അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്നത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ദീർഘകാലം മുൻപ് തന്നെ മനുഷ്യസമൂഹം ആരംഭിച്ചതാണ്. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് നിലവില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. ഗവേഷണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ചൊവ്വയിലാണ് ജീവന്റെ സാന്നിധ്യ സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നത്.
ചൊവ്വയുടെ മധ്യ-അക്ഷാംശ മേഖലകളില്‍ പൊടിപടലങ്ങള്‍ക്ക് കീഴിലായി പ്രകാശസംശ്ലേഷണത്തിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതായാണ് നാസയുടെ ഗവേഷണം വ്യക്തമാക്കുന്നത്. രണ്ട് ഹെമിസ്പിയറുകളുടേയും 30നും 60നും ഡിഗ്രിക്കിടയിലാണ് ഈ പ്രദേശം. ഇവിടെ, ഭൂഗർഭ ഉപരിതലത്തില്‍ ധാരാളം വെള്ളം ഫ്രീസായ നിലയിലുണ്ടാകാമെന്നും വിലയിരുത്തലുണ്ട്.
ചെടികള്‍, ആള്‍ഗെ, ബാക്ടീരിയ തുടങ്ങിയവയെ സൂര്യപ്രകാശം കാർബണ്‍ഡൈ ഓക്സൈഡാക്കി മാറ്റാൻ സഹായിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. ഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ ഭൂരിഭാഗവും പ്രകാശസംശ്ലേഷണം മൂലമാണ് ഉണ്ടാകുന്നത്. ചൊവ്വയില്‍ നിലനില്‍ക്കുന്ന മഞ്ഞുപാളികള്‍ തീവ്രതയാർന്ന സൂര്യരശ്മികളില്‍ സംരക്ഷണം ഒരുക്കുമെന്നും അതേപോലെ പ്രകാശസംശ്ലേഷണത്തിന് ആവശ്യമായ പ്രകാശം നല്‍കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
പ്രപഞ്ചത്തില്‍ എവിടെയങ്കിലും ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെങ്കില്‍ അത് ചൊവ്വയിലായിരിക്കുമെന്ന് ഗവേഷണത്തിന്റെ പ്രധാന രചിയതാവും നാസയും ജെറ്റ് പ്രൊപ്പള്‍ഷൻ ലബോറട്ടറിയിലെ ഉദ്യോഗസ്ഥനുമായ ആദിത്യ ഖുലർ പറഞ്ഞു.
ഭൂമിയും ചൊവ്വയും നിലനില്‍ക്കുന്നത് വെള്ളത്തിന് നിലനില്‍ക്കാൻ സാധിക്കുന്ന വാസയോഗ്യമായ മേഖലയിലാണ്. ഭൂമിയെ സംബന്ധിച്ച് 70 ശതമാനത്തോളം സമുദ്രമാണ്. എന്നാല്‍, ചൊവ്വയുടെ ഉപരിതലം വരണ്ടതാണ്. ചൊവ്വയില്‍ വെള്ളത്തിന്റെ സാന്നിധ്യം നൂറ്റാണ്ടുകള്‍ക്ക് മുൻപ് ഉണ്ടായിരുന്നെന്നും പിന്നീട് നഷ്ടപ്പെടുകയായിരുന്നെന്നുമാണ് ശാസ്ത്രസമൂഹത്തിന്റെ അനുമാനം.