ഉരഗവര്‍ഗത്തില്‍പ്പെട്ട ജീവികളായ പാമ്പുകള്‍ക്ക് ശബ്ദം തിരിച്ചറിയാന്‍ കഴിയുമെന്ന് പഠനം. പാമ്പുകള്‍ക്ക് കേള്‍വി ശക്തിയില്ലെന്നും പ്രതലത്തിലെ പ്രകമ്പനങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവ പ്രതികരിക്കുന്നത് എന്നുമുള്ള നിലവിലെ ധാരണകളെയാണ് പുതിയ പഠനം പൊളിച്ചെഴുതുന്നത്. ഓസ്ട്രേലിയയിലെ യുക്യു സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ ഡോ. ക്രിസ്റ്റീന സെഡെനക് , ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ പ്രൊഫസര്‍ ഡാമിയന്‍ കാന്‍ഡുസോ എന്നിവര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പ്രതീക്ഷിക്കുന്നതിലും വളരെ ഉയര്‍ന്നതാണ് പാമ്പുകളുടെ ശ്രവണ ശക്തിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പ്രതീക്ഷിക്കുന്നതിലും വളരെ ഉയര്‍ന്നതാണ് പാമ്പുകളുടെ ശ്രവണ ശക്തി
പുറമേ കാണും വിധത്തില്‍ ചെവികള്‍ ഇല്ലാത്തത് കാരണം അവയ്ക്ക് പ്രകമ്പനങ്ങളെ മാത്രമെ തിരിച്ചറിയാനാകു എന്ന ധാരണയാണ് പൊതുവെ നിലനില്‍ക്കുന്നത്. എന്നാല്‍ കാഴ്ച ശക്തിയേയും രുചിയേയും അപേക്ഷിച്ച് പാമ്പുകള്‍ക്ക് കേള്‍വി ശക്തി കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
പൂജ്യം മുതല്‍ 450 ഹെര്‍ട്‌സ് ദൈര്‍ഘ്യം വരേയുള്ള ശബ്ദമാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്
ലോകത്താകമാനം 520 ഇനങ്ങളിലായി 3,900ത്തോളം സ്പീഷിസ് പാമ്പുകള്‍ ലോകത്തുണ്ട്. ഇതിലെ വിവിധ തരത്തിലുള്ള 19 പാമ്പുകളെയാണ് പഠനത്തിന് ഉപയോഗിച്ചത്. ഇവയില്‍ തന്നെ പല പാമ്പുകളും പല തരത്തിലാണ് ശബ്ദ പരീക്ഷണങ്ങളോട് പ്രതികരികരിച്ചത്. പൂജ്യം മുതല്‍ 450 ഹെര്‍ട്‌സ് ദൈര്‍ഘ്യം വരേയുള്ള ശബ്ദമാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്. മൂന്ന് ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ കേള്‍പ്പിച്ചായിരുന്നു പരിശോധന. പരിപൂര്‍ണ നിശബ്ദതയില്‍ 1-150 ഹെര്‍ട്സ്, 150-300 ഹെര്‍ട്സ് , 300-450 ഹെര്‍ട്സ് എന്നിങ്ങനെയുള്ള ആവൃത്തിയിലായിരുന്നു ശബ്ദങ്ങള്‍ പുറപ്പെടുവിച്ചത്. വൈബ്രേഷന്‍ ഉണ്ടാക്കുന്ന തരത്തിലും അല്ലാത്ത തരത്തിലുമുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ചും ഗവേഷണം നടത്തിയതെന്നാണ് ഡോ. ക്രിസ്റ്റിന സ്ഡെനക്ക് വ്യക്തമാക്കുന്നു.
വോമാ പെരുമ്പാമ്പ് മാത്രമാണ് ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് നീങ്ങിയത്
നിശ്ചിത വ്യാപ്തിയില്‍ ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ വോമാ പെരുമ്പാമ്പ് മാത്രമാണ് ശബ്ദത്തിന്റെ ഉറവിടത്തിലേക്ക് നീങ്ങിയത്. തായ്പാന്‍, ബ്രൗണ്‍ പാമ്പുകള്‍, തുടങ്ങിയവയെല്ലാം ശബ്ദം വരുന്നിടത്ത് നിന്ന് അകന്നുപോകാന്‍ ശ്രമിക്കുകയാണ് ചെയ്തത്. പല ശബ്ദങ്ങളോടും പാമ്പുകള്‍ പ്രതികരിക്കുന്ന രീതി വ്യത്യാസമുണ്ട്. എന്നാല്‍ ഈ പ്രതികരണങ്ങള്‍ പാമ്പുകള്‍ക്ക് ശ്രവണ ശേഷിയുണ്ടെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.