6.6 കോടി വര്‍ഷങ്ങള്‍ക്കുമുൻപ് ദിനോസറുകളുടെ വംശനാശത്തിനു കാരണമായ ഛിന്നഗ്രഹത്തിന്റെ ഉത്ഭവം വ്യാഴത്തിന്റെ ഭ്രമണപഥത്തിന് അപ്പുറത്താണെന്നു കണ്ടെത്തൽ. സയന്‍സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ക്രിറ്റേഷ്യസ്- പാലിയോജീന്‍ അതിര്‍ത്തിയില്‍നിന്നുള്ള അവശിഷ്ട സാമ്പിളുകളുടെ വിശകലനത്തിലൂടെയാണ് മെക്‌സിക്കോയിലെ ചിക്‌സുലബില്‍ പതിച്ച ഈ ഛിന്നഗ്രഹം സി ടൈപ്പിലുള്ളതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് വാല്‍നക്ഷത്രമാണെന്നായിരുന്നു ഏറെക്കാലമായി നിലനിന്നിരുന്ന ധാരണ.
ഈ ഛിന്നഗ്രഹം വ്യാഴത്തിന്റെ അപ്പുറത്താണ് രൂപപ്പെട്ടതെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് പഠനത്തിന്‌റെ മുഖ്യ രചയിതാവും കൊളോണ്‍ സര്‍വകലാശാലയിലെ ജിയോകെമിസ്റ്റുമായ മാരിയോ ഫിഷെര്‍ ഗോഡ്ഡെ പറഞ്ഞു.
ആകാശഗോളങ്ങളുടെ ഉത്ഭവത്തെയും അവ ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് പുതിയ പഠനം. ഇത്തരം ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടികള്‍ അപൂര്‍വമായതിനാല്‍ നിഗമനങ്ങള്‍ പ്രധാനമാണ്. ഭാവിയിലെ ഭീഷണികള്‍ വിലയിരുത്താനും ഭൂമിയില്‍ വെള്ളം എങ്ങനെയെത്തി എന്നതിനെക്കുറിച്ചുമുള്ള സൂചനകള്‍ നല്‍കാനും ഈ സംഭവങ്ങള്‍ സഹായിക്കും.
ചിക്‌സുലബ് ആഘാതം അടയാളപ്പെടുത്തുന്ന ഭൂഗര്‍ഭ നിക്ഷേപങ്ങളിലെ റുഥേനിയത്തിന്‌റെ ഐസോടോപ്പുകള്‍ വിശകലനം ചെയ്യുന്നത് അടിസ്ഥാനമാക്കിയുള്ളതാണ് ഗവേഷക സംഘത്തിന്‌റെ കണ്ടെത്തലുകള്‍.
ഛിന്നഗ്രഹം സൃഷ്ടിച്ച ആഘാതം മുതലുള്ള അവശിഷ്ട സാമ്പിളുകളില്‍ റുഥേനിയം മൂലകത്തിന്‌റെ ഐസോടോപ്പുകള്‍ അളക്കാന്‍ ഗവേഷകര്‍ നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. ഛിന്നഗ്രഹങ്ങളില്‍ റുഥേനിയം സാധാരണമാണെങ്കിലും ഭൂമിയില്‍ അപൂര്‍വമാണ്. ഇത് സാമ്പിളുകളിലെ മൂലകം ചിക്‌സുലബിലെ ആഘാതത്തില്‍നിന്ന് മാത്രമാണെന്ന് സ്ഥിരീകരിക്കാന്‍ ഗവേഷകരെ സഹായിച്ചു.
റുഥേനിയം ഐസോടോപ്പുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ക്കു ബാഹ്യ സൗരയൂഥത്തില്‍നിന്നുള്ള സി-ടൈപ്പ് കാര്‍ബണേഷ്യസ് ഛിന്നഗ്രഹങ്ങളും ആന്തരിക സൗരയൂഥത്തില്‍നിന്നുള്ള എസ്-ടൈപ്പ് സിലിക്കേറ്റ് ഛിന്നഗ്രഹങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും.
ഭൂമിയിലേക്ക് പതിക്കുന്ന ഛിന്നഗ്രഹങ്ങളുടെ ഭൂരിഭാഗം ഉല്‍ക്കാശകലങ്ങളും എസ് ടൈപ്പ് ആണെന്ന് ഷിഫെര്‍ പറയുന്നു. ഭൂമിയില്‍ പതിക്കുന്നതിനുമുമ്പ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലൂടെ ഛിന്നഗ്രഹം കടന്നുപോയിരിക്കാമെന്നും പഠനം പറയുന്നു.