ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിലെ യന്ത്രതകരാറുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്‌പേസ് എക്‌സിന്റെ ക്രൂ 9 ദൗത്യമാണ് ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസ്, ബച്ച് വില്‍മോര്‍ എന്നിവരെ തിരികെ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമാണ് നിലവില്‍ പേടകത്തിലുള്ളത്
ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്നാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ആണ് ക്രൂ 9 പേടകവുമായി ബഹിരാകാശത്തേക്ക് തിരിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമാണ് നിലവില്‍ പേടകത്തിലുള്ളത്. സുനിത വില്യംസ് ബച്ച് വില്‍മോര്‍ എന്നിവര്‍ക്കായി രണ്ട് ഒഴിഞ്ഞ സീറ്റുകളും സ്‌പേസ് എക്‌സിന്റെ പേടകത്തിലുണ്ട്. ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് നാസയുമായി ചേര്‍ന്ന നടത്തുന്ന രക്ഷാ ദൗത്യം ആരംഭിച്ചതായി നാസ മേധാവി ബില്‍ നെല്‍സണും സ്ഥിരീകരിച്ചു. ബഹിരാകാശ ദൗത്യങ്ങളുടെ ആവേശകരമായ കാലഘട്ടം എന്നായിരുന്നു നാസ മേധാവിയുടെ പ്രതികരണം. സ്‌പേസ് എക്‌സിന്റെ പേടകത്തില്‍ സുനിത വില്യംസും ബച്ച് വില്‍മോറും ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരിച്ചെത്തുകയെന്ന് നാസ നേരത്തെ അറിയിച്ചിരുന്നു.
ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറില്‍ വില്‍മോറും സുനിതയും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിമായിരുന്നു നിശ്ചയിച്ചിരുന്നത്. സഞ്ചാരത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ തകരാറുകള്‍ കണ്ടത്തിയിരുന്നു. പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ (ദിശ മാറ്റാന്‍ സഹായിക്കുന്ന ചെറിയ റോക്കറ്റ്) അഞ്ചെണ്ണം തകരാറിലായിരുന്നു. ഇത് ഹീലിയത്തിന്റെ ചോര്‍ച്ചയിലേക്കു നയിക്കുകയായിരുന്നു. സുനിതയെയും വില്‍മോറിനെയും സ്റ്റാര്‍ലൈനറില്‍ തിരിച്ചുകൊണ്ടുവരുന്നത് ഏറെ ദുഷ്‌കരമാണെന്ന് നാസ വിലയിരുത്തിയതിനെത്തുടര്‍ന്ന് സ്റ്റാര്‍ലൈനര്‍ തനിച്ച് ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
സെപ്തംബര്‍ എഴിനായിരുന്നു സുനിത വില്യംസും ബച്ച് വില്‍മോറും ഇല്ലാതെ ബോയിങ്ങിന്റെ ബഹിരാകാശ പേടകം സ്റ്റാര്‍ലൈനര്‍ ഭൂമയില്‍ മടങ്ങിയെത്തയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നു സെപ്തബര്‍ ആറിന് വൈകീട്ട് ആറിനു പുറപ്പെട്ട പേടകം ആറു മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ന്യൂ മെക്‌സിക്കോ മരുഭൂമിയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറിലാണ് ലാന്‍ഡ് ചെയ്തത്.