SPORT

ഇന്ത്യയുടെ സ്പ്രിന്റര്‍ മുത്തശ്ശി, രണ്ട് വർഷം കൊണ്ട് ഇരുന്നൂറോളം മെഡലുകള്‍ വാരിക്കൂട്ടിയ 106 വയസുകാരി

85 വയസിന് മുകളിലുള്ളവരുടെ 100 മീറ്റര്‍ സ്പ്രിൻ്റില്‍ കഴിഞ്ഞ വര്‍ഷം ലോക റെക്കോര്‍ഡ് സ്ഥാപിച്ച രാംഭായ് ഇപ്പോള്‍ പുതിയ നേട്ടങ്ങളുടെ തിളക്കത്തിലാണ്

വെബ് ഡെസ്ക്

പ്രായമായവര്‍ക്ക് അത്ലെറ്റിക്സ് വഴങ്ങില്ലെന്ന് പറയുന്നവര്‍ 106 വയസുള്ള രാംഭായ് എന്ന 'സൂപ്പർ മുത്തശ്ശിയെ കാണുമ്പോള്‍ ഒന്ന് അമ്പരക്കും. മൈതാനങ്ങളിലൂടെ പ്രായത്തെ ഓടിത്തോല്‍പ്പിക്കുകയാണ് ഹരിയാന സ്വദേശിയായ സ്പ്രിന്റര്‍ രാംഭായ്. 85 വയസിന് മുകളിലുള്ളവരുടെ 100 മീറ്റര്‍ സ്പ്രിൻ്റില്‍ കഴിഞ്ഞ വര്‍ഷം ലോക റെക്കോര്‍ഡ് സ്ഥാപിച്ച രാംഭായ് ഇപ്പോള്‍ പുതിയ നേട്ടങ്ങളുടെ തിളക്കത്തിലാണ്. ഡെറാഡൂണില്‍ യുവ്‌റാണി സ്‌പോര്‍ട്‌സ് കമ്മിറ്റി നടത്തിയ 18-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്പ്രിന്റ്, 200 മീറ്റര്‍ സ്പ്രിന്റ്, ഷോട്ട് പുട് എന്നീ വിഭാഗങ്ങളില്‍ സ്വര്‍ണവുമായി അവർ ഒരിക്കല്‍ കൂടി മൈതാനത്തെ അത്ഭുതമായിരിക്കുന്നു.

''എനിക്ക് സന്തോഷമുണ്ട്'' എന്ന് പറഞ്ഞ് പോഡിയത്തില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ തന്നേക്കാൾ പ്രായം കുറഞ്ഞവരെയൊക്കെ പിന്തള്ളി നേടിയെടുത്ത സുവര്‍ണത്തിളക്കത്തിന്റെ അഭിമാനം മുഴുവനും രാംഭായിയുടെ മുഖത്തുണ്ടായിരുന്നു. മത്സരങ്ങള്‍ കഴിഞ്ഞ് ക്ഷീണിച്ച് വന്ന മുത്തശ്ശിയ്ക്ക് കാല് തടവിക്കൊടുക്കാന്‍ എത്തിയ ചെറുമകളോട് അതൊക്കെ ആവശ്യമുള്ളവര്‍ക്ക് ചെയ്തു കൊടുത്താല്‍ മതിയെന്നായിരുന്നു അവരുടെ മറുപടി. 2021 ജൂണിൽ ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 ​​മീറ്റർ, 200 മീറ്റർ സ്പ്രിന്റില്‍ പങ്കെടുത്താണ് അവർ 104-ാം വയസ്സിൽ തൻ്റെ പ്രൊഫഷണൽ അത്‌ലറ്റിക് ജീവിതം ആരംഭിച്ചത്.

ചര്‍ഖി ദാദ്രിയിലെ ഒരു ചെറു ഗ്രാമമായ കദ്മയിലാണ് രാംഭായിയുടെ ജനനം.വീട്ടുജോലികള്‍ ചെയ്തും കുടുംബത്തോടൊപ്പം കൃഷിയിടങ്ങളില്‍ പണിയെടുത്തും ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ച രാംഭായി ട്രാക്ക് ആൻഡ് ഫീല്‍ഡ് അത്ലെറ്റ് മാന്‍ കൗറിനെ കണ്ടാണ് അത്‌ലറ്റിക്‌സിലേക്ക് ചുവടുവച്ചത്. 2016ല്‍ വാന്‍കൗറില്‍ നടന്ന അമേരിക്കന്‍ മാസ്റ്റഴേ്‌സ് ഗെയിം 100 മീറ്റര്‍ സ്പ്രിന്ററില്‍ ഒരു മിനിറ്റും ഏഴ് സെക്കന്റും ഓടി സ്വര്‍ണം നേടിയ ലോകത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറീയനായിരുന്നു അവർ. അടുത്ത വര്‍ഷം ഓക്‌ലന്‍ഡില്‍ നടന്ന വേള്‍ഡ് മാസ്‌റ്റേഴ്‌സ് ഗെയിമില്‍ തൊട്ട് മുന്നിലെ സമയത്തില്‍ നിന്ന് ഏഴ് സെക്കന്റുകൂടി കുറച്ച് കൗര്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതി.

രാംഭായിയുടെ 41 വയസുള്ള ചെറുമകളായ ശര്‍മിള സഗ്‌വാന്‍ ആയിരുന്നു മന്‍ കൗറിന്റെ കഥ മുത്തശ്ശിയോട് പറഞ്ഞത്. 100 വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് ഇതൊക്കെ സാധിക്കുമെങ്കില്‍ തനിക്ക് എന്തുകൊണ്ട് പറ്റില്ല എന്ന ചോദ്യത്തില്‍ നിന്നാണ് രാംഭായിയുടെ തുടക്കം. ''വെറ്ററന്‍സ് വിഭാഗത്തിലെ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ശര്‍മിള ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ആദ്യം മടിച്ചു. എന്റെ ഗ്രാമത്തില്‍ നിന്ന് മുന്‍പ് ഒരിക്കല്‍ പോലും ഞാന്‍ പുറത്ത് പോയിട്ടില്ല, ഇപ്പോള്‍ മൈതാനത്തില്‍ ഇറങ്ങുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. ഇത് എന്റെ പ്രായത്തിലുള്ള ഓരോരുത്തര്‍ക്കുമുള്ള സന്ദേശമാണ്. എനിക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും പറ്റും. കായിക ഇനങ്ങളില്‍ പങ്കെടുക്കാനും ശരീരം ഫിറ്റായി സൂക്ഷിക്കാനും നമുക്കും സാധിക്കും'' രാംഭായി പറയുന്നു.

പ്രൊഫഷണല്‍ പരിശീലനങ്ങളിലൂടെയും മൈതാനത്തെ വര്‍ഷങ്ങളോളം നീണ്ടകഠിനാധ്വാനങ്ങളിലൂടെയും കൃത്യമായ ഭക്ഷണക്രമങ്ങളിലൂടെയും അവര്‍ തന്റെ സ്വപ്‌നത്തിലേക്കെത്തി. വഡോദരയില്‍ നടന്ന ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്പ്രിന്റ് വെറും 45.5 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി രാംഭായ് തന്റെ മാതൃകാ താരത്തിന്റെ റെക്കോര്‍ഡ് തന്നെ തകര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി പങ്കെടുത്ത 14 കായിക ഇനങ്ങളില്‍ നിന്ന് 200-ലധികം മെഡലുകളാണ് രാംഭായ് വാരിക്കൂട്ടിയത്.

കഴിഞ്ഞ വര്‍ഷം വഡോരയില്‍ നടന്ന ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്പ്രിന്റ് വെറും 45.5 സെക്കന്റ് കൊണ്ട് പൂര്‍ത്തിയാക്കി രാംഭായ് തന്റെ മാതൃകാ താരത്തിന്റെ റെക്കോര്‍ഡ് തന്നെ തകര്‍ത്തു

''മുത്തശ്ശി സ്‌പോര്‍ട്‌സിലേക്ക് ഇറങ്ങുന്നെന്ന് പറഞ്ഞപ്പോള്‍ കുടുംബത്തിലെ മറ്റുള്ളവര്‍ ആദ്യം സമ്മതിച്ചില്ല. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രായമായവരെ നന്നായി പരിചരിക്കാത്തതിന് ഗ്രാമവാസികള്‍ കുറ്റപ്പെടുത്തുമെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ മാന്‍ കൗറിനെ കാണിച്ച് ഞാന്‍ അവരെ കാര്യം പറഞ്ഞ് മനസിലാക്കി'' -ഹെവിവെഹിക്കിള്‍ ഡ്രൈവറായ ചെറുമകള്‍ ശര്‍മിളയുടെ വാക്കുകള്‍. ശർമിള തന്റെ മുത്തശ്ശിക്ക് മാത്രമല്ല അറുപത്തിയഞ്ചുകാരിയായ അമ്മ സാന്ദ്രാ ദേവിയ്ക്കും ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോള്‍ മൂന്ന് തലമുറകളില്‍ നിന്നുള്ള ഈ സ്ത്രീകളും കായിക മേഖലയില്‍ വ്യത്യസ്ത പ്രായവിഭാഗങ്ങളില്‍ തിളങ്ങുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ