Science

ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-08 വിക്ഷേപണം സ്വാതന്ത്ര്യദിനത്തില്‍; എസ്എസ്എല്‍വി റോക്കറ്റിന്റെ അവസാന പ്രദര്‍ശനവിക്ഷേപണം

ഐഎസ്ആര്‍ഒയുടെ ഏറ്റവും കുഞ്ഞന്‍ റോക്കറ്റായ എസ്എസ്എല്‍വിയുടെ ഡി3 പതിപ്പിലാണ് ഇഒഎസ്-08നെ ഭ്രമണപഥത്തില്‍ എത്തിക്കുക

വെബ് ഡെസ്ക്

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08ന്റെ വിക്ഷേപണം ഓഗസ്റ്റ് 15ന്. രാവിലെ 9.17നു ശ്രീഹരിക്കോട്ടയില്‍നിന്ന് എസ്എസ്എൽവി ഡി-3 റോക്കറ്റ് ഉപയോഗിച്ചാണു വിക്ഷേപണം. പാരിസ്ഥിതിക നിരീക്ഷണം മുതല്‍ ദുരന്തനിവാരണവും ഗഗയന്‍യാന്‍ ദൗത്യത്തിനുവേണ്ടിയുള്ള സാങ്കേതികവിദ്യയുടെ അവതരണവും ലക്ഷ്യമിടുന്നതാണ് ഇഒഎസ്-08 എന്ന ചെറു ഉപഗ്രഹം. 175.5 കിലോഗ്രാമാണ് ഭാരം.

മൈക്രോസാറ്റ്/ഐ എം എസ് -1 ബസില്‍ നിര്‍മിച്ച ഇ ഒ എസ് -08മൂന്ന് പ്രധാന പേലോഡുകളാണ് വഹിക്കുന്നത്. ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് (ഇഒഐആര്‍), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി (ജിഎന്‍എസ്എസ്-ആര്‍), സിക് യുവി ഡോസിമീറ്റര്‍ എന്നിവയാണവ.

ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം, ദുരന്ത നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, തീപിടിത്ത നിരീക്ഷണം, അഗ്‌നിപര്‍വത നിരീക്ഷണം, വ്യാവസായിക- വൈദ്യുതനിലയ ദുരന്ത നിരീക്ഷണം എന്നിവയുടെ കാര്യത്തില്‍ രാപകൽ മിഡ്-വേവ് ഐആര്‍ (എംഐആര്‍), ലോങ്-വേവ് ഐആര്‍ (എല്‍ഡബ്ല്യുഐആര്‍) ബാന്‍ഡുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന തരത്തിലാണ് ഇഒഐആര്‍ പേലോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജിഎന്‍എസ്എസ്-ആര്‍ അടിസ്ഥാനമാക്കിയുള്ള റിമോട്ട് സെന്‍സിങ് ഉപയോഗിക്കുന്നതിനുള്ള കഴിവുള്ള ജിഎന്‍എസ്എസ്-ആര്‍ പേലോഡ് സമുദ്രോപരിതലത്തിന്റെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈര്‍പ്പം വിലയിരുത്തല്‍, ഹിമാലയന്‍ മേഖലയിലെ ക്രയോസ്ഫിയര്‍ പഠനം, വെള്ളപ്പൊക്കം കണ്ടെത്തല്‍, ഉള്‍നാടന്‍ ജലാശയങ്ങള്‍ നിരീക്ഷിക്കല്‍ തുടങ്ങിയവയ്ക്കുവേണ്ടിയുള്ളതാണ്.

അതേസമയം, മനുഷ്യരെ വഹിച്ചുള്ള ഇന്ത്യയുടെ ബഹിരാകാശായാത്രാ ദൗത്യമായ ഗഗന്‍യാനിലെ ക്രൂ മൊഡ്യൂളിന്റെ വ്യൂപോര്‍ട്ടില്‍ യുവി വികിരണം നിരീക്ഷിക്കുകയും ഗാമാ വികിരണത്തിനുള്ള ഉയര്‍ന്ന ഡോസ് അലാറം സെന്‍സറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് സിക് യുവി ഡോസിമീറ്റര്‍.

ഐഎസ്ആര്‍ഒയുടെ ഏറ്റവും കുഞ്ഞന്‍ റോക്കറ്റാണ് ഇഒഎസ്-08നെ ഭ്രമണപഥത്തില്‍ എത്തിക്കുന്ന എസ്എസ്എല്‍വി. ഈ റോക്കറ്റിന്റെ മൂന്നാമത്തെയും അവസാനത്തെയും പ്രദര്‍ശന വിക്ഷേപമാണിത്. ഈ വിക്ഷേപണം വിജയിക്കുന്നതോടെ എസ്എസ്എല്‍വി സാങ്കേതികവിദ്യ ഉല്‍പ്പാദനത്തിനായി സ്വകാര്യമേഖലയ്ക്കു കൈമാറാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. എസ്എസ്എല്‍വി സാങ്കേതിക വിദ്യ ഇന്ത്യയിലെ സ്വകാര്യമേഖലയ്ക്കു കൈമാറുന്നതിന് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്പേസ്) കഴിഞ്ഞവര്‍ഷം ജൂലൈയില്‍ താല്‍പ്പര്യപത്രം പുറപ്പെടുവിച്ചിരുന്നു.

ചെറു ഉപഗ്രഹങ്ങള്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ വിക്ഷേപണവാഹനമാണ് എസ്എസ്എല്‍വി. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വിക്ഷേപണത്തിനു സജ്ജമാക്കാമെന്നതാണ് ഈ റോക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇന്ത്യന്‍ ബഹിരാകാശമേഖല സ്വകാര്യമേഖലയ്ക്കു കേന്ദ്രസര്‍ക്കാര്‍ തുറന്നിട്ടതിനെത്തുടര്‍ന്നു ധാരാളം സ്റ്റാര്‍ട്ടപ്പുകളാണ് ഈ രംഗത്തേക്കു വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എസ്എസ്എല്‍വിക്കു വളരെയധികം സാധ്യതയുണ്ടെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍