ചന്ദ്രനെ തൊടാനുള്ള യാത്രയില്‍ ഒരു ഘട്ടം കൂടി മുന്നേറി ചന്ദ്രയാന്‍ 3. മൂന്നാംഘട്ട ഭ്രമണപഥമുയര്‍ത്തല്‍ ഇന്ന് ഉച്ചയ്ക്ക് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ഭൂമിയുടെ ആകര്‍ഷണത്തിലുള്ള ഭ്രമണപഥത്തില്‍നിന്ന് അഞ്ച് ഘട്ടമായി ഉയര്‍ത്തി പേടകത്തെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് മാറ്റുകയാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. ഇതില്‍ മൂന്നാമത്തേതാണ് ഇന്ന് പൂര്‍ത്തിയായത്. നാലാമത്തേത് 20ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലും അഞ്ചാമത്തേത് 21നും നടക്കും.
അതേസമയം, ഭൂമിയില്‍നിന്ന് എത്ര അകലത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ ഇന്ന് മാറ്റിയതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ മൂന്നാംഘട്ട ഭ്രമണപഥമുയർത്തൽ പ്രക്രിയ ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടന്നതായി ഐഎസ്ആര്‍ഒ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞദിവസം നടന്ന രണ്ടാംഘട്ട ഉയര്‍ത്തലില്‍ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയിലേക്കാണ് പേടകത്തെ മാറ്റിയത്.
ജൂലൈ 14നായിരുന്നു ചാന്ദ്രയാന്‍ 3ന്റെ വിക്ഷേപണം. എല്‍വിഎം3 റോക്കറ്റ് ഉപയോഗിച്ച് പാര്‍ക്കിങ് ഓര്‍ബിറ്റിലാണ് പേടകത്തെ എത്തിച്ചിരുന്നത്. ഭൂമിയോട് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള പാതയാണ് ഇത്.
15നായിരുന്നു ആദ്യ ഭ്രമണപഥമുയര്‍ത്തല്‍. ഭൂമിയോട് അടുത്ത ദൂരം 173 കിലോമീറ്ററും അകലെയുള്ള ദൂരം 41,762 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കായിരുന്നു ഉയര്‍ത്തിയത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുറത്തുകടക്കാന്‍ സഹായിക്കുന്നതിനാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ. പേടകത്തിലെ ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് അധിക ശക്തി നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്.
ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് പുറത്തുകടക്കുന്ന പേടകം ഓഗസ്റ്റ് ഒന്നിന് ചന്ദ്രനിലേക്ക് കുതിക്കും. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടുത്തുന്നത് ഓഗസ്റ്റ് 17 നാണ്. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 നാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.