എല്ലാ മനുഷ്യരും നിര്‍മിക്കപ്പെട്ടിരിക്കുന്നത് പദാര്‍ഥങ്ങളാലാണ്. മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോഴാണ് ഈ പദാര്‍ഥം(മാറ്റർ) ഉണ്ടായത്. വിസ്ഫോടന സമയത്ത് പദാർഥങ്ങൾ ആദ്യം വികസിക്കുകയും പിന്നീട് ഒരുപാട് നൂറ്റാണ്ടുകള്‍ കൊണ്ട് ഇവയെല്ലാം സങ്കോചിച്ച് ക്ഷീരപഥവും സൗരയൂഥവും ഭൂമിയുമൊക്കെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഈ പരിണാമത്തിന്റെ രഹസ്യം മനസിലാക്കാനായി പ്രപഞ്ചത്തിലെ പദാര്‍ഥങ്ങളുടെ വിതരണത്തിന്റെ ഒരു മാപ് സൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകര്‍. പ്രപഞ്ച രഹസ്യത്തിലേക്ക് വഴിതുറക്കുന്ന കണ്ടെത്തലാകാം ഇതെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
ചിക്കാഗോ സർവകലാശാലയിലെയും ഫെര്‍മി നാഷണല്‍ ലബോറട്ടറിയിലെയും സംഘമാണ് നിർണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്
പ്രപഞ്ചത്തിലുടനീളം പദാര്‍ഥം ഇന്ന് കാണുന്ന രീതിയിൽ എങ്ങനെ വ്യാപിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും കൃത്യമായ അളവുകോലുകളിലൊന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിക്കാഗോ സർവകലാശാലയിലെയും ഫെര്‍മി നാഷണല്‍ ആക്‌സിലറേറ്റര്‍ ലബോറട്ടറിയിലെയും (ഫെര്‍മിലാബ്) സംഘമാണ് പ്രപഞ്ചത്തിന്റെ പരിണാമത്തെ മനസിലാക്കുന്നതിലേക്ക് നയിക്കാവുന്ന നിർണായക മാപ്പിങ് നടത്തിയത്.
പ്രപഞ്ചത്തിലെ രണ്ട് പ്രധാന ടെലിസ്‌കോപ്പ് സര്‍വെകളായ ഡാര്‍ക്ക് എനര്‍ജി സര്‍വെ, സൗത്ത് പോള്‍ ടെലിസ്‌കോപ്പ് എന്നിവയില്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷക സംഘം ഇതിനായി സംയോജിപ്പിച്ചത്. പ്രപഞ്ചത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഉത്ഭവിച്ച് ആകാശത്ത് ഇപ്പോഴും സഞ്ചരിക്കുന്ന വികിരണത്തിന്റെ മങ്ങിയ അടയാളങ്ങൾക്കായാണ് ഗവേഷകർ തിരയുന്നത്. 150 ഗവേഷകരടങ്ങുന്ന സംഘമാണ് കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.
പുതിയ കണ്ടെത്തലിലൂടെ ഈ സിദ്ധാന്തം തെറ്റാകാനുള്ള സാധ്യതയാണ് തുറക്കുന്നത്
നേരത്തേ പ്രതീക്ഷിച്ചിരുന്നതു പോലെ പ്രപഞ്ചത്തിലെ പദാര്‍ഥം കട്ടപിടിച്ച രൂപത്തിലല്ലെന്നതാണ് പ്രധാന കണ്ടെത്തല്‍. മഹാവിസ്ഫോടനസമയത്ത് പ്രപഞ്ചം ഘനീഭവിച്ച് അത്യധികമായ താപം കാരണം പൊട്ടിത്തെറിച്ച് പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയസുകളും രൂപപ്പെട്ടതായാണ് നിലവിലെ മാതൃക സൂചിപ്പിക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ഹൈഡ്രജൻ, ഹീലിയം ആറ്റങ്ങളും ഉത്ഭവിച്ചു. എന്നാല്‍ പുതിയ കണ്ടെത്തലിലൂടെ ഈ സിദ്ധാന്തം തെറ്റാകാനുള്ള സാധ്യതയാണ് തുറക്കുന്നത്.
രണ്ട് വ്യത്യസ്ത ദൂരദര്‍ശിനികളില്‍ നിന്നുള്ള വിവരങ്ങള്‍ പരസ്പര പൂരകങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗവേഷക സംഘത്തിന്റെ മേധാവി ചിഹ്വേ ചാങ് പറയുന്നു. അതുകൊണ്ട് തന്നെ ഇത് കൂടുതല്‍ ശക്തിയുള്ള അളവുകോലായി മാറുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. രണ്ട് ദൂരദര്‍ശിനികളിലെയും വിവരങ്ങള്‍ കര്‍ശനമായി വിശകലനം ചെയ്യുന്നതിലൂടെ, പ്രപഞ്ചത്തില്‍ പദാര്‍ഥത്തിന്റെ അവസാനം എവിടെയെന്നും ശാസ്ത്രജ്ഞര്‍ക്ക് അനുമാനിക്കാന്‍ കഴിയും.