Science

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായൊരു ഇന്ത്യക്കാരൻ; മലയാളി ഉൾപ്പെടെ രണ്ടുപേർ ഈയാഴ്ച പരിശീലനം ആരംഭിക്കും

വെബ് ഡെസ്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ എസ് എസ്) ത്തിലേക്കുള്ള യാത്രയ്ക്കായി മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ ഈയാഴ്ച പരിശീലനം ആരംഭിക്കും. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിലെ യാത്രികരായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്നിവരാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിൽ പരിശീലനം നേടുന്നത്.

ശുഭാൻശുവിനെയാണു ഒക്‌ടോബറിനുശേഷമുള്ള ആക്‌സിയം-4 ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ശുഭാൻശുവിന് എന്തെങ്കിലും കാരണവശാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പകരം എന്ന നിലയിലാണ് പ്രശാന്തിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം എട്ടാഴ്ച നീളും.

നാലംഗ ഗഗൻയാൻ ദൗത്യസംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായ ശുഭാൻശു(39)വാണ് നാലുപേർ ഉൾപ്പെടുന്ന ആക്‌സിയം-4 ദൗത്യത്തിന്റെ പൈലറ്റ്. -അമേരിക്കയിൽനിന്നുള്ള പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽനിന്നുള്ള തിബോർ കപു (മിഷൻ പൈലറ്റ്) എന്നിവരാണ് മറ്റു അംഗങ്ങൾ.

ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമാരായ ശുഭാൻശുവും പ്രശാന്തും ടെക്സസ് ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലാണ് ആക്‌സിയം-4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഐ എസ് എസ് യാത്രയ്ക്കായി പരിശീലനം നേടുന്നത്.

കഴിഞ്ഞവർഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഐഎസ്എസിലേക്ക് ഇന്ത്യൻ യാത്രികന് അവസരം അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്‌ളൈറ്റ് സെന്റര്‍ (എച്ച്എസ്എഫ്‌സി), ബഹിരാകാശ ദൗത്യങ്ങളിൽ നാസയുമായി സഹകരണത്തിലുള്ള ആക്സിയം സ്പേസ് ഇന്‍കോർപറേഷനുമായി യുഎസ്എയുമായി കരാറില്‍ ഒപ്പുവെച്ചു.

തുടർന്ന്, ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല (പ്രൈം), ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ (ബാക്കപ്പ്) എന്നിവരെ നാഷണല്‍ മിഷന്‍ അസൈന്‍മെന്റ് ബോര്‍ഡ് നിർദേശിക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാന്‍ മള്‍ട്ടിലാറ്ററല്‍ ക്രൂ ഓപ്പറേഷന്‍സ് പാനല്‍ (എംസിഒപി) അംഗീകാരം നല്‍കിയതോടെയാണ് ഇരുവരും പരിശീലനത്തിലേക്കു കടക്കുന്നത്.

ദൗത്യത്തിനിടെ, ഗഗന്‍യാൻ യാത്രികന്‍ ഐഎസ്എസില്‍ തിരഞ്ഞെടുത്ത ശാസ്ത്ര ഗവേഷണ-സാങ്കേതിക പ്രദര്‍ശന പരീക്ഷണങ്ങള്‍ നടത്തുകയും ബഹിരാകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. ഈ ദൗത്യത്തില്‍ ലഭിച്ച അനുഭവങ്ങള്‍ ഗഗൻയാൻ ദൗത്യത്തിനു ഗുണം ചെയ്യുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഐഎസ്ആര്‍ഒ-നാസ സഹകരണം ശക്തിപ്പെടുത്തുന്നതുകൂടിയാവും ഈ നീക്കം.

14 ദിവസം നീളുന്ന ആക്‌സിയം -4 ദൗത്യം കഴിഞ്ഞ വർഷമാണ് നാസ പ്രഖ്യാപിച്ചത്. സ്പേസ് എക്സ് റോക്കറ്റാണ് ആക്‌സിയം -4 പേടകത്തെ വഹിക്കുക. ദൗത്യത്തിന്റെ ഭാഗമാകുന്ന ബഹിരാകാശ യാത്രികരെ നാസ, അന്താരാഷ്‌ട്ര പങ്കാളികൾ, സ്‌പേസ് എക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെ പരിശീലിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ഗതാഗതത്തിനുള്ള വിക്ഷേപണ ദാതാവായി സ്‌പേസ് എക്‌സുമായി കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ആക്‌സിയം സ്‌പേസ്. കൂടാതെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലെ സംവിധാനങ്ങളും നടപടിക്രമങ്ങളും അടിയന്തര തയ്യാറെടുപ്പുകളും സ്വകാര്യ ബഹിരാകാശയാത്രികരെ പരിചയപ്പെടുത്തേണ്ട ഉത്തരവാദിത്വവും കരാർ പ്രകാരം സ്പേസ് എക്‌സിന്റേതാണ്.

പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും ഉത്തർപ്രദേശ് ലക്നൗ സ്വദേശി ശുഭാന്‍ശു ശുക്ലയും ഉൾപ്പെടെ നാല് പേരാണ് ആദ്യ ഗഗന്‍യാൻ ദൗത്യത്തിലെ സഞ്ചാരികൾ. തമിഴ്നാട് ചെന്നൈ സ്വദേശി അജിത് കൃഷ്ണന്‍, ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അംഗത് പ്രതാപ് എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങൾ. ഇവരെ ഫെബ്രുവരി 27ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററി(വിഎസ്‌എസ്‌സി)ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലാണ് അവതരിപ്പിച്ചത്. പ്രശാന്താണ് സംഘത്തലവൻ. ചടങ്ങിൽ നാല് യാത്രികരെയും പ്രധാനമന്ത്രി ആസ്ട്രോണട്ട് വിങ്സ് അണിയിച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും