ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ബഹിരാകാശ നടത്ത ദൗത്യം 'പൊളാരിസ് ഡോൺ' വിക്ഷേപണം വൈകുന്നു. പേടകത്തിൽനിന്ന് ഹീലിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് നടത്താനിരുന്ന ദൗത്യം മാറ്റിവെച്ചത്. ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ് കമ്പനിയുടെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയായ മെഡിക്കൽ വിദഗ്ധൻ ഡോ. അനിൽ മേനോന്റെ പങ്കാളി അന്ന മേനോനും ഭാഗമാണ്. നാളെ തന്നെ വിക്ഷേപണം നടക്കുമെന്നാണ് നിലവിൽ സ്‌പേസ് എക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.
പ്രൊഫഷണൽ അല്ലാത്ത ബഹിരാകാശയാത്രികരുടെ 'സ്പേസ് വാക്' എന്ന സുപ്രധാന നേട്ടത്തിനരികെയാണ് സ്‌പേസ് എക്സ്. ഈ ദൗത്യം ആദ്യത്തേതും ആദ്യത്തെ സിവിലിയൻ ബഹിരാകാശ നടത്തവും ഉൾപ്പെടുമായിരുന്നു. പൊളാരിസ് ഡോൺ എന്ന പേരിലുള്ള അഞ്ചുദിന ദൗത്യത്തിൽ അന്നയുൾപ്പെടെ നാല് ബഹിരാകാശ യാത്രികരാണുള്ളത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇവരുടെ യാത്ര.
ഷിഫ്റ്റ്4 പേയ്മെന്റ്സ് സിഇഒ ജാറഡ് ഐസക്മാൻ, സ്പേസ് എക്സ് എൻജിനീയർമാരായ സാറാ ഗിലിസ്, അന്ന മേനോൻ, യുഎസ് എയർഫോഴ്സ് മുൻ പൈലറ്റായ ഇരുപതുകാരൻ സ്കോട്ട് പൊറ്റീറ്റ് എന്നിവരാണ് സംഘാംഗങ്ങൾ. ഇതുവരെ പരിശീലനം ലഭിച്ച, സർക്കാരിന്റെ ഭാഗമായി നടക്കുന്ന ബഹിരക്ഷ ദൗത്യത്തിന്റെ ഭാഗമായവർ മാത്രമാണ് 'സ്പേസ് വാക്' നടത്തിയിട്ടുള്ളത്.
സ്‌പേസ് എക്സ് ദൗത്യത്തിനായുള്ള ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂൾ ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 870 മൈൽ ദൂരത്തേക്ക് സഞ്ചരിക്കും. വാൻ അലൻ റേഡിയേഷൻ ബെൽറ്റിൻ്റെ ഉൾപ്രദേശങ്ങളിലൂടെയും പേടകം പര്യവേക്ഷണം നടത്തും.
ബഹിരാകാശ സഞ്ചാരികളിലും ബഹിരാകാശ പേടകത്തിലും ബഹിരാകാശ വികിരണമുണ്ടാക്കുന്ന പ്രതിഭലനങ്ങളും പോളാരിസ് ഡോൺ ദൗത്യം നിരീക്ഷിക്കും. ഈ ഗവേഷണം ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ സ്പേസ്എക്‌സിനെ സഹായിക്കുമെന്നാണ് കരുതുന്നത്.