Science

മരണത്തിനും ജീവിതത്തിനുമിടയില്‍ 46,000 വർഷം; തണുത്തുറഞ്ഞ പുഴുക്കളെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞർ

റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കോകെമിക്കൽ ആൻഡ് ബയോളജിക്കൽ പ്രോബ്ലംസ് ഇൻ സോയിൽ സയൻസിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്

വെബ് ഡെസ്ക്

46,000 വർഷങ്ങൾക്ക് മുൻപ് തണുത്തുറഞ്ഞ പുഴുക്കളെ 5 വർഷം മുൻപ് ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചു. രണ്ടിനത്തില്‍പ്പെട്ട പുഴുക്കളെയാണ് പുനരുജ്ജീവിപ്പിച്ചത്. അതിലൊന്ന് പുതിയ സ്പീഷീസില്‍പ്പെട്ടതുമാണ്.

സൈബീരിയയിലെ മണ്ണും മഞ്ഞും കൂടിക്കുഴഞ്ഞ് കിടക്കുന്ന പ്രദേശ (പെർമാഫ്രോസ്റ്റ്)ത്ത് ഉപരിതലത്തിന് 40 മീറ്റർ താഴെയായി മരണത്തിനും ജീവിതത്തിനുമിടയിലുള്ള ക്രിപ്‌റ്റോബയോസിസ് എന്നറിയപ്പെടുന്ന അവസ്ഥയിലാണ് പുഴു ഉണ്ടായിരുന്നത്. പ്ലോസ് ജെനറ്റിക്സ് എന്ന ജേണലില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്.

അഞ്ച് വർഷം മുൻപ് റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കോകെമിക്കൽ ആൻഡ് ബയോളജിക്കൽ പ്രോബ്ലംസ് ഇൻ സോയിൽ സയൻസിലെ ശാസ്ത്രജ്ഞരാണ് പുഴുക്കളെ കണ്ടെത്തിയത്.

രണ്ട് പുഴുക്കളെയാണ് ശാസ്ത്ര‍ജ്ഞർ ആദ്യം കണ്ടെത്തിയത്. ഇവ വെള്ളത്തിൽ തന്നെ പുനരുജ്ജീവിച്ചു. ശേഷം തുടർ പഠനത്തിനായി ജർമനിയിലുള്ള ലാബിലേക്ക് നൂറ് സാമ്പിളുകളാണെത്തിച്ചത്. പുഴുക്കളോടൊപ്പം പ്രദേശത്ത് നിന്ന് ശേഖരിച്ച സസ്യങ്ങളുടെ റേഡിയോകാർബൺ വിശകലനത്തിലൂടെയാണ് ഇവ 45,839 മുതൽ 47,769 വരെ പഴക്കമുള്ളതാണെന്ന് കണ്ടെത്തിയത്.

അപ്പോഴും ഏത് ഇനത്തിൽ പെട്ടതാണ് ജീവിയെന്ന് കണ്ടെത്താനായില്ല. തുടർന്ന് ഡ്രെസ്ഡനിലെയും കൊളോണിലെയും ശാസ്ത്രജ്ഞർ നടത്തിയ ജനിതക വിശകലനത്തിലാണ് പുഴുക്കൾ ഒരു പുതിയ ഇനത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയത്. പനഗ്രോലൈമസ് കോളിമെനിസ് എന്നാണ് ഗവേഷകർ ഇനത്തിന് പേര് നൽകിയിരിക്കുന്നത്. പുതിയ കണ്ടെത്തലിലൂടെ മറ്റ് ജീവജാലങ്ങളെയും ഈ വിധം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വികസിപ്പിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ക്രിപ്‌റ്റോബയോട്ടിക് അവസ്ഥയിലുള്ള ജീവജാലങ്ങൾക്ക് വെള്ളത്തിന്റെയോ ഓക്‌സിജന്റെയോ പൂർണമായ അഭാവത്തിൽ ജീവിക്കാനും ഉയർന്ന താപനിലയെയും തണുത്തുറഞ്ഞ അവസ്ഥയേയും നേരിടാൻ സാധിക്കും. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ അവസ്ഥയിൽ മെറ്റാബോളിസത്തിന്റെ നിരക്ക് കണ്ടെത്താനാകാത്ത അളവിലേക്ക് കുറയുന്നുവെന്നും ​ഗവേഷകർ പറയുന്നു. അതായത് ഈ അവസ്ഥയിൽ ഒരാളുടെ ജീവിതം അവസാനിക്കാനും തുടർന്ന് ആദ്യം മുതൽ ആരംഭിക്കാനും സാധിക്കും. ഇതൊരു പ്രധാന കണ്ടെത്തലാണെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ