SPORT

ട്രാക്കിലും ഫീല്‍ഡിലും കിതയ്ക്കുന്ന കൗമാരം

സനിൽ പി. തോമസ്

തിരുവനന്തപുരത്തു സമാപിച്ച 64-ാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സംഘാടക മികവാണ് കണ്ടത്. പക്ഷേ, താരങ്ങളുടെ പ്രകടനം  കണ്ടപ്പോൾ സ്കൂൾ സ്പോർട്സ് നടത്തിപ്പുകാരിൽ ചിലരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്ത പഴയ സംഭവമാണ് ഓർമ വരുന്നത്. 1980 കളിലെ കഥയാണ്. വൽസമ്മ തോമസ് എന്ന ലോങ് ജംപ് താരം ലാൻഡ് ചെയ്തത്  ജംപിങ് പിറ്റിനു വെളിയിലായിരുന്നു. ആ കുട്ടിയുടെ കൈയ്യൊടിഞ്ഞു. പിറ്റ് ഒരുക്കിയവർ ഇത്തരമൊരു ചാട്ടം പ്രതീക്ഷിച്ചില്ല എന്നതായിരുന്നു കാരണം. താരങ്ങളുടെ പ്രകടനമികവിനെ കുറച്ചുകണ്ടുവെന്ന ഗുരുതര കൃത്യവിലോപത്തിന് അവര്‍ക്ക് ശിക്ഷയും കിട്ടി.

എന്നാല്‍ ഇത്തവണത്തെ സ്‌കൂള്‍ മീറ്റില്‍ പലപ്പോഴും താരങ്ങള്‍ പിറ്റില്‍ എത്താനാണ് കഷ്ടപ്പെട്ടത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ട്രിപ്പിൾ ജംപ് താരങ്ങൾ പലരും കഷ്ടിച്ചാണ് പിറ്റിൽ എത്തിയത്. ചിലരെങ്കിലും പിറ്റ് എത്തും മുമ്പ് നിലംപതിക്കുമോയെന്നു സംശയിച്ചു. അതിലേറെ ആശങ്കപ്പെടുത്തിയത് മൽസരിച്ചവരിൽ പലരും ചാട്ടം പൂർത്തിയാക്കാതെ ശ്രമം ഉപേക്ഷിച്ചതാണ്. മറ്റ് ജംപ് ഇനങ്ങളിൽ അപകട സാധ്യതയില്ലായിരുന്നെങ്കിലും അതിശയിപ്പിക്കുന്ന കുതിപ്പ് കണ്ടില്ല.

ഓട്ടം പൂർത്തിയാക്കി തളർന്നിരിക്കുന്നവരും കിതയ്ക്കുന്നവരും സാധാരണ കാഴ്ചയാണ്. പക്ഷേ, ഒന്നിനു പിറകെ മറ്റൊന്നായി താരങ്ങളെ, പ്രത്യേകിച്ച് പെൺകുട്ടികളെ  സ്ട്രെക്ചറിൽ എടുത്തു കൊണ്ടു വരുന്നതു കണ്ടു. ചൂട് കണക്കാക്കി മത്സരങ്ങൾ ഫ്ളഡ് ലൈറ്റിലേക്കു നീട്ടിയിട്ടും ഇതെങ്ങനെ സംഭവിച്ചു?

2019 ൽ കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു കൊടിയിറങ്ങിയ ശേഷം നമ്മുടെ സ്കൂൾ സ്പോർട്സ് ആലസ്യത്തിലായിരുന്നു. രണ്ടു വർഷം മത്സരങ്ങൾ നടന്നില്ല. ഈ വർഷം നടക്കുമോയെന്ന ആശങ്കയിൽ ആലസ്യം വിട്ടൊഴിഞ്ഞില്ല. പിന്നെ,കോവിഡ് പല താരങ്ങളുടെയും ശ്വാസഗതിയെ ബാധിച്ചെന്നാണ് കായിക അധ്യാപകർ പറഞ്ഞത്. പരിശീലനം ലളിതമായി തുടങ്ങി കുറേശെ തീവ്രത കൈവരിക്കാനുള്ള സമയം കിട്ടിയില്ല. കോവിഡിനുശേഷമുണ്ടായ സാമ്പത്തിക മാന്ദ്യം പല പരിശീലന കേന്ദ്രങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചു. കാരണം പലതുണ്ടെങ്കിലും നമ്മുടെ കൗമാര താരങ്ങൾ കിതയ്ക്കുകയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ദേശീയ സ്കൂൾ കായികമേള മൂന്നു പ്രായ വിഭാഗങ്ങളിലായി വിഭജിച്ച് അതിൻ്റെ നിറം കെടുത്തിയത് കേരളത്തിൻ്റെ കുത്തക തകർക്കാനാണെന്നു ഇനി പറയാനാവില്ല. സ്കൂൾ തലത്തിലെ ഈ പിന്നോട്ടുപോക്കിൻ്റെ തുടർച്ചയാണ് ദേശീയ മീറ്റുകളിൽ യൂത്ത്, സീനിയർ തലങ്ങളിൽ അടുത്ത കാലത്തായി കാണുന്ന തിരിച്ചടികൾ.

നടത്തിപ്പിൽ സാങ്കേതിക മുന്നേറ്റം അവകാശപ്പെടുമ്പോഴും പരിശീലന കാര്യങ്ങളിൽ പാളിച്ച അംഗീകരിക്കേണ്ടതുണ്ട്. ത്രോ ഇനങ്ങളിൽ റെക്കോഡുകൾ തകർന്നത് ശ്രദ്ധിക്കപ്പെടണം. കാസർകോടിൻ്റെ കെ.സി. സർവനും വി.എസ്.അനുപ്രിയയും റെക്കോഡ് തിരുത്തി. മാത്രമല്ല, ഇവർ ജൂനിയർ താരങ്ങളുമാണ്. പാലക്കാടിൻ്റെ സീനിയർ താരം എസ്.മേഘ സ്പ്രിൻ്റ് ഡബിൾ നേടിയത് മികച്ച സമയത്തോടെയാണ്. സീനിയർ വിഭാഗം  ഒരു ലാപ് ഓട്ടത്തിൽ മാത്തൂരിലെ പി. അഭിരാം പ്രതീക്ഷ ഉയർത്തുന്നു. അതുപോലെ ട്രിപ്പിൾ സ്വർണം നേടിയ ഇ.എസ്. ശിവപ്രിയയും ജെ.ബിജോയ് യും ഭാവി വാഗ്ദാനങ്ങളാണ്. ബിജോയ് 800, 1500, 3000 മീറ്ററുകളിലാണ് സ്വർണം നേടിയത്. ഇതിൽ രണ്ടിനങ്ങളിൽ ശ്രദ്ധയൂന്നാൻ വൈകരുത്.

ഏതാനും കായികാധ്യാപകരുടെയും പരിശീലകരുടെയും സമർപ്പണത്തിലും എതാനും സ്കൂൾ മാനേജ്മെൻ്റുകൾ നൽകുന്ന പിന്തുണയിലുമാണ് നമ്മുടെ സ്കൂൾ കായികരംഗം ഏറെക്കാലമായി ചലിക്കുന്നത്. സർക്കാർ സ്പോർട്സ് ഹോസ്റ്റലുകളെ കുറച്ചുകാണുന്നില്ല. സ്വകാര്യ മേഖലയിൽ പലരുടെയും ആധിപത്യം അവസാനിച്ചുവെന്നു മാത്രമല്ല പഴയ വീറും വാശിയും കാണുന്നുമില്ല. പാലക്കാട് ജില്ല കുതിപ്പ് തുടർന്നപ്പോൾ സ്കൂൾ തലത്തിൽ കടകശേരി ഐഡിയൽ എച്ച്.എസ് മുൻ ചാംപ്യൻമാരെയൊക്കെ അട്ടിമറിച്ചു.പുതിയ സ്കൂളുകൾ കുതിക്കുമ്പോൾ പഴയവ പോരാട്ടം മതിയാക്കരുത്. സർക്കാറിൻ്റെ മാത്രമല്ല കോർപറേറ്റുകളുടെയും ശ്രദ്ധ ഈ രംഗത്ത് പതിക്കണം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം