ചന്ദ്രയാൻ 3-ഗ്രാഫിക്കൽ ചിത്രം ഐഎസ്ആർഒ
Science

'ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് സുനിശ്ചിതം'; ഐ എസ് ആർ ഒയുടെ ആത്മവിശ്വാസത്തിന് കാരണമെന്ത്?

വെബ് ഡെസ്ക്

രാജ്യവും ലോകവും കണ്ണുംനട്ടിരിക്കുന്ന മുഹൂർത്തത്തിന് മണിക്കൂറുകൾ മാത്രം. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തിന് മുന്നിൽ ആ കഴിവ് തെളിയിച്ചത് റഷ്യയും അമേരിക്കയും ചൈനയും മാത്രം. ഈ വർഷത്തെ രണ്ടെണ്ണമടക്കം, ചന്ദ്രനെ ലക്ഷ്യമാക്കിപ്പറന്ന ലാൻഡർ ദൗത്യങ്ങളിൽ ഏറിയപങ്കും പൂർണമായിട്ടില്ലെന്നതാണ് ചരിത്രം. അത്രയേറെ അനുഭവമുണ്ടായിട്ടും റഷ്യ ലൂണ 25ൽ പരാജയപ്പെട്ടത് നാല് ദിവസം മുൻപാണ്. എന്നാൽ ഇതൊന്നും ഇന്ത്യൻ സ്വപ്നങ്ങളിൽ ഇരുൾ വീഴ്ത്തുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പ്രതികൂല കാലാവസ്ഥയും ഘടനയും ഇസ്രോയുടെ ചങ്കിടിപ്പ് കൂട്ടുന്നേയില്ല. കാരണം, സാഹചര്യം എല്ലാം പ്രതികൂലമായാലും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള സൂത്രവിദ്യ പഠിച്ചാണ് ആ പത്മവ്യൂഹത്തിലേക്ക് പ്രതീക്ഷയുടെ ചന്ദ്രയാനം പറന്നുയർന്നത്.

എന്ത് സംഭവിച്ചാലും ഇത്തവണ ദൗത്യം വിജയമാകുമെന്ന ഇസ്രോയുടെ ആത്മവിശ്വാസത്തിന് കാരണം പരാജയം അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണമാണ്

പ്രതിസന്ധികൾ

ചന്ദ്രന്റെ ദക്ഷിണധ്രുവമെന്ന ലക്ഷ്യസ്ഥാനം തന്നെയാണ് ദൗത്യത്തിന്റെ പ്രധാന വെല്ലുവിളി. ഇവിടുത്തെ ഉപരിതലം സമതലമല്ല. മറിച്ച് ഉയർന്ന കുന്നുകളും പാറകളും വലിയ ഗർത്തങ്ങളും നിറഞ്ഞതാണ്. ഇവിടെ കൃത്യമായി ലാൻഡ് ചെയ്യുകയെന്നത് അതിനാൽ തന്നെ ശ്രമകരമാണ്. ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ പേടകത്തിന്റെ വേഗത കുറയ്ക്കുന്നത് പ്രയാസമേറിയ കാര്യമാണ്. 54 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 203 ഡിഗ്രി സെൽഷ്യസ് വരെ മാറിമറിയുന്ന താപനിലയും പ്രശ്നമാണ്.

ചന്ദ്രന്റെ ഗുരുത്വാകർഷണം എല്ലായിടത്തും ഒരുപോലെയല്ല. അത് പേടകത്തിന്റെ സഞ്ചാരപാതയിൽ മാറ്റം വരുത്തിയേക്കാം. പേടകം ഇറങ്ങുമ്പോൾ ത്രസ്റ്ററുകൾ ജ്വലിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന വായു സഞ്ചാരം ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങൾ ഉയർത്തിയാൽ അത് പ്രതികൂലമാകും. ക്യാമറ, സെൻസർ, സോളാർ പാനൽ എന്നിവയെയെല്ലാം ഈ പൊടി കേടാക്കിയേക്കാം. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ ദൗത്യത്തെ ബാധിക്കും.

ചന്ദ്രയാൻ 2 ൽനിന്ന് ഉൾക്കൊണ്ട പാഠങ്ങൾ

ചന്ദ്രയാൻ രണ്ടിന്റെ ഭാഗിക പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ടാണ് മൂന്നാം പദ്ധതി തയ്യാറാക്കിയത്. 2019ൽ സംഭവിച്ച വീഴ്ചകളും പോരായ്കളും ഇത്തവണ പരിഹരിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ രണ്ട് ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ കാമറകൾ ലാൻഡറിലുണ്ട്. നിശ്ചയിച്ച സ്ഥലത്തിന് ചുറ്റും അനുവദിച്ച ലാൻഡിങ്ങിന് പരിധി ഉയർത്തി. ലാൻഡിങ് സ്ഥലത്തിന് പ്രശ്‌നമുണ്ടെങ്കിൽ ഉപരിതലത്തിന് 150 മീറ്റർ ഉയരത്തിൽനിന്ന് വരെ സ്ഥലംമാറ്റി തീരുമാനിക്കാനും റീലാൻഡിങ് നടത്താനുമാകും. എല്ലാ ദിശകളിലും സോളാർ പാനൽ സ്ഥാപിച്ചത് പേടകത്തിന്റെ പ്രവർത്തനം ഉറപ്പാക്കുന്നു.

പരാജയം അടിസ്ഥാനമാക്കിയുള്ള രൂപകൽപ്പന

എന്ത് സംഭവിച്ചാലും ഇത്തവണ ദൗത്യം വിജയമാകുമെന്ന ഇസ്രോയുടെ ആത്മവിശ്വാസത്തിന് കാരണം പരാജയം അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണമാണ്. സാധാരണ വിജയം അടിസ്ഥാനമാക്കിയാണ് ദൗത്യങ്ങളുടെ രൂപകൽപ്പന. അതായത് വിജയിക്കാൻ എന്തു ചെയ്യണമെന്നതാണ് രൂപകൽപ്പനയിൽ പ്രധാനമായും ശ്രദ്ധിക്കുക. ഇവിടെ വ്യതസ്തമായ സമീപനമാണ് ഇസ്രോയുടേത്.

ഒരോ ഘട്ടത്തിലുമുണ്ടായേക്കാവുന്ന പരാജയം മുന്നിൽ കണ്ട് അതിനെ എങ്ങനെ അതിജീവിക്കണമെന്ന് പ്രോഗ്രാമിങ്ങിലൂടെ ലാൻഡറിൽ പ്രീസെറ്റ് ചെയ്തു. അപ്രതീക്ഷിത സാഹചര്യമുണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് ഇതിലൂടെ ലാൻഡറിയാം. എല്ലാ സെൻസറുകളും ക്യാമറകളും പ്രവർത്തനരഹിതമായാലും സോഫ്റ്റ് ലാൻഡിങ് ഇസ്രോ ഉറപ്പിക്കുന്നത് അതുകൊണ്ടാണ്. ചന്ദ്രയാൻ 3 ന്റെ ഇതുവരെയുള്ള യാത്ര മുൻ നിശ്ചയിച്ചപ്രകാരം കൃത്യമായി നടന്നുവെന്നത് ആ പ്രതീക്ഷയ്ക്ക് കരുത്ത് പകരുന്നു.

ഒരു പേടകത്തിന്റെ കാലുകൾ ചന്ദ്രന്റെ മണ്ണിലൂന്നുന്നതിന്റെ പ്രാധാന്യമെന്തെന്ന് നമുക്ക് ഇപ്പോഴറിയാം. ചന്ദ്രന്റെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാനുള്ള യാത്രയുടെ ആദ്യ ചുവടുവയ്പാണത്. ചാന്ദ്രപര്യവേഷണത്തിൽ റഷ്യയും അമേരിക്കയും ചൈനയും നിൽക്കുന്ന ആ മുൻനിരയിലേക്കാണ് ഇന്ത്യ പറന്നിറങ്ങുന്നത്. അത് നേടിയാൽ പിന്നെ ഗ്രഹാന്തര പര്യവേഷണത്തിൽ പുതിയ, തനതായ വഴി വിശാലമായി ഒരുക്കാൻ ഇന്ത്യയ്ക്ക് ശ്രമം തുടരാം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം