ബഹിരാകാശ യാത്ര എത്രത്തോളം ദുര്‍ഘടമാണെന്നുള്ളത് പറഞ്ഞയറിക്കേണ്ടതില്ലല്ലോ. എത്രയോ കാലത്തെ പരിശ്രമങ്ങളും പരീക്ഷണങ്ങളുമാണ് വിജയത്തിലെത്തുക. പരാജയപ്പെടുന്നതും നിരവധി. 60 വര്‍ഷങ്ങള്‍ക്ക് മുൻപ് മനുഷ്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിന് തുടക്കമിട്ടത് മുതല്‍, പരീക്ഷണ യാത്രയില്‍ പൊലിഞ്ഞത് 20 ജീവനുകളാണ്.
2025ല്‍ ചന്ദ്രനിലേയ്ക്ക് ഒരു സംഘത്തെ അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്കും നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ യാത്ര തിരിക്കും.
എന്നാല്‍ അപകടമേറിയ ഈ യാത്രകളിൽ ആരെങ്കിലും മരിച്ചാല്‍ അവരുടെ മൃതദേഹത്തിന് എന്ത് സംഭവിക്കും? അവ എങ്ങനെ ഭൂമിയില്‍ എത്തിക്കും?
ഭൂമിയുടെ അടുത്ത ഭ്രമണപഥ ദൗത്യത്തിനിടെ ഒരാള്‍ മരിച്ചാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യേക സംവിധാനം ഉപയോഗിച്ച് മൃതദേഹം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്രൂവിന് സാധിക്കും.
ഇനി ഇത് ചന്ദ്രനില്‍ വച്ചാണ് സംഭവിക്കുന്നത് എന്നിരിക്കട്ടെ, മൃതദേഹം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിലേയ്ക്കെത്തിക്കാനാകും. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയ്ക്ക് വിശദമായ പ്രോട്ടോക്കോളുകള്‍ നിലവിലുണ്ട്.
ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയിലെത്തിക്കാന്‍ സാധിക്കും എന്നുള്ളതുകൊണ്ട്, മൃതദേഹം സംരക്ഷിക്കുക എന്നത് നാസയുടെ മുന്‍ഗണനയിലില്ല. പകരം ശേഷിക്കുന്ന ക്രൂ അംഗങ്ങളെ തിരിച്ച് സുരക്ഷിതമായി എത്തിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.
എന്നാല്‍, ചൊവ്വയിലേയ്ക്കുള്ള ബഹിരാകാശ യാത്ര ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. 30 കോടി മൈല്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ആരെങ്കിലും മരിച്ചാല്‍ തിരികെയെത്തിക്കാൻ സംവിധാനങ്ങളൊന്നും തന്നെയില്ല. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ യാത്ര ഉപേക്ഷിച്ച് ഭൂമിയിലേയ്ക്ക് തിരിക്കുക എന്നത് അസാധ്യമാണ്. ദൗത്യം പൂര്‍ത്തിയാക്കിയതിന് ശേഷമേ ക്രൂ അംഗങ്ങളോടൊപ്പം മൃതദേഹം ഭൂമിയിലേയ്ക്ക് എത്തിക്കാൻ കഴിയൂ. എന്നാല്‍ ഇതിന് വീണ്ടും വര്‍ഷങ്ങളെടുക്കും.
ഇത്തരം സാഹചര്യങ്ങളില്‍ മൃതദേഹം അഴുകാതെ സംരക്ഷിക്കാൻ പ്രത്യേക അറയിലോ ബോഡി ബാഗിലോ സൂക്ഷിക്കും. ബഹിരാകാശ പേടകത്തിനുള്ളിലെ സ്ഥിരമായ താപനിലയും ഈര്‍പ്പവും മൃതദേഹത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്.
സ്‌പേസ് സ്യൂട്ടിന്റെ സഹായമില്ലാതെ ബഹിരാകാശത്ത് ഇറങ്ങിയാല്‍?
തല്‍ക്ഷണം മരിക്കും എന്നതാണ് യാഥാർഥ്യം. മർദം നഷ്ടപ്പെടുന്നതും ബഹിരാകാശത്ത് വായുവില്ലാത്തതും ശ്വസനം അസാധ്യമാക്കുകയും രക്തവും മറ്റ് ശരീര ദ്രാവകങ്ങളും തിളയ്ക്കുന്നതിനും മരണം സംഭവിക്കുന്നതിനും കാരണമാകുന്നു.
സ്‌പേസ് സ്യൂട്ട് ഇല്ലാതെ ചന്ദ്രനിലോ ചൊവ്വയിലോ ഇറങ്ങിയാല്‍ എന്ത് സംഭവിക്കും?
ചന്ദ്രന് അന്തരീക്ഷമില്ല. ചൊവ്വയ്ക്ക് വളരെ നേര്‍ത്ത അന്തരീക്ഷമുണ്ട്, എന്നാല്‍ ഓക്‌സിജന്‍ ഉണ്ടാകാന്‍ തീരെ സാധ്യതയില്ല. അതുകൊണ്ട് തന്നെ ബഹിരാകാശത്തിറങ്ങുന്ന അതേ അവസ്ഥ തന്നെയായിരിക്കും ഇവിടെയും. ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതിനൊപ്പം രക്തം തിളയ്ക്കുകയും ചെയ്യും.