണ് ഒന്നാമത്തെ കാര്യം . പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ വാലിഡേറ്റ് ചെയ്ത് എടുക്കേണ്ട തിയറികളാണ് ശാസ്ത്രത്തില്‍ ഉള്ളതെന്നത് രണ്ടാമത്തെ കാര്യം. മനുഷ്യമനസ്സിനെ സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ ഈ രണ്ട് കാര്യത്തിലും നിലനില്‍ക്കുന്നുണ്ട്. മനുഷ്യമനസ്സ് പൂര്‍ണമായും ഭൗതികവസ്തു ആണോ എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. തത്വചിന്തകര്‍ക്കിടയിലെ ഈ പ്രതിസന്ധി ഐറിഷ് തത്വചിന്തകനായിരുന്ന ജോര്‍ജ് ബെര്‍ക്ക്‌ലി രണ്ട് വരിയില്‍ ഇങ്ങനെ ഒതുക്കിയിരിക്കുന്നു.
What is mind : No Matter
What is matter : Never Mind
മനസ് തലച്ചോറിലാണ്. തലച്ചോര്‍ ശരീരം നിര്‍മ്മിച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ, അല്ലെങ്കില്‍ പ്രപഞ്ചം നിര്‍മ്മിച്ചിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ കണങ്ങളോ കണികകളോ കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ശരീരവും തലച്ചോറും ഒരേ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ ഇങ്ങനെയൊരു പ്രതിസന്ധിക്കെന്താണ് കാരണമെന്ന് നമുക്ക് ചിന്തിക്കാവുന്നതാണ്. മനുഷ്യമനസെന്നാല്‍ തലച്ചോറാണെന്ന് പറയുന്നതിലെ പ്രശ്‌നമെന്താണെന്ന് ഒരു ഉദാഹണത്തിലൂടെ നോക്കാവുന്നതാണ്. മനുഷ്യമനസ്സ് ഒരു കംപ്യൂട്ടര്‍ ആണെന്ന് കരുതുക. കംപ്യൂട്ടര്‍ എന്നതും അത് ചെയ്യുന്ന കംപ്യൂട്ടേഷന്‍ എന്നതും രണ്ട് കാര്യങ്ങളാണെന്ന് നമുക്ക് അറിയാം.
കംപ്യൂട്ടേഷന്‍ എന്താണെന്ന് ചോദിക്കുമ്പോള്‍, ആപ്പിളിൻ്റെ ലാപ്‌ടോപ്പെടുത്ത് കയ്യില്‍ തന്നിട്ട് , ഇതാണ് കംപ്യൂട്ടേഷന്‍ എന്ന് പറഞ്ഞാല്‍ അതില്‍ ചെറുതല്ലാത്ത വലിയ പ്രശ്‌നങ്ങളുണ്ട്. അതുപോലെ തന്നെയാണ് മനുഷ്യമനസ്സും തലച്ചോറും ഒന്നാണെന്ന് പറയുന്നതിലെയും പ്രശ്‌നം. അങ്ങനെയെങ്കില്‍ മനുഷ്യൻ്റെ തലച്ചോര്‍ പ്രവര്‍ത്തിച്ച് എങ്ങനെയാണ് ഓര്‍മ്മകളും വികാരങ്ങളും കാഴ്ചയും കേള്‍വിയും മണവും രുചിയും ചിന്തയുമൊക്കെ ഉണ്ടാകുന്നതെന്ന് പറഞ്ഞാല്‍ പ്രശ്‌നം തീരുമോ ?
തലച്ചോറില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം മനസ്സിലാക്കി, എന്ത് തരം കംപ്യൂട്ടേഷനാണ് അവിടെ നടക്കുന്നതെന്ന് കണ്ടെത്തിയാല്‍ പ്രശ്‌നം കഴിഞ്ഞില്ലേ എന്നതാണ് ചോദ്യം. ഇവിടെയാണ് ശാസ്ത്രത്തിൻ്റെ നിര്‍വചനത്തിലെ രണ്ടാം ഭാഗം ശ്രദ്ധിക്കേണ്ടത്. ശാസ്ത്രത്തിൻ്റെ സിദ്ധാന്തങ്ങള്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതാണ്. മനുഷ്യൻ്റെ തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ എത്രത്തോളം നമുക്ക് നിരീക്ഷിക്കാനും പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുവാനും കഴിയും എന്നതാണ് പ്രശ്‌നം. മനുഷ്യരെ പരീക്ഷണവിധേയരാക്കാന്‍ കഴിയില്ല. പിന്നെയുള്ളത് നിരീക്ഷണമാണ്.
സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ മനുഷ്യരുടെ തലയോട്ടി തുറന്ന് നോക്കാതെ തന്നെ തലച്ചോറില്‍ നടക്കുന്ന ചിലമാറ്റങ്ങളെങ്കിലും കണ്ടെത്താനുള്ള സ്‌കാനിംഗ് ടെക്‌നിക്കുകള്‍ ഇന്ന് നിലവില്‍ ഉണ്ട്. ഇല്‌ക്ട്രോ എന്‍സെഫലോഗ്രാഫി, മാഗ്‌നറ്റോ എന്‍സെഫലോഗ്രാഫി, എംആര്‍ഐ, ഫംഗ്ഷണല്‍ എംആര്‍ഐ, സ്ട്രക്ചറല്‍ എംആര്‍ഐ, പെറ്റ് സ്‌കാനിംഗ്, നിയര്‍ ഇന്‍ഫ്രാറെഡ് ഓപ്റ്റിക്കല്‍ ഇമേജിംഗ്, ട്രാന്‍സ് ക്രാനിയല്‍ മാഗ്‌നറ്റിക് സ്റ്റിമുലേഷന്‍ എന്നിങ്ങനെ നിരവധി സാങ്കേതിക വിദ്യകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഏതേത് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തലച്ചോറിലെ ഏതേത് മേഖലകളിലാണ് ഇലക്ട്രിക്കല്‍, ന്യൂറോ ട്രാന്‍സ്മിറ്ററല്‍ ആക്ടിവിറ്റികള്‍ നടക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ന് ശാസ്ത്രത്തിന് കഴിയുന്നുണ്ട്. എന്നാല്‍ ഇത്തരം കണ്ടെത്തലുകള്‍ക്കും മനുഷ്യമനസെന്നാലെന്തെന്ന അതിസങ്കീര്‍ണ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയില്ല.
ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിലായി നടക്കുന്നുണ്ട്. ന്യൂറോളജി, കൊഗ്‌നിറ്റീവ് സയന്‍സ്, കൊഗ്‌നിറ്റീവ് ന്യൂറോളജി, സൈക്കോളജി, എക്‌സ്‌പെരിമെന്റല്‍ സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ്, ക്വാണ്ടം ഫിസിക്ല്, കണക്ടോമിക്‌സ് ഇങ്ങനെ പല മേഖലകളിലായാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. ലോകത്തുള്ള ജീവിവര്‍ഗത്തെ മുഴുവന്‍ എ, റ്റി, സി, ജി എന്നീ നാല് ബേസുകള്‍ ചേരുന്ന ഡിഎന്‍എ കൊണ്ട് വിശദീകരിക്കാന്‍ ഇന്ന് ശാസ്ത്രത്തിന് കഴിയുന്നുണ്ട്. 50 വര്‍ഷം മുമ്പ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇന്ന് അത് സാധ്യമായി. അതുപോലെ അധികകാലം വൈകാതെ തന്നെ ന്യൂറോണുകളുടെ ഏതേത് പ്രവര്‍ത്തനങ്ങളാണ് മനസിൻ്റെ കംപ്യൂട്ടേഷന്‍ സാധ്യമാക്കുന്നതെന്ന തിയറി കണ്ടുപിടിക്കാനും ശാസ്ത്രത്തിന് കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കണ്ടെത്തിയ വലിയ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളോടൊപ്പം, വരാനിരിക്കുന്ന വമ്പന്‍ കണ്ടുപിടിത്തങ്ങളുടെ പ്രതീക്ഷ കൂടി ചേരുന്ന ശാസ്ത്രദിനാശംസകള്‍.