വർഷം 1960, റോമൻ നഗരത്തിലെ ഒരു സായാഹ്നം. ഒളിമ്പിക്സിലെ 42 കിലോ മീറ്റർ മാരത്തണ്‍ അവസാനത്തോട് അടുക്കുകയായിരുന്നു. മെഡലില്‍ മുത്തമിടുമെന്ന് പ്രതീക്ഷിച്ച മൊറോക്കോയുടെ റാഡി ബെൻ അബ്ദെസലാം തന്നെയായിരുന്നു മുന്നില്‍.
ഓട്ടക്കാർക്ക് വഴിതെളിക്കുകയായിരുന്നു ഇറ്റാലിയൻ സൈനികർ. അവരുടെ കയ്യിലെ വെളിച്ചം ചുവപ്പ് ഷോർട്ട്‌സും കറുപ്പ് ബനിയനും ധരിച്ച ഒരാളുടെ നഗ്നമായ പാദങ്ങളിലായിരുന്നു. ഫിനിഷിങ് ലൈനിലേക്ക് ഏറക്കുറെ ഒരു കിലോമീറ്റർ മാത്രം ദൂരം. കാണികളെ ആശ്ചര്യപ്പെടുത്തിക്കൊണ്ടായിരുന്നു ആ കുതിപ്പ്.
ആ നഗരവീഥിയുടെ ഇരുവശങ്ങളിലും അണിനിരന്ന ആയിരങ്ങള്‍ ഒരു ചരിത്രം നിമിഷത്തിന് സാക്ഷിയാകുകയായിരുന്നു. ഒപ്പമോടിയവരെ പിന്നിലാക്കി അയാള്‍ ഫിനിഷ് ചെയ്തു. ഇരുകൈകളും ഉയർത്തി വിജയം ആഘോഷിച്ചു. ഒളിമ്പിക്‌സില്‍ സ്വർണമെഡലണിയുന്ന ആദ്യത്തെ കറുത്ത വർഗക്കാരനായ ആഫ്രിക്കൻ. എത്യോപിയൻ സ്വദേശിയായ അബേബി ബിക്കില. രണ്ട് മണിക്കൂറും 15 മിനുറ്റും 16 സെക്കൻഡുമെടുത്തായിരുന്നു ബിക്കില പുതുചരിത്രം കുറിച്ചത്.
സാധാരണയായി ഒളിമ്പിക്‌സ് മെഡലിലേക്ക് അടുക്കുന്നവർ ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെട്ടവരൊക്കെയായിരിക്കും. എന്നാല്‍ ബിക്കില ഫിനിഷ് ചെയ്ത ആ നിമിഷം വരെ അയാള്‍ മാരത്തണിന്റെ ചിത്രത്തിലെ ഇല്ലായിരുന്നു. നഗ്നപാദുകനായി സ്വർണമെഡലിലേക്ക് ഓടിക്കേറി ബിക്കില ലോകത്തെ ഞെട്ടിക്കുകയായിരുന്നെന്ന് പറഞ്ഞാലും തെറ്റില്ല.
ഈ മെഡല്‍ നേട്ടം ആഫ്രിക്കൻ ജനതയ്ക്കൊരു ഉണർവായിരുന്നെന്നാണ് ബ്രിട്ടീഷ് എഴുത്തുകാരനായ ടിം ജുധ പറയുന്നത്. ടിം ബിക്കിലയെക്കുറിച്ച് ഒരു പുസ്തകവും രചിച്ചിരുന്നു. റോമിലെ ബിക്കിലയുടെ ജയത്തിന് ശേഷമാണ് ആഫ്രിക്ക സ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് കാല്‍വച്ചതെന്നായിരുന്നു ദീർഘദൂര ഓട്ടത്തില്‍ ലോകചാമ്പ്യനായിരുന്ന എത്തിയോപ്യൻ താരം ഹയ്‌ലി ഗെബ്രസെലാസി പറഞ്ഞത്.
കാരണം ഒളിമ്പിക്‌സ് മെഡലിന്റെ തിളക്കമുള്ളൊരു ജീവിതമൊന്നുമായിരുന്നില്ല ബിക്കിലയുടേയും ആഫ്രിക്കൻ ജനതയുടേയും. 1932ല്‍ എത്യോപ്യയിലെ ഗ്രാമമായ ജാറ്റോയിലായിരുന്നു ബിക്കിലയുടെ ജനനം. ഒരു ഇടയ കുടുംബമായിരുന്നു ബിക്കിലയുടേത്.
എത്യോപ്യയുടെ ഇംപീരിയല്‍ ഗ്വാർഡിലംഗമായതായിരുന്നു ബിക്കിലയുടെ ജീവിതത്തിലെ വഴിത്തിരിവായത്. സൈനികരെ പരിശീലിപ്പിക്കാനെത്തിയ സ്വീഡിഷ് കോച്ച് ഒന്നി നിസ്കാനനായിരുന്നു ബിക്കിലയുടെ കഴിവ് കണ്ടെത്തിയത്. മാരത്തണിനായുള്ള പരിശീലനവും പിന്നാലെ ആരംഭിച്ചു.
അന്ന് ബിക്കിലയായിരുന്നില്ല റോമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ഓട്ടക്കാരൻ. വാമി ബിറാത്തുവായിരുന്നു. പക്ഷേ, റോമിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുൻപ് വാമിയുടെ ആരോഗ്യസ്ഥിതി മോശമായതായിരുന്നു ബിക്കിലയ്ക്ക് മുൻപില്‍ ട്രാക്ക് തെളിയാൻ കാരണമായത്.
റോമിലെഴുതിയ ചരിത്രം 1964ല്‍ ടോക്യോയിലും ബിക്കില ആവർത്തിച്ചു. സ്വർണം നിലനിത്തി. മാരത്തണില്‍ തുടർച്ചയായ രണ്ട് തവണ സ്വർണ നേടുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തം പേരിനോട് ചേർത്തുവെച്ചു. ടോക്യോയില്‍ നഗ്നപാദുകനായിരുന്നില്ല ബിക്കില, പകരം അയാള്‍ക്ക് മുന്നില്‍ മറ്റൊരു വെല്ലുവിളിയായിരുന്നു.
ടോക്യോയിലെ മാരത്തണ്‍ ഇവന്റിന് 40 ദിവസം മുൻപായിരുന്നു ബിക്കില ഒരു ശസ്ത്രക്രിയക്ക് വിധേയനായത്. അപ്പെൻഡിക്‌സ് നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരോഗ്യം വീണ്ടെടുത്ത ബിക്കില പുതിയ ലോക റെക്കോഡും അന്ന് സൃഷ്ടിച്ചിരുന്നു. രണ്ട് മണിക്കൂറും 12 മിനുറ്റും 11 സെക്കൻഡുമായിരുന്നു ഫിനിഷ് ചെയ്യാൻ വേണ്ടി വന്നത്.
1966 വരെ മാരത്തണ്‍ വേദികളില്‍ നിറഞ്ഞു നിന്ന ബിക്കിലയ്ക്ക് 1969ലാണ് അപ്രതീക്ഷിതമായി വാഹനാപകടം സംഭവിക്കുന്നതും കഴുത്തിന് താഴേയ്ക്ക് തളർന്നു പോകുന്നതും. ഇംഗ്ലണ്ടിലെ സ്റ്റോക്ക് മാൻഡെവില്‍ ഹോസ്പിറ്റലിലെ ചികിത്സയ്ക്കും ബിക്കിലയ്ക്ക് ആശ്വാസം നല്‍കാനായില്ല. തന്നെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആ കാലുകള്‍ ഒരിക്കലും ചലിക്കില്ലെന്ന യാഥാർഥ്യം ബിക്കിലയെ തേടിയെത്തി.
പക്ഷേ, ട്രാക്കിലെ പോരാട്ടത്തിന്റെ ഊർജം അയാളിലുണ്ടായിരുന്നു. കൈകളുടെ ചലനശേഷി വീണ്ടെടുത്ത ബിക്കില ടേബിള്‍ ടെന്നിസിലേക്കും അമ്പയ്‌ത്തിലേക്കും കടന്നു. 1970ല്‍ പാരലിമ്പിക്‌സിന്റെ ആദ്യ പതിപ്പുകളിലൊന്നെന്ന് വിശേഷിപ്പിക്കാനാകുന്ന സ്റ്റോക്ക് മാൻഡെവില്‍ ഗെയിംസിലും പങ്കെടുത്തു.
1973ല്‍ 41-ാം വയസില്‍ മരണമടഞ്ഞെങ്കിലും ബിക്കില ഇന്നും ആഫ്രിക്കൻ രാജ്യങ്ങളിലെ അത്‍ലീറ്റുകളുടെ പ്രചോദനമാണ്. പാരീസ് ഒളിമ്പിക്സില്‍ ഇത്തവണ എത്യോപ്യയെ 3000 മീറ്റർ സ്റ്റീപ്പിള്‍ ചേസില്‍ പ്രതിനിധീകരിക്കുന്ന ഗെറ്റ്‌നെറ്റ് വെയില്‍ ബിക്കിലയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു, He is trailblazer. He was the first. He’s always remembered till this day.