Science

ഗഗൻയാൻ: മലയാളിയായ പ്രശാന്ത് നായർ ഉൾപ്പെടെ നാലുപേർ ബഹിരാകാശത്തേക്ക്, തിരഞ്ഞെടുപ്പ് നടന്നത് മൂന്ന് വർഷം മുമ്പ്

പാലക്കാട് സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്ക്ക് പുറമെ, അജിത് കൃഷ്ണന്‍, അങ്കത് പ്രതാപ്, ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാനിലെ യാത്രികര്‍

വെബ് ഡെസ്ക്

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ മലയാളി ഉൾപ്പെടുന്ന സഞ്ചാരികളുടെ സംഘത്തെ ലോകത്തിനു മുൻപാകെ അവതരിപ്പിച്ചു. പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്കു പുറമേ തമിഴ്നാട് ചെന്നൈ സ്വദേശി അജിത് കൃഷ്ണന്‍, ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അംഗത് പ്രതാപ്, ലക്നൗ സ്വദേശി ശുഭാന്‍ശു ശുക്ല എന്നിവരാണ് യാത്രികര്‍. വ്യോമസേനാ യുദ്ധവിമാന പൈലറ്റുമാരായ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററി(വിഎസ്‌എസ്‌സി)ൽ നടന്ന ചടങ്ങിലാണ് ഇവരെ അവതരിപ്പിച്ചത്.

പ്രശാന്താണ് സംഘത്തലവൻ. വിഎസ്‌എസ്‌സിയിൽ നടന്ന ചടങ്ങിൽ നാല് യാത്രികരെയും പ്രധാനമന്ത്രി ആസ്ട്രോണട്ട് വിങ്സ് അണിയിച്ചു. വ്യോമസേനാ പൈലറ്റുമാരായ നാല് യാത്രികരും ഇന്നലെ വിഎസ്എസ്‍സിയില്‍ എത്തിയിരുന്നു.

യാത്രയ്ക്കായി വ്യോമസേനയില്‍നിന്ന് നാലുപേരെ മൂന്നുവര്‍ഷം മുമ്പുതന്നെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ഐഎഎസ്ആർഒ രഹസ്യമായി വെക്കുകയായിരുന്നു.

കടുത്ത വെല്ലുവിളികൾ ഉടലെടുക്കാൻ കഴിയുന്ന സാഹചര്യങ്ങൾ അതിജീവിക്കാൻ ഏറ്റവും കഴിവുള്ളവരെന്ന നിലയിലാണ് വ്യോമസേനാ പൈലറ്റുമാരെ ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്ആർഒ തിരഞ്ഞെടുത്തത്. നാല് പൈലറ്റുമാരും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൽ ഒന്നരവർഷം പരിശീലനം പൂർത്തിയാക്കിയിരുന്നു. തുടർന്ന് ബെംഗളൂരുവിൽ ഐഎസ്ആർഒയ്ക്കു കീഴിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി.

ശുഭാന്‍ശു ശുക്ല ഒഴിയകെയുള്ള മൂന്ന് യാത്രികരും വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻമാരാണ്. സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ യാത്രികനായ ശുഭാൻശു ശുക്ല വിങ് കമാൻഡറാണ്.

പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനശേഷം 1999 ജൂണിലാണ് സേനയില്‍ ചേരുന്നത്. റഷ്യൻ നിർമിത സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത്.

2025ൽ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി രണ്ട് ആളില്ലാ ദൗത്യങ്ങൾ വിക്ഷേപിക്കും. ആദ്യ ദൗത്യം ഈ വർഷമുണ്ടാവും. ആളില്ലാ ദൗത്യങ്ങളിലൊന്നിൽ വ്യോംമിത്രം എന്ന റോബോട്ടിനെ ബഹിരാകാശത്ത് അയയ്ക്കും.

മനുഷ്യരെ വഹിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും ഗഗന്‍യാന്‍ ദൗത്യത്തിന് ഉപയോഗിക്കുന്ന എല്‍വിഎം3 റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിന്‍ അടുത്തിടെ കൈവരിച്ചിരുന്നു. ഹ്യൂമന്‍ റേറ്റഡ് എല്‍വിഎം3 (എച്ച്എല്‍വിഎം3) റോക്കറ്റിന്റെ ഹ്യൂമന്‍ റേറ്റിങ് പരീക്ഷണമാണ് ഫെബ്രുവരി 13ന് വിജയം കണ്ടത്. റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനായ സിഇ 20യുടെ അന്തിമ ഗ്രൗണ്ട് ക്വാളിഫിക്കേഷന്‍ തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് കേന്ദ്രത്തിലാണ് നടന്നത്.

യാത്രികരുമായുള്ള ഗഗന്‍യാന്‍ ദൗത്യം വിക്ഷേപിച്ച് നിശ്ചിത ദിവസം ബഹിരാകാശത്ത് തുടരാന്‍ അനുവദിച്ചശേഷം തിരിച്ചറിക്കി പാരച്യൂട്ടിന്റെ സഹായത്തോടെ സുരക്ഷിതമായി കടലില്‍ വീഴ്ത്തി വീണ്ടെടുക്കുകയാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ആളില്ലാ ഒന്നാം ദൗത്യത്തിലും ഇതേ രീതിയാണ് പിന്തുടരുക. ഇതിനുമുന്നോടിയായി ഗഗന്‍യാന്റെ പാരച്യൂട്ട് സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കാന്‍ ലക്ഷ്യമിടുന്ന ടിവി ഡി-2 പരീക്ഷണം ഉടന്‍ നടത്താനിരിക്കുകയാണ് ഐഎസ്ആര്‍ഒ.

മനുഷ്യരെ വഹിക്കുന്ന ദൗത്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ നേരത്തെ വിജയകരമായി നടത്തിയിരുന്നു. ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ആദ്യ അബോര്‍ട്ട് പരീക്ഷണമായ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ -1 (ടിവി ഡി-1) ഒക്ടോബര്‍ 21നായിരുന്നു വിജയകരമായി പരീക്ഷിച്ചത്. ബഹിരാകാശത്തുവച്ച് റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന് വീണ്ടെടുക്കുകയും ചെയ്തതായിരുന്നു ഈ പരീക്ഷണം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്