പെണ്‍പാമ്പുകള്‍ക്ക് ലൈംഗിക അവയവമായ 'ക്ലിറ്റോറിസ്' ഉണ്ടെന്ന സുപ്രധാന കണ്ടെത്തലുമായി ഗവേഷകര്‍. മൃഗങ്ങളുടെ ലൈംഗികാവയവങ്ങളെ കുറിച്ചുള്ള 'പ്രൊസീഡിങ്സ് ഓഫ് ദ റോയൽ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. സ്ത്രീ ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ താരതമ്യേന പരിമിതമാണെന്ന് വിമര്‍ശനമുന്നയിക്കുന്ന പഠനത്തില്‍, മുന്‍ ഗവേഷണങ്ങള്‍ പലപ്പോഴും ഈ അവയവങ്ങളെ സുഗന്ധ ഗ്രന്ഥികളോ, പുരുഷ ലിംഗത്തിന്റെ അവികസിത രൂപങ്ങളോ ആയി തെറ്റിദ്ധരിച്ചതായും ശാസ്ത്രജ്ഞര്‍ പറയുന്നു.
പഠനത്തിൽ പെണ്‍പാമ്പുകൾക്ക് 'ഹെമിക്ലിറ്റോറുകൾ' എന്നു പേരുള്ള രണ്ട് വ്യക്തിഗത ക്ലിറ്റോറിസുകളുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് ലൈംഗിക സുഖത്തിന് വേണ്ടിയാണെന്നാണ് ഗവേഷകരുടെ നിഗമനം. ഇവ ഒരു കൂട്ടം കോശങ്ങള്‍ കൊണ്ട് വേർതിരിച്ച് വാലിന്റെ അടിഭാഗത്തെ ചർമ്മത്താൽ മറച്ചിരിക്കുകയാണെന്നും ഗവേഷകർ കണ്ടെത്തി
'സ്ത്രീ ലൈംഗികാവയവങ്ങൾ എപ്പോഴും പഠനങ്ങളില്‍ അവഗണിക്കപ്പെടുന്നു, ഇത് പ്രത്യുത്പാദനത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ വരെ പരിമിതപ്പെടുത്തുന്നുണ്ട്,' പഠനത്തിൽ പറയുന്നു. “സ്ത്രീ ജനനേന്ദ്രിയത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള വിലക്കുകള്‍ തന്നെയാണ് പാമ്പുകളുടെ ക്ലിറ്റോറിസുകളെ കുറിച്ച് മുമ്പ് വിവരിക്കപ്പെടാത്തതിന്റെ ഒരു പ്രധാന കാരണം, എന്താണ് തിരയേണ്ടതെന്ന് അറിയാത്തതും അത് തിരയണമെന്ന് ആഗ്രഹിക്കാത്തതും ചേർന്നതാണത്,” പ്രബന്ധത്തിന്റെ പ്രധാന രചയിതാവും അഡ്‌ലെയ്ഡ് സർവകലാശാലയിലെ പിഎച്ച്‌ഡി വിദ്യാർഥിയുമായ മേഗൻ ഫോൾവെൽ പറയുന്നു. ആൺപാമ്പുകൾക്കും പല്ലികൾക്കും പ്രത്യുത്പാദന സമയത്ത് ശരീരത്തിന് പുറത്ത് കാണപ്പെടുന്ന 'ഹെമിപീനുകൾ' എന്ന് പേരുള്ള ഒരു ജോടി ലിംഗങ്ങൾ ഉണ്ട്. പല സ്പീഷീസുകളിലും, ഇവ മുള്ളുകളിലോ ശല്‍ക്കങ്ങളിലോ പൊതിഞ്ഞിരിക്കുന്നതായാണ് കാണാനാവുക.
ഈ അവയവം കണ്ടെത്തുന്നത് എല്ലായ്പ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ചിലത് വളരെ ചെറുതാണെന്നും ഫോൾവെൽ പറയുന്നു. ഡെത്ത് ആഡർ വിഭാഗത്തിൽപ്പെട്ട ഒരു പാമ്പിന്റെ ക്ലിറ്റോറിസ്സുകൾ വിച്ഛേദിച്ചുള്ള പഠനത്തില്‍, ഈ അവയവം ഹൃദയം പോലെ ത്രികോണാകൃതിയിലായിരുന്നു. അതിന് സാമാന്യം വലുപ്പമുള്ള ഹെമിക്ലിറ്റോറുകൾ ഉണ്ടായിരുന്നതാണ് ഈ സുപ്രധാന കണ്ടെത്തലിന് വഴിയൊരുക്കിയതെന്നും ഫോൾവെൽ ചൂണ്ടിക്കാട്ടി. പാമ്പുകളിലെ ഇണചേരലിൽ ഈ അവയവങ്ങൾക്ക് വലിയ പ്രാധാന്യവുമുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. പെണ്‍പാമ്പുകളുടെ ലൈംഗിക സ്വഭാവങ്ങളെ കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, ഇണചേരല്‍ സുഗമമാക്കാനും, ലൂബ്രിക്കേഷൻ നൽകാനും ഹെമിക്ലിറ്റോറുകൾക്ക് കഴിയുമെന്ന് സംഘം കണ്ടെത്തിയതായും ഫോൾവെൽ പറഞ്ഞു. ഇണചേരൽ സമയത്ത് വലിയ ഹെമിപീൻ കൊളുത്തുകളിൽ നിന്നും നട്ടെല്ലിൽ നിന്നും ഉണ്ടാകുന്ന കേടുപാടുകൾ തടയാൻ ഇത് പെണ്‍പാമ്പുകളെ സഹായിക്കും.
ചില പാമ്പുകളില്‍ ക്ലിറ്റോറിസുകൾ പേശികളുള്ളതും വലുതുമാണെന്നും എന്നാൽ മറ്റ് ചിലതിൽ അവ വളരെ മെലിഞ്ഞതും ചെറുതുമാണെന്നും ന്യൂറോക്കോളജിയിലെ സഹ-എഴുത്തുകാരിയും പോസ്റ്റ് ഡോക്ടറൽ ഗവേഷകയുമായ ഡോ. ജെന്ന ക്രോ-റിഡൽ കൂട്ടിച്ചേർക്കുന്നു