ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രങ്ങളയച്ച് അമേരിക്കന്‍ ചാന്ദ്ര പര്യവേഷണ പേടകമായ ഒഡീസിയസ്. ഒരു പേടകവും ഇതുവരെ ഇറങ്ങാത്ത ചന്ദ്രനിലെ ഏറ്റവും തെക്കുനിന്നുള്ള ചിത്രമാണ് പേടകം ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.
ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റ്യൂറ്റീവ് മെഷീന്‍സ് നിര്‍മിച്ച ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമാണ്. മാത്രവുമല്ല, 1972ല്‍ ചന്ദ്രനിലിറങ്ങിയ അപ്പോളോ 17ന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ ബഹിരാകാശ പേടകം കൂടിയാണ്.
ചന്ദ്രോപരിതലത്തില്‍നിന്ന് നോവ കണ്‍ട്രോളിലെ ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാരുമായി ഒഡീസിയസ് ആശയവിനിമയം നടത്തുണ്ടെന്ന് ഇന്റ്യൂറ്റീവ് മെഷീന്‍സ് തിങ്കളാഴ്ച സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ചിരുന്നു. രണ്ട് ചിത്രങ്ങളായിരുന്നു ഇന്റ്യൂറ്റീവ് മെഷീന്‍സ് പങ്കുവെച്ചത്. ഒന്ന്, ഷഡ്ഭുജ ആകൃതിയിലുള്ള ബഹിരാകാശ പേടകത്തിന്റെ ഇറക്കവും ഇറങ്ങി 35 സെക്കൻഡുകള്‍ക്കുശേഷമുള്ള ചിത്രവുമായിരുന്നു അവ.
4.0 മീറ്റര്‍ (13 അടി) ഉയരത്തിലുള്ള നോവ സി ക്ലാസ് ലാന്‍ഡറിന്റെ ചിത്രമാണ് നാസയുടെ ചാന്ദ്ര രഹസ്യാന്വേഷണ പേടകം (എല്‍ആര്‍ഒ) എടുത്തിരിക്കുന്നത്. ഉദ്ദേശിച്ച ലാന്‍ഡിങ് സ്ഥലത്ത് നിന്നും 1.5 കിലോമീറ്റര്‍ അകലെ നിന്നുമുള്ള ചിത്രങ്ങളാണിവ. ഈഗിള്‍ ക്യാമറയ്ക്ക് നാല് മീറ്റര്‍ അകലെനിന്ന് ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്ന് ഒഡീസിയസിലെ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥി അംഗങ്ങള്‍ ശുപാഭ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഈ വര്‍ഷം അവസാനത്തോടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കുന്ന പദ്ധതികള്‍ നാസ തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി 12 കോടി ഡോളര്‍ ഇന്റ്യൂറ്റീവ് മെഷീന്‍സിന് നല്‍കിയിട്ടുണ്ട്.
14 അടിയുള്ള ഷഡ്ഭുജാകൃതിയിലുള്ള ഇന്‌റിറ്റ്യൂവ് മെഷീൻസ് ജീവനക്കാർ ഓഡി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നോവ-സി ലാൻഡർ, നാസയുടെ വാണിജ്യ ചാന്ദ്ര പേലോഡ് സേവനങ്ങളുടെ (സിഎൽപിഎസ്) സംരംഭത്തിൻ്റെ ഭാഗമാണ്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ആർട്ടെമിസ് മൂന്ന് ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഉൾപ്പെടെയുള്ളവ പഠിക്കാൻ ആവശ്യമായ ഉപകരണങ്ങളാണ് ലാൻഡറിലുള്ളത്.
ബഹിരാകാശ യാത്രികരെ അയയ്ക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ശാസ്ത്രീയമായി മനസിലാക്കുന്നതിന് വേണ്ടി നാസയുടെ ഉപകരണങ്ങളും ഒഡീസിയസ് വഹിക്കുന്നുണ്ട്. അപ്പോളോയില്‍നിന്നു വ്യത്യസ്തമായി ദീര്‍ഘകാല ആവാസ വ്യവസ്ഥകള്‍ നിര്‍മിക്കുക, കുടിവെള്ളത്തിനായി ചന്ദ്രോപരിതല്തതിലെ ഐസ് ഉപയോഗിക്കുക, ചൊവ്വയിലേക്കുള്ള ദൗത്യത്തിനായി റോക്കറ്റ് ഇന്ധനം ശേഖരിക്കുക തുടങ്ങിയ ആലോചനകളും നാസയ്ക്കുണ്ട്.
വ്യാഴാഴ്ചയാണ് ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാലപേർട്ട് എ ഗർത്തത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ 5.23ഓടെ ലാൻഡ് ചെയ്തത്. ഭ്രമണപഥത്തിൽനിന്ന് 73 മിനിറ്റ് സമയം എടുത്താണ് ഒഡീസിയസ് ചന്ദ്രനെ തൊട്ടത്.
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ പേടകത്തിന്റെ ഒരു കാല് കുടുങ്ങിയിരുന്നെങ്കിലും അവയെല്ലാം പരിഹരിക്കപ്പെട്ടിരുന്നു. എങ്കിലും ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ ഒരു വശത്തിലാണ് സ്ഥിതി ചെയ്യുന്നത്.