മനുഷ്യന്റെ ചിന്ത എന്താണെന്ന് ഉപകരണം ഉപയോഗിച്ച് തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ നേട്ടം കൈവരിച്ച് ശാസ്ത്രലോകം. ഒരാളുടെ ചിന്തയിലൂടെ കടന്നുപോകുന്ന പാട്ടിനെ മസ്തിഷ്ക തരംഗങ്ങൾ ഡീകോഡ് ചെയ്ത് കൃത്യമായി തിരിച്ചറിഞ്ഞിരിക്കുകയാണ് അമേരിക്കയിലെ ബേര്‍ക്ക്‌ലിയിലുള്ള കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജിസ്റ്റുകൾ.
പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാൻഡായ പിങ്ക് ഫ്‌ളോയ്ഡിന്റെ "അനതർ ബ്രിക്ക് ഇൻ ദി വാൾ" എന്ന പാട്ടാണ് ഇത്തരത്തിൽ തിരിച്ചറിഞ്ഞത്. സ്ട്രോക്ക് പോലെയുള്ള രോഗങ്ങളുള്ള, സംസാരിക്കാനും ആശയവിനിമയം ചെയ്യാൻ കഴിയാത്തവരുമായ ആളുകളുടെ ചിന്തകൾ മനസിലാക്കാനുള്ള ഉപകരണം കണ്ടെത്താനുള്ള പരീക്ഷണങ്ങൾക്ക് വലിയ ഊർജം പകരുന്നതാണ് പുതിയ നേട്ടം.
ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുള്ളവർക്ക് പലപ്പോഴും ആശയവിനിമയം അസാധ്യമാകാറുണ്ട്. വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനുണ്ടായ അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്, സ്ട്രോക്ക് പോലെയുള്ള അവസ്ഥകൾ അതിന്റെ ഉദാഹരണങ്ങളാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരാൾ ചിന്തിക്കുന്ന കാര്യങ്ങളെ മനസിലാക്കി അത് മറ്റൊരാളിലേക്ക് എത്തിക്കുന്ന ഉപകരണത്തിന് രൂപം നൽകാനാണ് ശാസ്ത്രലോകം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ബേര്‍ക്ക്‌ലിയിലുള്ള കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ മുൻപ് മസ്തിഷ്ക തരംഗങ്ങളുടെ റെക്കോർഡിങ്ങുകളിൽ നിന്ന് സംസാരവും നിശബ്ദമായി സങ്കൽപ്പിച്ച വാക്കുകൾ പോലും മനസിലാക്കിയെടുത്തിരുന്നു. എന്നാൽ ഒരാൾ ചിന്തിക്കുന്ന സംഗീതം ഏതാണെന്ന് തിരിച്ചറിയുന്നതിലൂടെ കൂടുതൽ ഗുണം പഠനത്തിന് ഉണ്ടാകുമെന്നാണ് സംഘത്തിലെ ശാസ്ത്രജ്ഞർ പറയുന്നത്. സംഗീതത്തിന് ഭാഷാതിർത്തികൾ ഇല്ലെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.
മസ്തിഷ്കത്തിന്റെ 'സ്പീച്ച് മോട്ടോർ' എന്നറിയപ്പെടുന്ന കോർട്ടെക്സിൽ നിന്നുള്ള വൈദ്യുത പ്രവർത്തനം ഡീകോഡ് ചെയ്തതിലൂടെയാണ് ആദ്യതവണ ചിന്തിക്കുന്ന കാര്യങ്ങൾ ശാസ്ത്രജ്ഞർ മനസിലാക്കിയത്. ഇത്തവണ തലച്ചോറിന്റെ ശ്രവണ മേഖലകളിൽ നിന്നുള്ള റെക്കോർഡിങ്ങുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അപസ്മാരം ബാധിച്ച 29 ആളുകളുടെ ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഇലക്ട്രോഡുകൾ തലച്ചോറിൽ സ്ഥാപിച്ചാണ് പഠനം നടത്തിയത്.
റെക്കോർഡ് ചെയ്ത മസ്തിഷ്ക തരംഗങ്ങളെ നിർമിത ബുദ്ധിയുടെ സഹായത്തോടെ ഡീകോഡ് ചെയ്യുകയും തുടർന്ന് ശബ്ദങ്ങളും വാക്കുകളുമായി പുനരാവിഷ്കരിക്കുകയുമായിരുന്നു. തരംഗങ്ങൾ എൻകോഡ് ചെയ്തതിൽ നിന്ന് പാട്ടിന്റെ താളം ഉൾപ്പെടെ ആദ്യ വരികൾ ആവിഷ്കരിക്കാനായി. വെള്ളത്തിനടിയിൽ വച്ച് ഒരാൾ സംസാരിക്കുന്നത് പോലെയായിരുന്നു ശബ്ദങ്ങളെങ്കിലും ആദ്യ ശ്രമത്തിൽ തന്നെയുണ്ടായ വിജയം ഒരു നേട്ടമായാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. കുറച്ചുകൂടി സാന്ദ്രത കൂടിയ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നതിലൂടെ മെച്ചപ്പെട്ട ശബ്ദങ്ങൾ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയ കൂടാതെ തന്നെ മസ്തിഷ്ക തരംഗങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായുള്ള ഇലക്ട്രോഡുകൾ സ്ഥാപിക്കാൻ ഉടൻ തന്നെ സാധിക്കുമെന്നും അവർ പറയുന്നു.