Science

ചരിത്രംകുറിച്ച് പൊളാരിസ് ഡോൺ; ബഹിരാകാശത്ത് നടന്ന് ജെറേഡും സാറയും, ആദ്യ സ്വകാര്യ യാത്രികർ

വെബ് ഡെസ്ക്

ബഹിരാകാശത്തെ ആദ്യ സ്വകാര്യ നടത്തമെന്ന ചരിത്രം കുറിച്ച് സ്പേസ് എക്സ്. നാലുപേരടങ്ങുന്ന പൊളാരിസ് ഡോൺ ദൗത്യത്തിലൂടെയാണ് സ്പേസ് എക്സ് ഈ നേട്ടം കൈവരിച്ചത്. സിവിലിയന്‍ ബഹിരാകാശ പര്യവേഷണത്തിന്‌റെയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സ്‌പേസ് എക്‌സിന്‌റെ സുപ്രധാന പദ്ധതികളുടെയും സുപ്രധാന നാഴികക്കല്ലാണ് പൊളാരിസ് ദൗത്യം.

കോടീശ്വരനും ഷിഫ്റ്റ്4 പേയ്മെന്റ് സിഇഒയുമായ ജെറേഡ് ഐസക്ക്‌മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോന്‍, യുഎസ് വ്യോമസേന മുൻ പൈലറ്റ് ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് അഞ്ചുദിന ദൗത്യത്തിലുള്ളത്. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരുന്നു യാത്ര. മലയാളിയായ ബഹിരാകാശ മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ പങ്കാളിയാണ് അന്ന.

ജെറേഡാണ് പേടകത്തിൽനിന്ന് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ സാറയും പുറത്തിറങ്ങി. പ്രൊഫഷണല്‍ അല്ലാത്ത ബഹിരാകാശയാത്രികരുടെ 'സ്‌പേസ് വാക്' എന്ന സുപ്രധാന നേട്ടമാണ് സ്പേസ് എക്സ് കൈവരിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ച, സർക്കാരിന്റെ ഭാഗമായി നടക്കുന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായവർ മാത്രമാണ് ഇതുവരെ 'സ്പേസ് വാക്' നടത്തിയിട്ടുള്ളത്.

സെപ്തംബര്‍ 10-നാണ് നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് കോടീശ്വരനായ ജെറേഡ് ഐസക്ക്‌മാന്റെ നേതൃത്വത്തിലുള്ള നാല് സിവിലിയന്‍ ബഹിരാകാശയാത്രികര്‍ അടങ്ങുന്ന പോളാരിസ് ഡോണ്‍ ദൗത്യം വിക്ഷേപിച്ചത്. 1,400 കിലോമീറ്റര്‍ ഉയരത്തില്‍ എത്തി ദൗത്യം ഇതിനകം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. അപ്പോളോ യുഗത്തിനുശേഷം മനുഷ്യന്‍ നേടിയ ഏറ്റവും ഉയര്‍ന്ന ഭൗമ ഭ്രമണപഥമാണിത്.

ഈ ബഹിരാകാശ നടത്തത്തിന്റെ പ്രാഥമിക ലക്ഷ്യം പുതിയ സ്പേസ് സ്യൂട്ടുകള്‍ പരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ്. ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്കായി ഈ സ്യൂട്ടുകള്‍ ഉപയോഗിക്കാനാകും, ഇത് സ്‌പേസ് എക്‌സിന്‌റെ ദീര്‍ഘകാല ബഹിരാകാശ പര്യവേക്ഷണ ലക്ഷ്യങ്ങള്‍ക്ക് ഈ പരീക്ഷണത്തെ നിര്‍ണായകമാക്കുന്നു.

ബഹിരാകാശ നടത്തത്തിന് തയ്യാറെടുക്കുന്നതിനായി ക്രൂ 45 മണിക്കൂര്‍ വിപുലമായ 'പ്രീ-ബ്രീത്ത്' പ്രോട്ടോക്കോളിന് വിധേയരായിരുന്നു. ഐസക്മാനും ഗില്ലിസും പുറത്തേക്ക് പോകുമ്പോള്‍, അവരുടെ സഹപ്രവര്‍ത്തകരായ സ്‌കോട്ട് പോട്ടീറ്റും അന്ന മേനോനും ക്യാപ്സ്യൂളിനുള്ളില്‍ തന്നെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യും.

ഓഗസ്റ്റ് അവസാനത്തോടെ 'പൊളാരിസ് ഡോണ്‍' വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പേടകത്തില്‍നിന്ന് ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.

ചെപ്പോക്കില്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ; ബംഗ്ലാദേശിനെതിരെ ലീഡ് 300 കടന്നു

സ്റ്റാർ ഇന്‍ഷുറന്‍സ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; ടെലഗ്രാം ചാറ്റ് ബോട്ടുകളിൽ വിവരങ്ങൾ വില്‍പനയ്ക്കെന്ന് റിപ്പോർട്ട്

മൈലേജ് 40 കി.മീ, വില രണ്ടര ലക്ഷം!മാരുതിയുടെ ഹസ്‌ലര്‍ ഇന്ത്യയിലേക്ക്

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം