Science

കോവിഡ്-19 ലോക്ഡൗണ്‍ ചന്ദ്രനെയും ബാധിച്ചു; താപനിലയില്‍ ഗണ്യമായ കുറവുണ്ടായതായി ഇന്ത്യന്‍ ഗവേഷകര്‍

വെബ് ഡെസ്ക്

2020-ലെ ആഗോള കോവിഡ് ലോക്ഡൗണുകള്‍ ചന്ദ്രനില്‍വരെ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തല്‍. ചന്ദ്രന്റെ താപനില കുറയാന്‍ ലോക്ഡൗണ്‍ കാരണമായതിന് തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗവേഷകര്‍. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പിയര്‍ റിവ്യൂഡ് പ്രതിമാസ അറിയിപ്പുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2020 ഏപ്രില്‍-മേയ് മാസങ്ങളിലെ കര്‍ശനമായ ലോക്ഡൗണ്‍ കാലയളവില്‍ ചന്ദ്രോപരിതല താപനിലയില്‍ അസാധാരണമായ കുറവുണ്ടായതായി പറയുന്നു.

2017നും 2023നും ഇടയിലായി ചന്ദ്രന് സമീപമുള്ള ആറ് വ്യത്യസ്ത ഇടങ്ങളിലെ രാത്രികാല ഉപരിതല താപനില അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍നിന്നുള്ള കെ ദുര്‍ഗപ്രസാദും ജി അമ്പിളിയും വിശകലനം ചെയ്തു. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റില്‍നിന്നുള്ള ഡേറ്റ ഉപയോഗിച്ച് നിരീക്ഷിച്ചതില്‍ മറ്റ് വര്‍ഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ലോക്ഡൗണ്‍ മാസങ്ങളില്‍ ചന്ദ്രനിലെ താപനിലയില്‍ 8-10 കെല്‍വിന്‍ വ്യത്യാസം അനുഭവപ്പെട്ടതായി ഗവേഷകര്‍ നിരീക്ഷിച്ചു.

ലോക്ഡൗണ്‍ സമയത്ത് ഭൂമിയില്‍നിന്ന് പുറത്തേക്കു പോകുന്ന വികിരണം കുറഞ്ഞതാണ് താപനില കുറയാന്‍ കാരണമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. മനുഷ്യന്റെ പ്രവര്‍ത്തനം ഗണ്യമായി കുറഞ്ഞതിനാല്‍ ഹരിതഗൃഹ വാതക ഉദ്‍വമനത്തിലും എയ്റോസോളിലും ഗണ്യമായ കുറവുണ്ടായി. ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ ചൂട് കുറയുന്നതിന് കാരണമായി.

സൈറ്റുകളിലും താരതമ്യം ചെയ്ത വര്‍ഷങ്ങളിലും ഗണ്യമായ താപനില വ്യതിയാനങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. 2020-ല്‍ സൈറ്റ്2-ല്‍ 96.2കെ ആയിരുന്നു മൊത്തത്തിലുള്ള ഏറ്റവും കുറഞ്ഞ താപനില. അതേസമയം 2022-ല്‍ സൈറ്റ്-1-ല്‍ ഏറ്റവും കുറഞ്ഞ താപനില 143.8കെ ആയിരുന്നു. 2020-ല്‍ ഭൂരിഭാഗം സൈറ്റുകളിലും ഏറ്റവും തണുപ്പുള്ള താപനില കണ്ടു. 2021ലും 22ലും ശ്രദ്ധേയമായ ചൂട് രേഖപ്പെടുത്തി.

ഭൂമിയുടെ റേഡിയേഷന്‍ സിഗ്നേച്ചറിന്റെ ആംപ്ലിഫയറായി ചന്ദ്രന്‍ പ്രവര്‍ത്തിക്കുന്നു. ഭൂമിയുടെ വികിരണ മാറ്റങ്ങളും ചന്ദ്രോപരിതല താപനിലയും തമ്മിലുള്ള ബന്ധം പൂര്‍ണമായി സ്ഥാപിക്കുന്നതിന് കൂടുതല്‍ ഡേറ്റ ആവശ്യമാണെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. ഭൂമിയുടെ കാലാവസ്ഥയും പാരിസ്ഥിതിക മാറ്റങ്ങളും പഠിക്കുന്നത് ഭാവിയില്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളില്‍ പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം