Science

മൂലകോശങ്ങളുപയോഗിച്ച് ചികിത്സ; കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമായേക്കുമെന്ന് ശാസ്ത്രലോകം

മൂലകോശങ്ങളുപയോഗിച്ച് ഭേദമാക്കിയത് ഫിന്‍ലി എന്ന രണ്ടു വയസ്സുകാരന്റെ ഹൃദയത്തിലെ തകരാർ

വെബ് ഡെസ്ക്

ലോകത്താദ്യമായി മറുപിള്ളയില്‍ നിന്നുള്ള മൂലകോശങ്ങളുപയോഗിച്ച് ജീവന്‍ രക്ഷിച്ചതായി ബ്രിസ്‌റ്റോള്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധർ. ഫിന്‍ലി എന്ന രണ്ട് വയസുകാരന്റെ ഹൃദയത്തിലെ തകരാറാണ് മൂലകോശങ്ങളുപയോഗിച്ച് ഭേദമാക്കിയത്. ഈ സാങ്കേതിക വിദ്യ കൂടുതല്‍ വികസിപ്പിക്കുന്നതിലൂടെ ജന്മനാ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താതെ തന്നെ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ മസ്സിമോ ക്യാപുറ്റോ അവകാശപ്പെടുന്നു. ഫിന്‍ലി ഇപ്പോള്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

മസ്സിമോ ക്യാപുറ്റോ

ഹൃദയത്തിലെ രക്തക്കുഴലുകളുടെ സ്ഥാനം മാറിയ നിലയിലായിരുന്നു ഫിന്‍ലിയുടെ ജനനം. ജനിച്ച് നാലാം ദിവസം ബ്രിസ്റ്റോള്‍ റോയല്‍ ആശുപത്രിയില്‍ വെച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് ഫിന്‍ലിയെ വിധേയനാക്കി. എന്നാല്‍ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായില്ല എന്നു മാത്രമല്ല കുട്ടിയുടെ അവസ്ഥ കൂടുതല്‍ മോശമാവുകയും ചെയ്തു. ഹൃദയത്തിന്റെ ഇടതു ഭാഗത്ത് രക്തയോട്ടം അസാധാരണമായി കുറഞ്ഞതും നില ഗുരുതരമാക്കി. കുട്ടി അതിജീവിക്കാന്‍ സാധ്യതയില്ലെന്ന നിലയില്‍ മനസ്സിനെ ആദ്യം മുതലേ പാകപ്പെടുത്തിയിരുന്നെന്ന് ഫിന്‍ലിയുടെ അമ്മയായ മെലിസ്സ പറയുന്നു.

ഫിന്‍ലിയും മെലിസ്സയും

ആഴ്ചകളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത് മരുന്നുകളുടെ സഹായത്തോടെയായിരുന്നു. തുടര്‍ന്നാണ് നൂതന സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ തീരുമാനിക്കുന്നത്. രക്തക്കുഴലുകളെ വളരാന്‍ സഹായിക്കുന്ന ലക്ഷക്കണക്കിന് കോശങ്ങള്‍ കുട്ടിയുടെ ഹൃദയത്തിലേക്ക് കുത്തി വെക്കുകയായിരുന്നു. മറുപിള്ളയില്‍ നിന്നെടുത്ത കോശങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇതിലൂടെ കുട്ടിയെ മരുന്നുകളില്‍ നിന്ന് രക്ഷിക്കാനായെന്ന് ക്യാപുറ്റോ വ്യക്തമാക്കുന്നു.

എന്താണ് മൂലകോശങ്ങള്‍?

എല്ലാ ബഹുകോശജീവികളിലും കാണപ്പെടുന്നതും വിഭജനം നടത്തി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുവാൻ കഴിവുള്ളതും ആയ കോശങ്ങളാണ് മൂലകോശങ്ങൾ. വൈവിധ്യമാർന്ന പുതിയ കോശങ്ങളെ പിന്നീട് ആവശ്യാനുസരണം നിർമ്മിക്കാൻ ഇവയ്ക്ക് കഴിവുണ്ട്. യഥാർഥത്തിൽ ഇവ പ്രത്യേകമായി രൂപഭേദമോ വികാസമോ പ്രാപിച്ചിട്ടില്ലാത്തവയാണ്. ഇവയെ പ്രത്യേക പരീക്ഷണ സാഹചര്യങ്ങളിൽ ഉത്തേജിപ്പിച്ച് ആവശ്യമായ കോശങ്ങളെ നിർമ്മിച്ചെടുക്കാവുന്നതാണ്. മനുഷ്യരിൽ 3 മുതൽ 5 വരെ ദിവസം മാത്രം പ്രായമുള്ള ഭ്രൂണങ്ങളിൽ നിന്ന് കാലക്രമേണ ശരീരനിർമ്മാണത്തിനും മറ്റ് ശാരീരിക പ്രവർത്തനങ്ങൾക്കുമാവശ്യമായ അസ്ഥികലകളെല്ലാം രൂപപ്പെടുന്നു.

മൂലകോശങ്ങളുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. രക്താർബുദം പോലെയുള്ള രോഗങ്ങളുടെ ചികിത്സയിൽ ആശാവഹമായ മുന്നേറ്റമുണ്ടാക്കാൻ മൂലകോശ പഠനങ്ങൾക്ക് കഴിയുന്നു. പാർക്കിൻസൺസ്, അമൈലോട്രോഫിക്ക് ലാറ്ററൽ സ്ക്ളീറോസിസ്, മൾട്ടിപ്പിള്‍ സ്ക്ളിറോസിസ്, പേശീനാശം എന്നിവയുടെ ചികിത്സയ്ക്കും ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. രോഗ ബാധിതമായി നശിച്ചുപോയതോ പ്രവർത്തനരഹിതമായതോ ആയ അവയവങ്ങളെ മൂലോശങ്ങളുടെ സഹായത്തോടെ പുതിയ കോശങ്ങളുണ്ടാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയയാണ് മൂല കോശ ചികിത്സ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ