ഭൂമിയിലെന്ന പോലെ നിരവധി പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുന്നയിടമാണ് ബഹിരാകാശം. അവിടെ ആധിപത്യം ഉറപ്പിക്കാനുള്ള സൂപ്പർ പവർ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഈ മേഖലയിൽ അഭൂതപൂർവമായ നേട്ടം കൊയ്ത അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വൻ ശക്തികൾ തങ്ങളുടെ സ്ഥാനം നിലനിർത്താൻ നിരന്തര ശ്രമങ്ങളിലാണ്. ഉപഗ്രഹ വിക്ഷേപണരംഗത്തെ ഭീഷണി പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക ഉപഗ്രഹശൃംഖല വിക്ഷേപിക്കാൻ തയാറെടുക്കുന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്.
ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളെ പ്രവർത്തനരഹിതമാക്കാനോ നശിപ്പിക്കാനോ കഴിവുള്ള ബഹിരാകാശ വാഹനങ്ങളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് അമേരിക്കയുടെ പുതിയ ദൗത്യം. സൈലന്റ് ബാർക്കർ എന്ന പേരിൽ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹശൃംഖല ഒരുക്കുന്നത്. ഇത്തരത്തിലുള്ള ആദ്യ ഉപഗ്രഹശൃംഖലയായിരിക്കും ഇത്. ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഉടൻ നടക്കും.
ഭൂമിയിൽനിന്ന് നിയന്ത്രിക്കപ്പെടുന്ന സെൻസറുകളും ഉൾപ്പെടുന്നതാണ് സൈലന്റ് ബാർക്കർ ശൃംഖല. ഭൂസ്ഥിര ഭ്രമണപഥമെന്ന് വിളിക്കുന്ന ഭൂമിയിൽനിന്ന് 22,000 മൈൽ ( 35,400 കി.മീ ) ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രങ്ങൾ വിന്യസിക്കുക. എന്നാൽ എത്ര ഉപഗ്രഹങ്ങൾ ഉൾപ്പെടുന്നതാണ് ഈ ശൃംഖലയെ യുഎസ് ബഹിരാകാശ സേന ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഉപഗ്രഹ വിക്ഷേപണ രംഗത്ത് നടക്കുന്ന കടുത്ത മത്സരങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ അമേരിക്കയുടെ പുതിയ നീക്കം. മറ്റൊരു ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പുതിയവ വിക്ഷേപിക്കാനും ഭ്രമണം ചെയ്ത് കൊണ്ടിരിക്കുന്നവയെ നീക്കം ചെയ്യാനുമുള്ള റഷ്യയുടെയും ചൈനയുടെയും ഉദ്യമങ്ങളെ തടയിടുകയെന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ബഹിരാകാശത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെ മനസിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ഈ സംവിധാനത്തിലൂടെ അമേരിക്കയ്ക്ക് സാധ്യമാകും.
നിലവിൽ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പാതയിലെ മറ്റ് വസ്തുക്കളുടെ സാന്നിധ്യം മനസിലാക്കാൻ ചില ബുദ്ധിമുട്ടുകളുണ്ട്. ദൂരം, ഭൂമിശാസ്ത്രം, കാലാവസ്ഥ എന്നിവയൊക്കെയാണ് പരിമിതികൾ. എന്നാൽ സൈലന്റ് ബാർക്കർ ഈ കുറവുകൾ നികത്തി അപകടകാരികളായ വസ്തുക്കളെ കണ്ടെത്തും.
ബോയിങ് കോ-ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പറേഷന്റെ യുണൈറ്റഡ് ലോഞ്ച് അലയൻസ് പ്രവർത്തിപ്പിക്കുന്ന അറ്റ്‌ലസ് വി ബൂസ്റ്ററിൽ ജൂലൈയ്ക്ക് ശേഷമാകും സൈലന്റ് ബാർക്കർ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.
ചൈനയുടെ പക്കൽ അമേരിക്കയുടെ ഉപഗ്രഹങ്ങളെ അക്രമിക്കാൻ ലക്ഷ്യമിട്ടുള്ള ആയുധങ്ങളുഉണ്ടെന്നാണ് യുഎസ് നാഷണൽ ഇന്റലിജൻസ് ഓഫീസിന്റെ കണ്ടെത്തൽ. 2021 ൽ വിക്ഷേപിച്ച ചൈനയുടെ ഉപഗ്രഹമാണ് എസ് ജെ- 21. ചൈനയുടെ തന്നെ പ്രവർത്തനരഹിതമായ ഉപഗ്രഹത്തെ ഉയർന്ന മറ്റൊരു ഭ്രമണപഥത്തിലേക്ക് വലിച്ചിടാനായിട്ടാണ് ഇത് വിക്ഷേപിച്ചത്. എന്നാൽ എസ് ജെ- 21 മറ്റു ഭൂസ്ഥിര ഉപഗ്രഹഗങ്ങൾക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ അപകടകാരിയായ ബഹിരാകാശ വാഹനങ്ങളെ കണ്ടെത്താൻ സൈലന്റ് ബാർക്കർ ശൃംഖലയ്ക്കാകും.