ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗുഹ കണ്ടെത്തി ശാസ്ത്രജ്ഞര്‍. അപ്പോളോ ലാന്‍ഡിങ് സൈറ്റില്‍നിന്ന് അധികം അകലെയല്ലാതെയാണ് ഭൂഗര്‍ഭ അറയുടെ സ്ഥാനം. 55 വര്‍ഷം മുമ്പ് നീല്‍ ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങിയ 'പ്രശാന്തിയുടെ കടല്‍' ഭാഗത്തുനിന്ന് 400 കിലോമീറ്റര്‍ മാറിയാണിത്.
ഗവേഷകര്‍ നാസയുടെ ലൂണാര്‍ റെക്കനൈസര്‍ ഓര്‍ബിറ്ററിന്റെ റഡാര്‍ അളവുകള്‍ വിശകലനം ചെയ്യുകയും ഫലങ്ങള്‍ ഭൂമിയിലെ ലാവാ ട്യൂബുകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. നേച്ചര്‍ അസ്‌ട്രോണമി ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ കഠിനമായി പരിസ്ഥിതിയില്‍നിന്ന് അഭയം പ്രദാനം ചെയ്യുന്നതും ചന്ദ്രനിലെ മനുഷ്യരുടെ ദീര്‍ഘകാല പര്യവേക്ഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നതിനാല്‍ ഭൂഗര്‍ഭ അറ 'ചാന്ദ്ര ഗവേഷണങ്ങള്‍ക്കുള്ള ഒരു പ്രോമിസിങ് സൈറ്റ്' ആയിരിക്കുമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
നാസയുടെ ചാന്ദ്ര നിരീക്ഷണ ഓര്‍ബിറ്റര്‍ ശേഖരിച്ച റഡാര്‍ വിവരങ്ങളുടെ വിശകലനത്തില്‍ ചന്ദ്രനിലെ അറിയപ്പെടുന്ന ഏറ്റവും ആഴമേറിയ കുഴിയായ പ്രശാന്തിയുടെ കടല്‍ 45 മീറ്റര്‍ വീതിയും 85 മീറ്റര്‍ നീളവുമുള്ള 14 ടെന്നീസ് കോര്‍ട്ടുകള്‍ക്ക് സമാനമായ പ്രദേശത്തേക്ക് നയിക്കുന്നു. ഉപരിതലത്തില്‍നിന്ന് ഏകദേശം 150 മീറ്റര്‍ താഴെയാണ് ഗുഹ സ്ഥിതിചെയ്യുന്നത്. ഇവിടെ കണ്ടെത്തിയ ഇരുന്നൂറിലധികം കുഴികളെപ്പോലെ ഇതും ലാവ ട്യൂബിന്‌റെ തകര്‍ച്ചയില്‍നിന്ന് രൂപപ്പെട്ടതാണ്.
ചന്ദ്രനില്‍ സ്ഥിരമായി ഒരു ഭാഗിക ക്രൂഡ് ബേസ് നിര്‍മിക്കാന്‍ നാസ ലക്ഷ്യമിടുന്നു. ചൈനയും റഷ്യയും ചാന്ദ്ര ഗവേഷണ ഔട്ട്‌പോസ്റ്റുകള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കോസ്മിക് റേഡിയേഷനില്‍നിന്ന് സംരക്ഷിക്കപ്പെട്ടതും സ്ഥിരതയുള്ള താപനിലയുള്ള പരിതസ്ഥിതികളില്‍ മാത്രമേ സ്ഥിരമായ ചാന്ദ്ര അടിത്തറ (ലൂണാര്‍ ബേസ്) സ്ഥാപിക്കാന്‍ സാധിക്കൂ.
സ്വാഭാവികമായും ബഹിരാകാശ യാത്രികര്‍ക്ക് ഹാനികരമായ കോസ്മിക് കിരണങ്ങള്‍, സൗരവികിരണം, മൈക്രോമെറ്റോറൈറ്റുകള്‍ എന്നിവയില്‍നിന്ന് സംരക്ഷിത കവചമാകുമെന്നതിനാല്‍ ഇത്തരം ഗുഹകള്‍ അടിയന്തര ചാന്ദ്ര അഭയമാകാം.
ഒരു ദശാബ്ദത്തിനു മുമ്പാണ് ചാന്ദ്ര ഓര്‍ബിറ്ററുകള്‍ ചന്ദ്രനില്‍ ആദ്യമായി കുഴികള്‍ കണ്ടെത്തിയത്. ഭൂഗര്‍ഭ ഗുഹകളായ ലാവ ട്യൂബുകള്‍ അഗ്നിപര്‍വത പ്രക്രിയകളിലൂടെ രൂപപ്പെടുന്ന ഭൂഗര്‍ഭ തുരങ്കങ്ങളുമായി ബന്ധിപ്പിക്കുന്ന 'സ്‌കൈലൈറ്റുകള്‍' ആണെന്ന് കരുതപ്പെടുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശാന്തിയുടെ കടല്‍ കുഴിയുടെ അടിയില്‍ 10 മീറ്റര്‍ വരെ വീതിയില്‍ പാറക്കല്ലുകള്‍ ചിതറിക്കിടക്കുന്നതായി എല്‍ആര്‍ഒയില്‍നിന്ന് നേരത്തേ എടുത്ത ചിത്രങ്ങള്‍ കാണിക്കുന്നു. എന്നാല്‍ കുഴി അടച്ചതാണോ അതോ മേല്‍ക്കൂര തകര്‍ന്ന ലാവ ട്യൂബ് പോലെയുള്ള ഭൂഗര്‍ഭ ഗുഹയിലേക്കുള്ള പ്രവേശന കേന്ദ്രമായി പ്രവര്‍ത്തിച്ചതാണോ എന്ന് വ്യക്തമല്ല.