Science

ബീജവും അണ്ഡവും ബീജസങ്കലനവുമില്ല; ലോകത്തിലെ ആദ്യ മനുഷ്യ സിന്തറ്റിക് ഭ്രൂണം

ജനിതക വൈകല്യം, ആവർത്തിച്ചുള്ള ഗർഭം അലസൽ പോലുള്ള കാരണങ്ങൾ കണ്ടെത്തുന്നതിലേക്ക് പുതിയ കണ്ടെത്തൽ നയിക്കുമെന്നാണ് പ്രതീക്ഷ

വെബ് ഡെസ്ക്

വൈദ്യശാസ്ത്ര ലോകത്ത് അദ്ഭുതം സൃഷ്ടിച്ച് പുത്തൻ കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ബീജത്തിന്റെയോ അണ്ഡത്തിന്റെയോ സഹായമില്ലാതെ ലോകത്തിലെ ആദ്യത്തെ മനുഷ്യ സിന്തറ്റിക് ഭ്രൂണമാണ് വികസിപ്പിച്ചെടുത്തത്. അമേരിക്ക, യുകെ എന്നിവിടങ്ങളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ദൗത്യത്തിന് പിന്നിൽ. ജനിതക വൈകല്യം, ആവർത്തിച്ചുള്ള ഗർഭം അലസൽ പോലുള്ളവയുടെ കാരണങ്ങൾ കണ്ടെത്തുന്നതിലേക്ക് പുതിയ കണ്ടെത്തൽ നയിക്കുമെന്നാണ് പ്രതീക്ഷ.

സിന്തറ്റിക്ക് ഭ്രൂണം യഥാർഥ ഭ്രൂണങ്ങളല്ല മറിച്ച് ഭ്രൂണ മാതൃകകളാണെന്നാണ് കേംബ്രിഡ്ജ് സർവ്വകലാശാലയിലെ മഗ്ദലീന സെർനിക്ക-ഗോറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ടീം പറയുന്നത്. സ്റ്റെം സെല്ലുകൾ ഉപയോഗിച്ചാണ് ഈ ഘടനകൾ നിർമിച്ചിരിക്കുന്നത്. നിലവിൽ ഗാസ്‌ട്രുലേഷൻ എന്നറിയപ്പെടുന്ന ഘട്ടത്തിലാണ് പരീക്ഷണം എത്തിനില്‍ക്കുന്നത്. ഇവയ്ക്ക് ഹൃദയമോ തലച്ചോറോ ഇല്ല. എന്നാൽ പ്ലാസന്റ, മഞ്ഞക്കരു, ഭ്രൂണം എന്നിവ രൂപപ്പെടുന്ന കോശങ്ങളുണ്ട്. ജീവൻ സൃഷ്ടിക്കുകയല്ല മറിച്ച് ജീവൻ രക്ഷിക്കുക എന്നതാണ് ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

നിലവിൽ ഈ ഘടനകൾ ഒരു രോഗിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നതിന് നിയമപരമായ മാർഗങ്ങളില്ല. മാത്രമല്ല പുതുതായി വികസിപ്പിച്ച ഭ്രൂണങ്ങൾക്ക് ആദ്യ ഘട്ടങ്ങൾക്കപ്പുറം നിലനിൽക്കാൻ കഴിയുമോ എന്നതും വ്യക്തമല്ല. യഥാർത്ഥ ഭ്രൂണങ്ങളുടെ ആവശ്യമില്ലാതെ ഗവേഷണം നടത്താൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകതയെന്നും ​ഗവേഷകർ പറയുന്നു. പഠനത്തിന്റെ മുഴുവൻ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബീജവും അണ്ഡവും ഉപയോഗിക്കാതെ എലിയുടെ സിന്തറ്റിക് ഭ്രൂണം വളർത്തുന്നതിൽ സംഘം നേരത്തെ വിജയിച്ചിരുന്നു. മസ്തിഷ്കം, ഹൃദയം, മറ്റ് അവയവങ്ങൾ എന്നിവ പ്രവർത്തനക്ഷമമാകുകയും ഭ്രൂണം വികസിക്കുകയും ചെയ്തിരുന്നു.

എന്നാൽ നിയമമനുസരിച്ച് ഒരു ലബോറട്ടറിയിൽ പരമാവധി 14 ദിവസത്തേക്ക് മാത്രമേ ഭ്രൂണങ്ങൾ വളർത്താൻ ശാസ്ത്രജ്ഞർക്ക് അനുവാദമുള്ളൂ. കൂടാതെ, ഈ പഠനത്തിനായി ഉപയോ​ഗിച്ച വസ്തുക്കളില്‍ ചിലത് യുകെയിലും മറ്റ് രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതിനാല്‍ നിയമപരവുമായ പ്രശ്നങ്ങളും ഉയരുന്നുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം