SPORT

2036 ഒളിമ്പിക്സ് ആതിഥേയത്വം: ഇന്ത്യയ്ക്ക് മുന്നിലെ കടമ്പകളും വെല്ലുവിളികളും

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ സംഘടിപ്പിച്ച ഗെയിംസ് ഇവന്റുകളുടെ ചരിത്രം പോരായ്മകളും അഴിമതി ആരോപണങ്ങളും നിറഞ്ഞതാണ്

ഹരികൃഷ്ണന്‍ എം

ലോകകായികഭൂപടത്തില്‍ എല്ലാ മേഖലയിലും തന്നെ ഇന്ത്യയ്ക്ക് പ്രാതിനിധ്യമുണ്ട്. കായിക ഇനങ്ങളോടുള്ള ജനങ്ങളുടെ താല്‍പ്പര്യമാണ് ഏത് ടൂര്‍ണമെന്റിലും നിറയുന്ന ഗ്യാലറികള്‍. അത്തരമൊരു രാജ്യത്തെ സംബന്ധിച്ച് ഒളിമ്പിക്സ് ആതിഥേയത്വം എന്നത് സ്വപ്നസാക്ഷാത്കാരം തന്നെയായിരിക്കും. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

മുംബൈയില്‍ നടന്ന രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) 141-ാം സെഷനിലായിരുന്നു പ്രധാനമന്ത്രി സന്നദ്ധത അറിയിച്ചത്. വരും ആഴ്ചകളില്‍ കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) ചേര്‍ന്ന് കമ്മിറ്റി രൂപീകരിക്കുകയും സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി താല്‍പ്പര്യം അറിയിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യ നീക്കങ്ങള്‍ ആരംഭിച്ചിരുന്നതായാണ് ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്‌സ്പ്രസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഒസി സെഷന് മുന്നോടിയായി ഐഒസി അംഗങ്ങള്‍ ഐഒഎ ചീഫ് പിടി ഉഷയും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയതായാണ് അറിയാന്‍ കഴിയുന്നത്. ആതിഥേയത്വ അവകാശത്തിനായുള്ള അവസാന ലാപ്പിലേക്ക് ഓടിയെത്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ കടമ്പകള്‍ ഏറെയാണ്.

ആതിഥേയത്വ പ്രഖ്യാപനം സാവകാശം മാത്രം

ഒളിമ്പിക്സ് ആതിഥേയത്വ പ്രഖ്യാപനത്തിനായി കൃത്യമായൊരു കാലയളവ് ഐഒസി നിശ്ചയിച്ചിട്ടില്ല. ടോക്യോ, പാരീസ് ഒളിമ്പിക്സുകളുടെ ആതിഥേയത്വം പ്രഖ്യാപിച്ചത്‌ ഗെയിംസിന് ഏഴ് വര്‍ഷം മുന്‍പാണ്. 2032 ഒളിമ്പിക്സിന്റെ ആതിഥേയത്വ പ്രഖ്യാപനമുണ്ടാകുന്നത് 2021ലാണ്. 2036 ഒളിമ്പിക്സിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമാകില്ല. 2036 ഒളിമ്പിക്സിന്റെ നേതൃത്വം 2025ല്‍ നടക്കാനിരിക്കുന്ന ഐഒസി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഭാരവാഹികള്‍ക്കായിരിക്കും. അതിനാല്‍ തീരുമാനം വൈകാനുള്ള സാധ്യതകളാണ് കൂടുതലും.

ഓരോ ഒളിമ്പിക്സും വ്യത്യസ്തമാക്കാനാണ് ഐഒസി താല്‍പ്പര്യപ്പെടുന്നത്

സന്നദ്ധത അറിയിച്ചാല്‍ പിന്നീട് ചര്‍ച്ചകള്‍

ഒരു നഗരമോ മേഖലയോ ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ച് ഐഒസിക്ക് കത്തയച്ചുകഴിഞ്ഞാല്‍ പിന്നീട് ചര്‍ച്ചകളുടെ ഘട്ടമാണ്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള താല്‍പ്പര്യമാണിപ്പോള്‍ ഇന്ത്യ അറിയിച്ചിരിക്കുന്നതെങ്കിലും ചര്‍ച്ചകളില്‍ ഭാവിയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സും ഉള്‍പ്പെടും.

ഈ ചര്‍ച്ചകളുടെ ആയുസിനും കൃത്യമായൊരു കണക്കില്ല. ചര്‍ച്ചകള്‍ക്ക് കാര്യമായ പുരോഗതിയുണ്ടാകുമ്പോഴാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ഒരു നഗരമോ മേഖലയോ ആതിഥേയത്വ പരിധിയിലേക്ക് എത്തുകയും ചെയ്യുന്നത്. ആശയവിനിമയത്തിന്റെ വേഗത ഐഒസിയെ സമീപിക്കുന്ന കക്ഷികളുടെ താല്‍പ്പര്യത്തെ അടിസ്ഥാനമാക്കിയായിരിക്കും.

ചര്‍ച്ചകളില്‍ സംഭവിക്കുന്നത്

പ്രാഥമിക ഘട്ടത്തില്‍ ഐഒസി ആതിഥേയത്വം വഹിക്കാനാഗ്രഹിക്കുന്ന രാജ്യത്തിന്റെ വീക്ഷണത്തിനായിക്കും പ്രധാന്യം നല്‍കുക. എന്തുകൊണ്ടാണ് ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാനാഗ്രഹിക്കുന്നത്, ആതിഥേയത്വത്തിലൂടെ എന്ത് നേട്ടമാണ് ലക്ഷ്യമിടുന്നത്, ഒളിമ്പിക്സിന്റെ ദീര്‍ഘനാളായുള്ള ചരിത്രം സംരക്ഷിക്കപ്പെടുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഐഒസി ഉയര്‍ത്തും.

പിന്നീടാണ് കൃത്യമായ പദ്ധതിയിലേക്ക് കടക്കുക. എവിടെയാണ് ഗെയിംസ് നടത്താന്‍ ഉദ്ദേശിക്കുന്നത്, എന്തുകൊണ്ടാണ് പ്രദേശം തിരഞ്ഞെടുത്തിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയിലേക്ക് എത്തും. ഓരോ ഒളിമ്പിക്സും വ്യത്യസ്തമാക്കാനാണ് ഐഒസി താല്‍പ്പര്യപ്പെടുന്നത്. അതിനാല്‍ തന്നെ ഒരു പ്രത്യേക മാതൃക പിന്തുടരുന്നതിനോടും ഐഒസിക്ക് താല്‍പ്പര്യമുണ്ടാകില്ല.

ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി ഒരു രാജ്യം 20 ഉറപ്പുകളാണ് ഐഒസിക്ക് നല്‍കേണ്ടത്

ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടം പിന്നിട്ടാല്‍ ഐഒസി പിന്നീട് പരിശോധിക്കുക ആതിഥേയ രാജ്യത്തിന്റെ ശേഷിയെക്കുറിച്ചാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സ്വകാര്യ മേഖലയുടേയും പൊതുസമൂഹത്തിന്റേയും പങ്കാളിത്തം എന്നിവയെല്ലാം പരിഗണനയിലേക്കെത്തും. ഇവയെല്ലാം കൃത്യമായി സംഭവിച്ച് കഴിഞ്ഞാല്‍ ഐഒസിയുടെ ഒളിമ്പിക്സ് ആതിഥേയ കമ്മിഷന്‍ എക്സിക്യൂട്ടീവ് ബോര്‍ഡിന് രാജ്യത്തിന്റെ പേര് ശുപാര്‍ശ ചെയ്യും. ശേഷം ഐഒസി സംഘം ആതിഥേയ രാജ്യത്ത് സന്ദര്‍ശനം നടത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

എന്തൊക്കെ ഉറപ്പുകള്‍ ആതിഥേയ രാജ്യം നല്‍കണം

ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കുന്നതിന് ഒരു രാജ്യം 20 ഉറപ്പുകളാണ് ഐഒസിക്ക് നല്‍കേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍, താമസം സംബന്ധിച്ചുള്ള കരാറുകള്‍, സുരക്ഷ ഉറപ്പുകള്‍, പൊതുസേവനങ്ങള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു.

ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അല്ലെങ്കില്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനാണ് ഐഒസി മുന്‍ഗണന നല്‍കുന്നത്. ഒളിമ്പിക് വേദിക്ക് എത്ര ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതില്‍ പരിധി നിശ്ചയിക്കേണ്ടതില്ലെന്നുമാണ് ഐഒസി അധികൃതര്‍ പങ്കുവയ്ക്കുന്ന വിവരം.

ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍

1951, 1982 ഏഷ്യന്‍ ഗെയിംസുകള്‍, 2003 ആഫ്രൊ-ഏഷ്യന്‍ ഗെയിംസ്, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയാണ് ഇന്ത്യ ആതിഥേയത്വം വഹിച്ച ബഹുരാഷ്ട്ര ഇവന്റുകള്‍. 2003 ആഫ്രൊ ഏഷ്യന്‍ ഗെയിംസ് ഭാഗികമായി മാത്രമാണ് വിജയിപ്പിക്കാനായത്. സംഘാടനത്തിലെ പോരായ്മകള്‍ ഗെയിംസിന് തിരിച്ചടിയായിരുന്നു. 100 കോടി രൂപയിലധികം ചെലവഴിച്ചായിരുന്നു ഗെയിംസ് സംഘടിപ്പിച്ചത്. 96 രാജ്യങ്ങളില്‍ നിന്നായെത്തിയ രണ്ടായിരത്തോളം അത്ലറ്റുകള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും താമസസൗകര്യം ഒരുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. 2002 ദേശീയ ഗെയിംസിനായി തയാറാക്കിയ ഗെയിംസ് വില്ലേജ് സാമ്പത്തിക പ്രതിസന്ധി മൂലം നവീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഹോട്ടലുകളിലായിരുന്നു താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസം ഒരുക്കിയത്.

2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സംഘാടന പോരായ്മകള്‍ ഗെയിംസിന്റെ നിറം കെടുത്തിയെന്ന് തന്നെ പറയാം. ഗെയിംസ് പൂര്‍ത്തിയായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വിവാദങ്ങള്‍ ഒഴിഞ്ഞില്ല. 1600 കോടി രൂപയായിരുന്നു നിശ്ചയിച്ചിരുന്ന ബഡ്ജറ്റ്, എന്നാല്‍ ഗെയിംസ് പൂര്‍ത്തിയായപ്പോള്‍ 11,000 കോടി പിന്നിട്ടു. തുക സംബന്ധിച്ച് തന്നെ വലിയ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഗെയിംസ് വില്ലേജിലെ പോരായ്മകള്‍, പ്രധാന ഗെയിംസ് വേദികളുടെ നിര്‍മ്മാണത്തിലുണ്ടായ താമസം തുടങ്ങി നിരവധി പ്രതിസന്ധികള്‍ നിലനിന്നിരുന്നു. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ പോലും സര്‍ക്കാരിന് ചുമതലപ്പെടുത്തേണ്ടതായി വന്നു.

ഇത്തരമൊരു ചരിത്രം മുന്നില്‍ നില്‍ക്കെയാണ് ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയാറാകുന്നത്. കോമണ്‍വെല്‍ത്ത് പോലെയല്ല കാര്യങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലധികം താരങ്ങളും ഒഫീഷ്യല്‍സുമാണ് ഒരു ഒളിമ്പിക്സില്‍ പങ്കെടുക്കാനായി എത്തുന്നത്. ഇവര്‍ക്കെല്ലാം താമസസൗകര്യം ഒരുക്കുക എന്നത് വലിയ ദൗത്യം തന്നെ. പ്രത്യേകിച്ചും അന്താരാഷ്ട്ര നിലവാരത്തിലൊരുക്കുക എന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ജനസാന്ദ്രത കൂടുതലായതിനാല്‍ സ്ഥലപരിമിതിയും സംഘാടകരുടെ വെല്ലുവിളികൂട്ടും.

സ്റ്റേഡിയങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കേണ്ടതില്ലെന്ന് ഐഒസി പറയുമ്പോഴും നിലവിലെ സ്റ്റേഡിയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. അത് എത്രത്തോളം പ്രായോഗികമായിരിക്കുമെന്നത് ചോദ്യമാണ്. നിലവില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളുടെ മോശം അവസ്ഥയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മറ്റൊന്ന് അഴിമതിയെ മറികടക്കുക എന്നതാണ്, കോമണ്‍വെല്‍ത്തില്‍ സംഭവിച്ചത് ഒളിമ്പിക്സില്‍ ആവര്‍ത്തിച്ചാല്‍ ലോകത്തിന് മുന്നില്‍ രാജ്യം നാണംകെടുമെന്നതില്‍ സംശയമില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ