ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതിയുമായി നോക്കിയ. 2023 അവസാനത്തോടെ ചന്ദ്രനില്‍ 4ജി സേവനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് നോക്കിയ നൽകുന്ന സൂചന. നാസയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചാന്ദ്ര പര്യവേഷണങ്ങള്‍ സുഗമമാക്കുക, ആശയവിനിമയം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് നോക്കിയ തങ്ങളുടെ സേവനങ്ങള്‍ ചന്ദ്രനിലേക്കും വ്യാപിപ്പിക്കുന്നത്.
ചന്ദ്രനില്‍ ആദ്യ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനായി നാസ വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ നോക്കിയയ്ക്ക് കരാര്‍ നല്‍കിയിരുന്നു. 14.1 ദശലക്ഷം ഡോളറിനായിരുന്നു കരാര്‍. നാസയുടെ വരാനിരിക്കുന്ന ആര്‍ടെമിസ് 1 ദൗത്യത്തില്‍ പുതിയ 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിച്ചേക്കും. അതിനായുള്ള സംവിധാനങ്ങള്‍ നോക്കിയ വരും മാസങ്ങളില്‍ സ്‌പേസ് എക്‌സ് റോക്കറ്റില്‍ വിക്ഷേപിക്കും. നോവ-സി-ലൂണാര്‍ ലാന്‍ഡറിലുള്ള ആന്റിന വഴിയാണ് നെറ്റ്‌വര്‍ക്കിന് വേണ്ട ബേസ് സ്‌റ്റേഷന്‍ സജ്ജീകരിക്കുക. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവറും നെറ്റ്‌വര്‍ക്കിനെ സഹായിക്കും. യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനി ഇന്‍ട്രൂറ്റീവ് മെഷീന്‍സാണ് ഇത് ഡിസൈന്‍ ചെയ്തത്. ലാന്‍ഡറും ലോവറും തമ്മില്‍ എല്‍ടിഇ കണക്ഷന്‍ ഉണ്ടാകും.
വിവിധ ഡാറ്റാ ട്രാന്‍സ്മിഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് ആശയവിനിമയശേഷി ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം
ഈ മാസം തുടക്കത്തില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ പദ്ധതിയെക്കുറിച്ച് നോക്കിയ വെളിപ്പെടുത്തിയിരുന്നു. വിവിധ ഡേറ്റ ട്രാന്‍സ്മിഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് ആശയവിനിമയശേഷി ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സുപ്രധാന കമാന്‍ഡ്-കണ്‍ട്രോള്‍ ഫങ്ഷനുകള്‍, ലൂണാര്‍ ലോവറുകളുടെ വിദൂര നിയന്ത്രണം, തത്സമയ നാവിഗേഷന്‍,ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ് എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
നോക്കിയ എക്‌സിക്യൂട്ടീവിന്റെ വെളിപ്പെടുത്തല്‍ പ്രകാരം ഭാവിയിലെ ബഹിരാകാശദൗത്യങ്ങള്‍ക്കുള്ള ആശയവിനിമയങ്ങള്‍ക്ക് ഈ നെറ്റ്‌വര്‍ക്ക് സഹായകരമാകുമെന്ന് നോക്കിയ പറയുന്നു. റോവറിനെ വിദൂരങ്ങളില്‍നിന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും തത്സമയ വീഡിയോ സ്ട്രീമിങ്ങും ടെലിമെട്രി ഡേറ്റ ഭൂമിയിലേക്ക് തിരികെ അയക്കാനും ഇത് സഹായിക്കും. 4ജി നെറ്റ്‌വര്‍ക്കിന്റെ വിന്യാസം ബഹിരാകാശയാത്രികരുടെ നിയന്ത്രണത്തിലായിരിക്കുമ്പോള്‍ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാകും.
റോവറിനെ വിദൂരങ്ങളില്‍നിന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനും തത്സമയ വീഡിയോ സ്ട്രീമിങ്ങും ടെലിമെട്രി ഡേറ്റ ഭൂമിയിലേക്ക് തിരികെ അയക്കാനും ഇത് സഹായിക്കും
ചന്ദ്രനില്‍ ഐസ് കണ്ടെത്താനും നോക്കിയ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചന്ദ്രന്റെ ധ്രുവങ്ങള്‍ക്ക് ചുറ്റുമുള്ള ഗര്‍ത്തങ്ങളില്‍ മഞ്ഞിന്റെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ഐസ് വെള്ളം കുടിക്കാന്‍ ഉപയോഗിക്കാമെന്നും ഹൈഡ്രജനും ഓക്‌സിജനും റോക്കറ്റ് ഇന്ധനമാക്കി മാറ്റാമെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ ഇതുവഴി ബഹിരാകാശ യാത്രിര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനും സാധിക്കും.