Science

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് ഗഗൻയാൻ സഞ്ചാരികൾ; യാത്ര ആക്‌സിയം-4 ദൗത്യത്തിൽ

നാസയുടെ വെബ്‌സൈറ്റ് പ്രകാരം 2024 ഒക്‌ടോബറിനു ശേഷം ദൗത്യം നടക്കുമെന്നാണ് റിപ്പോർട്ടുകൾ

വെബ് ഡെസ്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെടാനൊരുങ്ങി ഐഎസ്‌ആർഒയുടെ ഗഗൻയാൻ സഞ്ചാരികൾ. ഈ വർഷം അവസാനത്തോടെ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനുമായി (നാസ) സഹകരിച്ച് ഗഗൻയാൻ സംഘത്തിലെ രണ്ടുപേർ ഐഎസ്എസിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. നാസയുടെ വെബ്‌സൈറ്റ് പ്രകാരം 2024 ഒക്‌ടോബറിനു ശേഷം ദൗത്യം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഐഎസ്എസിൻ്റെ പ്രത്യേകതകളെക്കുറിച്ച് പരിശീലിപ്പിക്കാനുള്ള ദൗത്യത്തിന് മുന്നോടിയായി ബഹിരാകാശയാത്രികർക്ക് അമേരിക്കയിലേക്ക് പോകേണ്ടിവരുമെന്ന് ഒരു സ്രോതസ്സ് ഇന്ത്യൻ എക്സ്പ്രസിനോട് സൂചിപ്പിച്ചു. “ബഹിരാകാശ യാത്രക്കായി അവർക്ക് പൊതുവായ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ അവരുടെ പരിശീലനത്തിൻ്റെ ഭൂരിഭാഗവും ഗഗൻയാൻ മൊഡ്യൂളുകളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവർക്ക് ഐഎസ്എസ് മൊഡ്യൂളുകളും പ്രോട്ടോക്കോളുകളും പരിചയമുണ്ടായിരിക്കണം," ഉദ്യോഗസ്ഥർ പറഞ്ഞു. ആക്‌സിയം-4 ദൗത്യത്തിലാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ഐഎസ്എസിലേക്ക് കൊണ്ടുപോകുന്നത്. നാസയുടെ നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യമാണ് ഇത്. സ്വകാര്യ യുഎസ് കമ്പനിയായ ആക്‌സിയം സ്‌പേസ് ആണ് ദൗത്യത്തിൽ നാസയുടെ പങ്കാളി.

ദൗത്യം പതിനാല് ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമാണ് നാസ ആക്‌സിയം -4 ദൗത്യം പ്രഖ്യാപിച്ചത്. ദൗത്യത്തിന്റെ ഭാഗമാകുന്ന ബഹിരാകാശ യാത്രികരെ നാസ, അന്താരാഷ്‌ട്ര പങ്കാളികൾ, സ്‌പേസ് എക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെ പരിശീലിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ഗതാഗതത്തിനുള്ള വിക്ഷേപണ ദാതാവായി സ്‌പേസ് എക്‌സുമായി കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ആക്‌സിയം സ്‌പേസ്. കൂടാതെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലെ സംവിധാനങ്ങളും നടപടിക്രമങ്ങളും അടിയന്തര തയ്യാറെടുപ്പുകളും സ്വകാര്യ ബഹിരാകാശയാത്രികരെ പരിചയപ്പെടുത്തേണ്ട ഉത്തരവാദിത്വവും കരാർ പ്രകാരം സ്പേസ് എക്‌സിന്റേതാണ്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇന്ത്യയും യുഎസും നടത്തിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് നാസ മുൻകൂർ പരിശീലനം നൽകുമെന്ന് പറഞ്ഞിരുന്നു. അതേ വർഷം തന്നെ, നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശന വേളയിൽ, 2024 അവസാനത്തോടെ ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിനായി ബഹിരാകാശ ഏജൻസി പരിശീലിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി