പ്രവർത്തനരഹിതമായ ഇന്തോ-ഫ്രഞ്ച് ഉപഗ്രഹത്തെ നിയന്ത്രണ വിധേയമാക്കി തിരിച്ചെത്തിക്കാന്‍ സജ്ജമായിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി 2011 ഒക്ടോബര്‍ 12ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസിനോടൊപ്പം ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്കയച്ച എംടി-1 എന്ന മെഗാ-ട്രോപിക്സ്-1 ലോ ഓര്‍ബിറ്റ് ഉപഗ്രഹത്തിനെയാണ് തിരിച്ചെത്തിക്കുന്നത്. ഇന്ന് വൈകിട്ട് 4.30നും 7.30നുമിടയിൽ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത മേഖലയിലാണ് തിരിച്ചിറക്കുന്നത്. മൂന്ന് വർഷത്തെ പഠനത്തിനായി രൂപകൽപ്പന ചെയ്ത ഉപഗ്രഹത്തെ, ഒരു ദശകത്തിലധികം പ്രവർത്തിച്ചശേഷമാണ് ഡീ-ഓർബിറ്റ് ചെയ്യുന്നത്.
ലോ എർത്ത് ഓർബിറ്റിലെ ബഹിരാകാശ അവശിഷ്ടങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി, മറ്റ് ഉപഗ്രഹങ്ങളെയും ബഹിരാകാശ സ്റ്റേഷനുകളെയും ഭീഷണിയിലാക്കും
ഡീ-ഓർബിറ്റിങ് എന്താണ്? എന്തിന് വേണ്ടിയാണ്?
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 400 മുതൽ 2000 കിലോമീറ്റർ വരെ അകലെയുള്ള ഭ്രമണപഥങ്ങളിലാണ് ഉപഗ്രഹങ്ങളും ബഹിരാകാശ അവശിഷ്ടങ്ങളും കൂടുതൽ കാണപ്പെടുന്നത്. സെൻ്റീമീറ്റർ വലുപ്പമുള്ള വസ്തുക്കൾ മുതൽ മീറ്റർ വീതിയുള്ള റോക്കറ്റിൻ്റെ ഘടകങ്ങളും പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും വരെ അവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നു. ലോ എർത്ത് ഓർബിറ്റിലെ എല്ലാ വസ്തുക്കളും മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നുണ്ട്. ഇവ തമ്മിലുള്ള കൂട്ടിയിടി, മറ്റ് ഉപഗ്രഹങ്ങളെയും ബഹിരാകാശ സ്റ്റേഷനുകളെയും ഭീഷണിയിലാക്കും.
അത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളെ ക്രമേണ ഭൂമിയോട് കൂടുതൽ അടുപ്പിച്ച് ഭ്രമണപഥം കുറയ്ക്കാൻ ബഹിരാകാശ ഏജൻസികൾ ശ്രമിക്കുന്നതാണ് ഡീ-ഓർബിറ്റിങ്. പരിക്രമണകാലം 25 വര്‍ഷത്തിന് താഴെയുള്ള അച്ചുതണ്ടിലേയ്ക്ക് ഉപഗ്രഹത്തിനെ കൊണ്ടുവരും. ഒടുവിൽ അവ ജനവാസമില്ലാത്ത മേഖലയിലോ സമുദ്രങ്ങളിലോ പതിക്കുമ്പോൾ, അവ കത്തിനശിച്ചെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഉപഗ്രഹം തിരിച്ചെത്തിക്കുമ്പോഴുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി ഊര്‍ജസ്രോതസുകളും ഉപയോഗിക്കാറുണ്ട്.
മെഗാ-ട്രോപിക്സ്-1 നെ തിരിച്ചെത്തിക്കുന്നതെങ്ങനെ ?
ഭൂമിയില്‍ നിന്ന് 867 കിലോമീറ്റര്‍ ഉയരത്തിലുള്ള 20 ഡിഗ്രി ചരിഞ്ഞ ഭ്രമണപഥത്തിലാണ് എംടി-1 സഞ്ചരിക്കുന്നത്. ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി-1ൻ്റെ പരിക്രമണ ആയുസ്സ് 100 വര്‍ഷത്തിലധികം നീണ്ടുനില്‍ക്കാവുന്നതാണ്. ഏകദേശം 125 കിലോഗ്രാം ഓണ്‍ ബോര്‍ഡ് ഇന്ധനം ഉപഗ്രഹത്തില്‍ ഉപയോഗിക്കാതെ ബാക്കി കിടക്കുന്നതിനാല്‍ ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കും. ഈ ശേഷിക്കുന്ന ഇന്ധനം നിയന്ത്രിതമായ വിധത്തില്‍ അന്തരീക്ഷത്തിലേയ്ക്ക് പുനഃപ്രവേശം നടത്തുന്നതിന് പര്യാപ്തമാണെന്നാണ് കണക്കാക്കുന്നത്. ഭ്രമണപഥം കുറയ്ക്കുന്നതിനും നിയന്ത്രിത റീ-എൻട്രി നടത്തുന്നതിനുമായി എംടി 1 രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിലും, അവശേഷിക്കുന്ന ഓൺബോർഡ് ഇന്ധനം ഉപയോഗിച്ച് ഉപഗ്രഹത്തെ തിരിച്ചിറക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ഇൻ്റർ-ഏജന്‍സി സ്‌പേസ് ഡബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ബഹിരാകാശ അവശിഷ്ട ലഘൂകരണ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ഐഎസ്ആർഒ ഈ ദൗത്യത്തിനൊരുങ്ങുന്നത്.
എന്നാൽ, എംടി 1 ന് ഒരു ദശകത്തിലധികം പഴക്കമുണ്ടെന്നതിനാൽ അതിൻ്റെ എല്ലാ സംവിധാനങ്ങളും പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കില്ലെന്ന വസ്തുതയും പരിഗണിക്കുന്നുണ്ട്. ഫ്ലൈറ്റ് ഡൈനാമിക്സ്, എയറോഡൈനാമിക്സ്, പ്രൊപ്പൽഷൻ, നാവിഗേഷൻ, തെർമൽ, സബ് സിസ്റ്റം,ഡിസൈൻ ടീമുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ഐഎസ്ആർഒ കൂടുതൽ വിപുലമായ സജ്ജീകരണങ്ങളാണ് ഈ ദൗത്യത്തിനായി നടത്തിയിട്ടുള്ളത്. 2022 ഓഗസ്റ്റ് മുതൽ ഉപഗ്രഹത്തിൻ്റെ ഭ്രമണപഥം പടിപടിയായി താഴ്ത്താനും ഭൂമിയോട് കൂടുതൽ അടുപ്പിക്കാനും 18 ഭ്രമണപഥ നീക്കങ്ങളും നടത്തിയിട്ടുണ്ട്.