ജനുവരിയില്‍ പുരുഷ ഹോക്കി ലോകകപ്പിന് വേദിയാകാന്‍ റൂര്‍ക്കല സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയം ജനുവരി ആദ്യം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും ആദിവാസി നേതാവുമായ ബിര്‍സ മുണ്ടയുടെ പേരിലാണ് പുതിയ സ്റ്റേഡിയം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിനൊപ്പം ജനുവരി 13 മുതല്‍ 29 വരെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് റൂര്‍ക്കല. ഇവിടെ മൊത്തം 20 മത്സരങ്ങളാണ് നടക്കുക.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിനൊപ്പം ജനുവരി 13 മുതല്‍ 29 വരെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് റൂര്‍ക്കല
കോവിഡ് മഹാമാരിയുടെ നടുവില്‍ 2021 ഫെബ്രുവരി 16നാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് റൂര്‍ക്കലയില്‍ പുതിയ ഹോക്കി സ്‌റ്റേഡിയത്തിന് തറക്കല്ലിട്ടത്. പുരുഷന്മാരുടെ എഫ്‌ഐഎച്ച് ഹോക്കി ലോകകപ്പിന്റെ രണ്ടാമത്തെ വേദിയായി ഈ സ്റ്റേഡിയം ഉപയോഗിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ സമയബന്ധിതമായി സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ പോലും സംശയിച്ചു. സ്‌റ്റേഡിയത്തിന്റെ പ്രധാന ഘടന പൂര്‍ത്തിയാക്കാനും ടര്‍ഫ് ഇടാനും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ നവംബര്‍ 30 വരെയാണ് സമയപരിധി നല്‍കിയത്.
അതിനു ശേഷം ഏകദേശം രണ്ട് വര്‍ഷമായി 1200 ലധികം കുടിയേറ്റത്തൊഴിലാളികള്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി രാപ്പകലില്ലാതെ അധ്വാനിച്ചു.അവരില്‍ പലരും ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 16 ഏക്കറോളം ഭൂമിയില്‍ 21000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മിതി. സ്റ്റേഡിയത്തിന്റെ അവസാനഘട്ട മിനുക്കു പണികള്‍ക്കായി തൊഴിലാളികള്‍ രാപ്പകലില്ലാതെ അധ്വാനിക്കുന്നത് തുടരുകയാണ്.
16 ഏക്കറോളം ഭൂമിയില്‍ 21000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മിതി
ഇന്ത്യയുടെയും ദക്ഷിണകൊറിയയുടെയും ജൂനിയർ ടീമുകള്‍ തമ്മിലുള്ള പരിശീലന മത്സരത്തിനായി മൈതാനം ഉപയോഗിച്ചിരുന്നെങ്കിലും അലുമിനിയം ഉപയോഗിച്ചുള്ള മുന്‍ഭാഗവും ഗ്ലാസ് ജനലുകളും ശരിയാക്കാനും അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനും വലിയ ക്രെയിനുകള്‍ അവിടെ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഡിയം പരിസരത്തെ റോഡുകളും പുല്‍ത്തകിടികളും പാര്‍ക്കിങ് സൗകര്യങ്ങളും മറ്റ് അനുബന്ധ ജോലികളും പൂര്‍ത്തിയാക്കാനും തൊഴിലാളികള്‍ കഠിനാധ്വാനത്തിലാണ്.
2021 ഓഗസ്റ്റില്‍ ആരംഭിച്ച സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ വെറും 15 മാസം കൊണ്ട് പൂര്‍ത്തീകരിച്ചെന്നാണ് പ്രൊജക്ട് മാനേജര്‍ ശബരീഷ് പറയുന്നത്. പണി തുടങ്ങുമ്പോള്‍ വന്മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ കാടായിരുന്ന സ്ഥലം കോവിഡ് പ്രതിസന്ധികളെ മറികടന്ന് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമാക്കി അവര്‍ മാറ്റി. മണ്‍സൂണ്‍ മഴയും ജോലിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
3600 ടണ്‍ സ്ട്രക്ചറല്‍ സ്റ്റീലും 4000 ടണ്‍ ടിഎംടി സ്റ്റീലുമാണ് ഇതിനായി ഉപയോഗിച്ചത്. എവിടെയിരുന്നാലും കാഴ്ച്ചയ്ക്ക് തടസമുണ്ടാകാത്ത രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റൂര്‍ക്കലയില്‍ സ്‌റ്റേഡിയം നിര്‍മിക്കാന്‍ ചെലവഴിച്ച തുക സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകളൊന്നും പുറത്ത് വിട്ടിട്ടില്ല. ബിര്‍സ മുണ്ട പോക്കി സ്‌റ്റേഡിയം പണിയാനും കലിംഗ സ്റ്റേഡിയം നവീകരിക്കുന്നതിനുമായി 875 കോടി രൂപ ചെലവഴിച്ചതായി കായികമന്ത്രി തുഷാര്‍കാന്തി ബെഹ്‌റ അറിയിച്ചിരുന്നു.
ബിര്‍സ മുണ്ട പോക്കി സ്‌റ്റേഡിയം പണിയാനും കലിംഗ സ്റ്റേഡിയം നവീകരിക്കുന്നതിനുമായി 875 കോടി രൂപ ചെലവഴിച്ചതായി കായികമന്ത്രി തുഷാര്‍കാന്തി ബെഹ്‌റ അറിയിച്ചിരുന്നു
മറ്റ് നഗരങ്ങളെ അപേക്ഷിച്ച് താമസസൗകര്യം, പരിശീലന പിച്ച്, പ്രധാന സ്റ്റേഡിയം, സ്വിമിങ് പൂള്‍, ജിം എന്നിവ അടുത്തടുത്തുള്ളതിനാല്‍ കളിക്കാര്‍ക്ക് റൂര്‍ക്കലയില്‍ അധികം യാത്ര ചെയ്യേണ്ടി വരില്ല. പുതിയ വിമാനത്താവളവും സ്റ്റേഡിയത്തിനോട് ചേര്‍ന്നാണ്.