Google
Science

മംഗൾയാൻ : ഇന്ത്യയുടെ പ്രഥമ ചൊവ്വ ദൗത്യത്തിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ

ബഹിരാകാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനം ആയിരുന്നു മംഗൾയാൻ എട്ട് വർഷത്തിന് ശേഷമാണ് പ്രവർത്തനരഹിതമാകുന്നത്

വെബ് ഡെസ്ക്

എട്ട് വർഷം അല്ലെങ്കിൽ 3,200 ദിവസത്തിന് ശേഷം ഇന്ത്യയുടെ കന്നി ചൊവ്വ ദൗത്യമായ മംഗൾയാന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ചൊവ്വ ദൗത്യമായ മംഗൾയാന്റെ പ്രവർത്തനം നിലച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വൃത്തങ്ങള്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ആദ്യവിക്ഷേപണത്തിൽ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യം, യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം, വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം, ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം,വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം തുടങ്ങി നിരവധി പ്രത്യേകതകളാണ് മംഗൾയാന് ഉണ്ടായിരുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനം ആയിരുന്നു മംഗൾയാൻ.

എന്താണ് മംഗൾയാൻ?

ഐഎസ്ആർഒയുടെ അഭിമാനകരമായ ചൊവ്വ ദൗത്യമാണ് മംഗൾയാൻ അഥവാ മാസ് ഓർബിറ്റർമിഷൻ (MOM). 2013 നവംബര്‍ 5 നാണ് ഇന്ത്യയുടെ കന്നി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗൾയാൻ വിക്ഷേപിക്കുന്നത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് പഠിക്കുകയായിരുന്നു മംഗള്‍യാനിന്റെ പ്രധാന ലക്ഷ്യം. പിഎസ്എല്‍വിയുടെ പരിഷ്‌കൃത രൂപമായ പിഎസ്എല്‍വി എക്‌സ്എല്‍ എന്ന വിക്ഷേപണ വാഹനമുപയോഗിച്ചാണ് മംഗൾയാൻ കുതിച്ചുയര്‍ന്നത്. ആറ് മുതൽ എട്ട് മാസം വരെയാണ് മംഗൾയാന് ആയുസ് കരുതിയിരുന്നത് എന്നാൽ എട്ട് വർഷത്തോളം പേടകം പ്രവർത്തനയോഗ്യമായിരുന്നു.

കാലാവധി കഴിഞ്ഞിട്ടും പ്രവർത്തനസജ്ജമായ മംഗൾയാൻ ബഹിരാകാശ ഗവേഷകർക്ക് പോലും ഒരു അദ്ഭുതമായിരുന്നു.

ചൊവ്വയുടെ ഉപരിതല സവിശേഷതകൾ, രൂപഘടന, ധാതുഘടന, ചൊവ്വയുടെ അന്തരീക്ഷം എന്നിവ പഠിക്കാൻ അഞ്ച് ഉപകരണങ്ങൾ ബഹിരാകാശ പേടകത്തിൽ സജ്ജീകരിച്ചിരുന്നു. അഞ്ച് ഉപകരണങ്ങളിൽ മാർസ് കളർ ക്യാമറ (എംസിസി), തെർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റർ (ടിഐഎസ്), മീഥേൻ സെൻസർ ഫോർ മാർസ് (എംഎസ്എം), മാർസ് എക്സോസ്ഫെറിക് ന്യൂട്രൽ കോമ്പോസിഷൻ അനലൈസർ (എംഇഎൻസിഎ), ലൈമാൻ ആൽഫ ഫോട്ടോമീറ്റർ (എൽഎപി) എന്നിവ ഉൾപ്പെടുന്നു.

മംഗൾയാന്റെ നേട്ടങ്ങൾ

2014 ഒക്ടോബർ 24ന് ചൊവ്വയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയ മംഗൾയാന്റെ പ്രതീക്ഷിത കാലാവധി ആറു മാസമായിരുന്നു. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയത്. 4,200 കിലോമീറ്റർ അകലത്തിൽ നിന്ന് ചൊവ്വയുടെ ഉപഗ്രഹം ആയ ഫോബോസിന്റെ ചിത്രം മാർസ് ഓർബിറ്റർ ക്യാമറ പകർത്തിയപ്പോൾ മംഗൾയാൻ മുൻപ് വാർത്താപ്രാധാന്യം നേടിയിരുന്നു.

ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ‍, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾ‌യാൻ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. പല സമയങ്ങളിലായി അയച്ച ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കി. ചൊവ്വയ്ക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയതും മംഗൾയാൻ ആണ്. ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും (മംഗള്‍യാന്‍) നാസയുടെ മാവെനും അയച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളാണ് ഗവേഷകരെ ഈ നിഗമനത്തിലേക്കെത്തിച്ചത്.

മംഗൾയാൻ വിക്ഷേപണം

മംഗൾയാന് ഇപ്പോൾ സംഭവിച്ചതെന്ത് ?

450 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിൽ നിന്നുള്ള മംഗൾയാൻ ഇതുവരെ രൂപകല്പന ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെലവ് കുറഞ്ഞ ഗ്രഹാന്തര ദൗത്യങ്ങളിലൊന്നായിരുന്നു. മംഗൾയാന്റെ ബാറ്ററിയും ഇന്ധനവും തീർന്നുവെന്നും ഇനി ചൊവ്വയുടെ ഭ്രമണപഥത്തിൽ അതിജീവനം സാധ്യമല്ലെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

നിലവില്‍ ഇന്ധനം ശേഷിക്കുന്നില്ലെന്നും പേടകത്തിന്റെ ബാറ്ററി തീര്‍ന്നെന്നുമാണ് വിശദീകരണം. സോളാർ ഊർജത്തിലാണ് മംഗൾയാൻ പ്രവർത്തിച്ചിരുന്നത്. തുടര്‍ച്ചയായി ഗ്രഹണങ്ങൾ ഉണ്ടായത് മൂലം റീചാർജിങ് നടക്കാത്തതതാണ് ബാറ്ററി പണിമുടക്കാൻ കാരണം. മണിക്കൂറോളം നീണ്ടുനിന്ന ഗ്രഹണം ബാറ്ററി വേഗത്തില്‍ തീരാനിടയാക്കി. ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടുനിൽക്കുന്ന ഗ്രഹണം വരെ മംഗൾയാന് അതിജീവിക്കാൻ സാധിക്കും. എന്നാൽ ഗ്രഹണം നീണ്ടുപോയാൽ ബാറ്ററി പുനരുജ്ജീവിപ്പിക്കാനാവാത്തവിധം പണി മുടക്കും. ഇതാണ് ഇപ്പോൾ സംഭവിച്ചതെന്ന് വിദഗ്ധർ പറയുന്നു.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്