140 കോടി ജനതയുടെ കാത്തിരിപ്പ്...ലോകത്തിന്റെ ആകെ പ്രതീക്ഷ... ചാന്ദ്രപര്യവേഷണത്തില്‍ മറ്റൊരു കുതിപ്പു നടത്തിയിരിക്കുകയാണ് ഐഎസ്ആര്‍ഒ. ജൂലൈ 14 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍-3, 41ാം ദിവസം ചന്ദ്രോപരിലത്തില്‍ ഇന്ത്യന്‍ മുദ്ര പതിച്ചു. ഇനി 14 ദിനരാത്രങ്ങള്‍ പഠനങ്ങളും ശാസ്ത്രീയ പരിശോധനയും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍, ഇതുവരെ മനുഷ്യന്‍ എത്തിച്ചേരാത്ത ഇടങ്ങളില്‍ മറഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ ഇന്ത്യ അനാവരണം ചെയ്യും. യുഎസ്എസ്ആറിനും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രന്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ദക്ഷിണധ്രുവത്തില്‍ ആദ്യമായി ഇറങ്ങിയെന്ന നേട്ടവും ഇനി ഇന്ത്യയ്ക്ക് സ്വന്തം.
ജൂലൈ 14നാണ് ലോഞ്ച് വെഹിക്കിള്‍ മാർക്ക് ത്രീയിലേറിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് മൂന്നാം ചന്ദ്രയാന്‍ യാത്ര തുടങ്ങിയത്. ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ എല്‍വിഎം3 നിര്‍ദ്ദിഷ്ട പാര്‍ക്കിങ് ഓര്‍ബിറ്റിലില്‍ ചന്ദ്രയാന്‍ 3ന്റെ ഇന്റഗ്രേറ്റഡ് മൊഡ്യൂളിനെ എത്തിച്ചു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡര്‍ മൊഡ്യൂളും ഉള്‍പ്പെട്ടതാണ് ഇന്റഗ്രേറ്റഡ് മൊഡ്യൂള്‍. ലാന്‍ഡറും അതിനകത്തുള്ള റോവറുമാണ് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ഘടകം.
ഭൂമിയെ ചുറ്റുന്നതിനിടയില്‍ ജൂലൈ 15 ന് പേടകത്തിന്റെ ആദ്യ ഭ്രമണപഥമാറ്റം നടന്നു. ഇങ്ങനെ അഞ്ച് തവണയാണ് ഭ്രമണപഥം ഉയര്‍ത്തി ഭൂമിയില്‍ നിന്നുള്ള അകലം കൂട്ടിയത്. ജൂലൈ 25 ന് നടന്ന അവസാന ഭ്രമണപഥം ഉയര്‍ത്തലോടെ ഭൂമിയെ വിടാന്‍ പേടകം ഒരുങ്ങി. ഓഗസ്റ്റ് ഒന്നിന് പെരീജി ജ്വലനത്തിലൂടെ നിര്‍ണായകമായ ട്രാന്‍സ് ലൂണര്‍ ഇന്‍ജെക്ഷന്‍. നാല് ദിവസത്തിനപ്പുറം പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ സ്വാധീനത്തിലെത്തി. പിന്നെ ചന്ദ്രനെ ചുറ്റുകയായി. ചന്ദ്രോപരിതലത്തോട് പേടകത്തെ പരമാവധി അടുപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭ്രമണപഥം താഴ്ത്തല്‍ പ്രവര്‍ത്തനങ്ങളാണ് പിന്നീട് നടന്നത്. ഓഗസ്റ്റ് 6, 9, 14, 16 ദിവസങ്ങളില്‍ ഭ്രമണപഥം താഴ്ത്തി. അവസാനമെത്തിയത് 153കിലോമീറ്റര്‍ 163 കിലോമീറ്റര്‍ പരിധികളുള്ള ഭ്രമണപഥത്തില്‍. ഇവിടെ വെച്ച് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡര്‍ മൊഡ്യൂളും വേര്‍പെട്ടു. പാര്‍ക്കിങ് ഓര്‍ബിറ്റലില്‍ നിന്ന് ചന്ദ്രന് 153 കിലോമീറ്റര്‍ വരെ ലാന്‍ഡര്‍ മൊഡ്യൂളിനെ എത്തിച്ചതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ പ്രധാന ചുമതല അവസാനിച്ചു.ഓഗസ്റ്റ് 17നായിരുന്നു ഈ വേര്‍പെടല്‍. പിന്നീടങ്ങോട്ട് ലാന്‍ഡര്‍ മൊഡ്യൂള്‍ ഭൂമിയില്‍ നിന്നുള്ള കമാന്റ് അനുസരിച്ച് സ്വന്തം നിലയ്ക്കായി യാത്ര. ഓഗസ്റ്റ് 18, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി ഡീബൂസ്റ്റിങ് നടത്തി, ലാന്‍ഡര്‍മൊഡ്യൂളിനെ പ്രീ ലാന്‍ഡിങ് ഓര്‍ബിറ്റിലില്‍ എത്തിച്ചു. ചന്ദ്രനില്‍ നിന്ന് കുറഞ്ഞ ദൂരം 25 കിലോമീറ്റര്‍ വരെയെത്താന്‍ ഇതിലൂടെയായി.
ഇനി പഠനങ്ങളുടെ കാലമാണ്. ലാന്‍ഡറിലും റോവറിലും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുമുള്ള ഏഴ് പഠനോപകരണങ്ങള്‍ ഭൂമിയിലേക്കയയ്ക്കുന്ന വിവരങ്ങള്‍ക്ക് പ്രധാന്യമേറെ.
ഒരു ചാന്ദ്ര പകല്‍ അതായത് ഭൂമിയിലെ 14 ദിവസമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തന കാലാവധി. സൗരോര്‍ജത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. ചന്ദ്രനിലെ സൂര്യോദയം കണക്കാക്കി പേടകം ലാന്‍ഡ് ചെയ്തതിനാല്‍ പരമാവധി സമയം പരിശോധനകളും പരീക്ഷണങ്ങളും നടത്താനാകും. ഒരു ചാന്ദ്ര പകല്‍ കഴിഞ്ഞ് ഭൂമിയിലെ 14 ദിവസത്തിന്റെ ദൈര്‍ഘ്യമുള്ള ചന്ദ്രനിലെ ഒരു രാത്രിയും അതിശൈത്യവും അതിജീവിക്കാന്‍ ലാന്‍ഡറിനും റോവറിനും സാധിച്ചാല്‍ വീണ്ടും ഇവ പ്രവര്‍ത്തിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരിയകലം 3,84,000 കിലോമീറ്ററാണ്. ഘട്ടം ഘട്ടമായി ഭ്രമണപഥം മാറ്റിയുള്ള സഞ്ചാരമായതിനാലാണ് ചന്ദ്രയാന്‍ 3 ചന്ദ്രനിലെത്താന്‍ 40 ദിവസത്തോളം എടുത്തത്. പേടകത്തെ നേരിട്ട് എത്തിക്കാനാകും വിധം ശക്തിയേറിയ റോക്കറ്റ് ഇല്ലാത്തതാണ് ഈ വളഞ്ഞവഴി സ്വീകരിക്കാനുള്ള കാരണം. ഓഗസ്റ്റ് 11 ന് മാത്രം വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 ചന്ദ്രയാന് മുന്നേ ലാന്‍ഡിങ്ങിനൊരുങ്ങി. എന്നാല്‍ അവസാന ഘട്ടത്തില്‍ പേടകത്തിനുണ്ടായ തകരാറുമൂലം ദൗത്യം പരാജയപ്പെടുകയായിരുന്നു. ചന്ദ്രനില്‍ ആദ്യമായി സോഫ്റ്റ്ലാന്‍ഡിങ് നടത്തിയ റഷ്യയെ പോലും പരാജയപ്പെടുത്തിയ ദക്ഷിണധ്രുവത്തിലാണ് ഇന്ത്യന്‍ മുദ്രയും ഐഎസ്ആര്‍ഒ ചിഹ്നവും റോവര്‍ പതിപ്പിച്ചതെന്നത് നേട്ടത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാനുള്ള ജപ്പാന്റെ ശ്രമം ഏപ്രിലില്‍ പരാജയപ്പെട്ടിരുന്നു. ചന്ദ്രനിലേക്ക് പോയ മൂന്നില്‍ ഒന്ന് ലാന്‍ഡര്‍ദൗത്യങ്ങളും പരാജയമെന്നറിയുമ്പോള്‍ ഐഎസ്ആര്‍ഒയുടെ നേട്ടത്തിന്റെ വലുപ്പമറിയാം. ദക്ഷിണധ്രുവത്തിലെ ഇരുളറകളില്‍ മറഞ്ഞിരിക്കുന്ന ഏതേത് രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്നാണ് ഇനിയുള്ള കാത്തിരിപ്പ്.