ഇന്ത്യയെ ലോകം ഉറ്റുനോക്കിയ ദിനങ്ങളാണ് കടന്നു പോകുന്നത്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ദൗത്യം ചന്ദ്രോപരിതലത്തിൽ വെന്നിക്കൊടി പാറിച്ചിരിക്കുമ്പോള്‍ കേരളത്തിലും അഭിമാനം ഏറെയാണ്. മൂന്നാം ചാന്ദ്രദൗത്യത്തിന് ചുക്കാൻ പിടിച്ച ഐഎസ്ആർഒയുടെ മുന്‍നിര ശാസ്ത്രജ്ഞരില്‍ വലിയൊരു വിഭാഗം കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. ഐഎസ്ആർഒയുടെ ചെയർമാൻ എസ് സോമനാഥ് ഉള്‍പ്പെടെ ഉദ്യമത്തിൽ ചുക്കാൻ പിടിച്ച ഏട്ട് പേരാണ് ഈ പട്ടികയിലുള്ളത്.
ഐഎസ്ആർഒ യുടെ ചെയർമാൻ കൊല്ലത്തെ ടി കെഎം (തങ്ങൾ കുഞ്ഞു മുസ്ലിയാർ) എഞ്ചിനീയറിംഗ് കോളേജിലെ പൂർവവിദ്യാർഥിയാണ്. ഇതിന് പുറമെ മോഹന കുമാർ (മിഷൻ ഡയറക്ടർ / മെക്കാനിക്കൽ), അതുല (ഇലക്‌ട്രോണിക്‌സ്), സതീഷ് (മെക്കാനിക്കൽ), നാരായണൻ (അസോസിയേറ്റ് മിഷൻ ഡയറക്ടർ / മെക്കാനിക്കൽ), മോഹൻ (മെക്കാനിക്കൽ), ഷോറ (ഇലക്‌ട്രോണിക്‌സ്), ഐഎസ്ആര്‍ഒ ഡിവിഷണല്‍ ഹെഡ് ബിന്നി ടി ആർ എന്നിവര്‍ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശീ തരൂര്‍ സാമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് കേരളത്തിന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ ഉദാഹണമാണ് ഈ നേട്ടമെന്ന് ചൂണ്ടിക്കാട്ടുക കൂടിയായിരുന്നു ശശി തരൂര്‍. രാജ്യത്തെ ഐഐടികളില്‍ മാത്രമല്ല പ്രതിഭകളെന്നു കൂടി പറഞ്ഞുവയ്ക്കുന്നുണ്ട് ശശി തരൂര്‍.
ഇന്ത്യക്കാർക്ക് ഐഐടികളോട് വലിയ മതിപ്പാണ്, പക്ഷേ നമ്മള്‍ ആദരവോടെ കാണേണ്ട മറ്റൊരു വിഭാഗമാണ് പൊതുമേഖലയെ അർപ്പണബോധത്തോടെ സേവിക്കുന്നതും ഐഎസ്ആര്‍ഒ പോലുള്ള ദേശീയ സംരംഭങ്ങളുടെ നെടുന്തുണുകളുമായ നമ്മുടെ എഞ്ചിനീയറിങ് കോളേജുകളിലെ മികച്ച വിദ്യാർത്ഥികളെന്നും തരൂര്‍ പറയുന്നു. ഐഐടിക്കാർ സിലിക്കൺ വാലിയിലേക്ക് പോയി; സിഇടിക്കാര്‍ നമ്മളെ ചന്ദ്രനിലേക്ക് കൊണ്ടുപോയി! എന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ചയാണ് രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിനുശേഷം ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽനിന്ന് പുറത്തുവന്ന പ്രഗ്യാൻ റോവർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സഞ്ചാരം തുടങ്ങിയിരിക്കുകയാണ് . എല്ലാ പ്രവർത്തനങ്ങളും പ്രതീക്ഷിച്ചത് പോലെ തന്നെ നടക്കുന്നതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. സോഫ്റ്റ് ലാൻഡിങ്ങിന് തൊട്ടുമുൻപ് പേടകം പകർത്തിയ ദൃശ്യങ്ങളും ഐഎസ്ആർഒ ഇതിനോടകം തന്നെ പങ്കുവച്ചിട്ടുണ്ട്.