SPORT

കരാട്ടെയിലെ ഒരു മുത്തശ്ശിഗാഥ; അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പില്‍ നേട്ടവുമായി അറുപതുകാരിയും കൊച്ചുമകളും

സാധാരണയായി പലരും വിരമിക്കുന്ന പ്രായത്തിലാണ് ഗീത തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുറന്നത്

വെബ് ഡെസ്ക്

പ്രായമായാല്‍ കൊച്ചുമക്കളെ അടുത്തിരുത്തി കഥ പറഞ്ഞു കൊടുക്കുന്ന മുത്തശ്ശിമാരെ കുറിച്ചുള്ള വര്‍ണനകള്‍ ഒരുപാടുണ്ടല്ലോ. വാര്‍ദ്ധക്യം എന്നത് ഒതുങ്ങിക്കൂടേണ്ട സമയമാണെന്നാണ് പലരുടേയും മനസ്സിലിരുപ്പ്. എന്നാല്‍ ആ ധാരണകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു മുത്തശ്ശിയുടെയും കൊച്ചുമകളുടേയും വരവ്. 60 കാരിയായ ഗീത ഗോദാരയും 13 വയസ്സുള്ള അവരുടെ ചെറുമകള്‍ ആഷ്‌ക ഗോദാരയും മികവ് തെളിയിച്ചത് കരാട്ടെയിലാണ്.

രണ്ട് വര്‍ഷം മുന്‍പ് കൊച്ചുമകളെ കരാട്ടെ അക്കാദമിയിലേക്ക് കൊണ്ടുവിടാന്‍ പോകുമ്പോള്‍, താന്‍ രാജ്യത്തിനായി മെഡല്‍ നേടുമെന്ന് ഗീത ഒരിക്കലും കരുതിക്കാണില്ല. ഏപ്രില്‍ 30 ന് ദുബായില്‍ നടന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചെറുമകള്‍ ആഷ്‌ക സ്വര്‍ണം നേടിപ്പോള്‍ വെള്ളി മെഡലുമായി മുത്തശ്ശിയും രാജ്യത്തിന്റെ യശസ്സുയര്‍ത്തി. സാധാരണയായി പലരും വിരമിക്കുന്ന പ്രായത്തിലാണ് ഗീത തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുറന്നത്. ചുരുങ്ങിയ കാലം കൊണ്ട് കരാട്ടെയില്‍ പ്രാവീണ്യം നേടിയ അവര്‍ കായികരംഗം യുവാക്കളുടെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

''നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും'' എന്ന ഒറ്റ വാക്കിന്റെ ചുവട് പിടിച്ച് ഗീത എല്ലാ പ്രതിസന്ധികളെയും താണ്ടി വെള്ളിമെഡല്‍ ജേതാവായി

ആഷ്‌കയെ കൊണ്ടുവിടാനായി ഗീത എന്നും അക്കാദമിയില്‍ പോകുമായിരുന്നു. കൊച്ചുമകളുടെ പ്രകടനങ്ങള്‍ കണ്ട മുത്തശ്ശിക്ക് തന്റെ ബാല്യകാലത്തില്‍ മറന്നുവച്ച ആഗ്രഹങ്ങള്‍ വീണ്ടും മുളപൊട്ടി. തന്റെ ആഗ്രഹം ഗീത കരാട്ടെ മാസ്റ്ററെ അറിയിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് നിറഞ്ഞ പ്രോത്സാഹനമാണ് അവര്‍ക്ക് ലഭിച്ചത്. പ്രായം വെല്ലുവിളിയാകുമോ എന്ന് ചോദിച്ച ഗീതയോട് നിങ്ങളുടെ ആഗ്രഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഊര്‍ജത്തിനും മുന്നില്‍ അതൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന ആത്മവിശ്വാസവും അദ്ദേഹം നല്‍കി. 'നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും' എന്ന ഒറ്റ വാക്കിന്റെ ചുവട് പിടിച്ച് എല്ലാ പ്രതിസന്ധികളെയും താണ്ടി ഗീത വെള്ളിമെഡല്‍ ജേതാവായി.

''തുടക്കത്തില്‍ മുത്തശ്ശിയുടെ കൂടെ അക്കാദമിയില്‍ പഠിക്കുന്നത് എനിക്ക് വലിയ നാണക്കേടായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് അവരെ ഓര്‍ത്ത് വലിയ അഭിമാനം തോന്നുന്നു'', ആഷ്‌ക പറഞ്ഞു. ഒളിമ്പിക്സില്‍ പങ്കെടുക്കണമെന്നത് ഈ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും വലിയ ആഗ്രഹമാണ്. കൂടെയുള്ള മറ്റുള്ള കുട്ടികളെ പോലെ ചെറിയ മോഹങ്ങളായിരുന്നില്ല ഗീതയ്ക്ക് ചെറുപ്പത്തില്‍. സൈന്യത്തില്‍ ചേരണമെന്നായിരുന്നു അവരുടെ ബാല്യകാല സ്വപ്‌നം. എന്നാല്‍ ആ സ്വപ്‌നം അവരുടെ ജീവിതസാഹചര്യത്തില്‍ നിന്ന് വളരെ അകലെയായിരുന്നു. ഗ്രാമത്തിലെ അവരുടെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിക്കാന്‍ സാധിക്കുമായിരുന്നുള്ളു. ഇന്ന് രാജ്യത്തിനായി മെഡല്‍ നേടിയപ്പോള്‍ ഗീത തന്റെ ബാല്യകാല സ്വപ്‌നം സാക്ഷാത്കരിക്കുക കൂടിയായിരുന്നു.

''രണ്ടാം സ്ഥാനം ഗീത ഗോദാര, എന്ന പ്രഖ്യാപനം വന്നപ്പോള്‍ എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു'' ഗീത പറഞ്ഞു. പ്രായത്തെ മാനിക്കാതെ ആഗ്രഹത്തിന്റെ ചിറകിലേറിയ ഒരു മുത്തശ്ശിയുടെ വാക്കുകള്‍. രാജ്യത്തിന് അഭിമാനമാവുക മാത്രമല്ല, വയസ്സ് കൂടുന്തോറും സ്വപ്‌നങ്ങള്‍ കുഴിച്ചു മൂടുന്നവര്‍ക്ക് ഒരു വഴികാട്ടിയും ആവുകയാണ് ഗീത ഗോദാര.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം