കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന വാർത്ത വീണ്ടും ചർച്ചയാവാൻ തുടങ്ങിയിരിക്കുകയാണ്. കോസ്റ്റാറിക്കൻ മൃഗശാലയിൽ ഒരു മുതല ഇണ ചേരാതെ പ്രസവിച്ചതിന് പിന്നാലെയാണ് ഇതേക്കുറിച്ച് വീണ്ടും സംവാദങ്ങൾ ഉയർന്നിരിക്കുന്നത്. ഇപ്പോഴിതാ ആദ്യകാല ഉരഗങ്ങളും പക്ഷികളും തങ്ങളുടെ കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കാമെന്ന പഠനത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ബ്രിസ്റ്റോൾ സർവകലാശാല.
51 ഫോസിൽ സ്പീഷീസുകളിലും 29 ജീവജാലങ്ങളിലും നടത്തിയ പഠനം പ്രകാരം, ആദ്യത്തെ അമ്നിയോട്ടുകളിൽ (amniotes) വിപുലീകൃത ഭ്രൂണ നിലനിർത്തലും( Extended Embryo Retention) വിവിപാരിറ്റിയും (viviparity) ഉണ്ടെന്നും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്നും പഠനം വെളിപ്പെടുത്തി. ഇത് നീണ്ട കാലയളവായി നിലനിൽക്കുമെന്നും പഠനത്തിൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് നേരിട്ട് ജന്മം നൽകുന്ന മൃഗങ്ങളാണ് വിവിപാരസ് മൃഗങ്ങൾ. മറുവശത്ത്, അണ്ഡാശയ മൃഗങ്ങൾ അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നില്ല. പകരം, അവർ ബീജസങ്കലനം ചെയ്തതോ അല്ലാത്തതോ ആയ മുട്ടകളാണ് ഇടുക. നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷൻ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. സസ്തനികൾ, പല്ലി വർഗത്തിൽപ്പെട്ട ഉരഗങ്ങൾ, ദിനോസറുകൾ, പക്ഷികൾ എന്നിവയെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
വളരെക്കാലമായി, ശാസ്ത്രജ്ഞർ കട്ടിയുളള ഷെല്ലുകളോടു കൂടിയ മുട്ടകളെ പരിണാമത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി കണക്കാക്കിയിരുന്നു. എന്നാൽ ഈ പുതിയ ഗവേഷണം സൂചിപ്പിക്കുന്നത്, വിപുലീകൃത ഭ്രൂണ നിലനിർത്തലാണ് (ഇഇആർ) ഈ കൂട്ടം മൃഗങ്ങൾക്ക് ആത്യന്തിക സംരക്ഷണം നൽകിയതെന്നാണ്. അമ്നിയോട്ടുകൾക്ക് മുമ്പ്, ഫിഷ് ഫിനുകളിൽ നിന്ന് കൈകാലുകൾ പരിണമിച്ച ആദ്യത്തെ ടെട്രാപോഡുകൾ ഉഭയജീവികളായിരുന്നു. കൈകാലുകളുടെ രൂപത്തിൽ രണ്ടു ജോടി അവയവങ്ങൾ ഉള്ള കശേരുകികളുടെ വർഗത്തെ ടെട്രാപോഡുകൾ എന്നാണ് പറയുക. ഉഭയജീവികൾ (Amphibians), ഉരഗങ്ങൾ (Reptiles), പക്ഷികൾ (Aves), സസ്തനികൾ (Mammals) എന്നിവ ടെട്രാപോഡിൽ ഉൾപ്പെടും. ഇവയിൽ, ഉഭയജീവികൾക്കും ഉരഗങ്ങൾക്കും കരയിലും കടലിലും ജീവിക്കാനുളള കഴിവുണ്ട്. ടെട്രാപോഡുകളിൽ ആദ്യമുണ്ടായത് ഉഭയജീവികൾ (Amphibia) ആണ്.
കശേരുക്കളുടെ ഉത്പത്തിക്കുശേഷം കരയിൽ ജീവിക്കുന്നതിനു പ്രാപ്തി നേടിയ ആദ്യ ജീവി വർഗമാണിത്. ഏകദേശം 320 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അമ്നിയോട്ടുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ, ജലനഷ്ടം നിയന്ത്രിക്കാൻ അനുവദിക്കുന്ന വാട്ടർപ്രൂഫ് തൊലികളും മറ്റ് സ്വഭാവ സവിശേഷതകളോടും കൂടി ഇവയ്ക്കാണ് ആദ്യം പരിണാമം ഉണ്ടായതെന്നും പഠനത്തിൽ പങ്കുവഹിച്ച മൈക്കൽ ബെന്റൺ പറഞ്ഞു. എന്നാൽ, ജീവിതചക്രം പൂർത്തിയാക്കാൻ ഉഭയജീവികൾക്ക് ജലസാന്നിധ്യം അനിവാര്യമാണ്.
നിലവിൽ നടത്തിയ പഠനമനുസരിച്ച്, ഗവേഷകർ ഫോസിലുകളിലേക്ക് നോക്കിയപ്പോൾ, വളരുന്ന കുഞ്ഞുങ്ങളെ അമ്മ അവരുടെ ശരീരത്തിനുള്ളിൽ നിലനിർത്തുന്ന ഇഇആർ, ഇന്ന് നട്ടെല്ലുള്ള ജീവികളിൽ വളരെ സാധാരണമാണെന്ന് തിരിച്ചറിഞ്ഞു. പല്ലികളിലും പാമ്പുകളിലും ഇത് വളരെ വ്യാപകവുമാണ്. ഈ മൃഗങ്ങൾക്ക് കുഞ്ഞുങ്ങളെ അവയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പുറത്ത് വിടാൻ കഴിയും. എപ്പോഴാണ് പുറത്ത് വിടേണ്ടതെന്നും അവർക്ക് കൃത്യമായി അറിയാമായിരിക്കും. കാലാവസ്ഥയും ഭക്ഷണവും എല്ലാം അനുയോജ്യമായിരിക്കുമ്പോൾ ആയിരിക്കും ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുകയെന്നും പഠനത്തിന്റെ ഭാഗമായിരുന്ന ആർമിൻ എസ്ലർ പറഞ്ഞു.