ഐസിസി ലോകകപ്പിന് ഇനിയും മൂന്ന് മാസത്തിലേറെ ബാക്കിയുണ്ട്. എന്നാൽ ആദ്യ പന്ത് എറിയുന്നതിന് മുൻപ് തന്നെ അഹമ്മദാബാദിലെ ഹോട്ടലുകൾ സ്കോർ ചെയ്തു കഴിഞ്ഞു. മൂന്ന് മാസം മുൻപ് മുൻകൂട്ടി ബുക്ക് ചെയ്തിട്ട് പോലും അരലക്ഷമാണ് ഹോട്ടൽ മുറികളുടെ വാടക. സാധാരണ സാഹചര്യങ്ങളിൽ 6500 രൂപ മുതൽ 10,000 രൂപ വരെ വാടകയുള്ള മുറികൾക്കാണ് 50,000 രൂപ വരെ ഈടാക്കുന്നത്.
മൂന്ന് പ്രധാന മത്സരങ്ങളാണ് അഹമ്മദാബാദിൽ നടക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുക. ഉദ്ഘാടന-ഫൈനല്‍ മത്സരങ്ങള്‍ക്ക് പുറമേ ഇന്ത്യ-പാക് മത്സരത്തിനുമെല്ലാം വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബർ 15ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിനാണ് കാണികൾ കൂടുതലായി എത്തുകയെന്നാണ് നിഗമനം. ഒക്‌ടോബർ 13 മുതൽ 16 വരെയുള്ള ബുക്കിങ്ങുകൾ ഇതിനകം പൂർത്തിയായതായി ഐടിസി നർമ്മദ ജനറൽ മാനേജർ കീനൻ മക്കെൻസി പറഞ്ഞു.
മിക്ക പഞ്ചനക്ഷത്ര ഹോട്ടലുകളിലും 60 മുതൽ 90 ശതമാനം മുറികളും ബുക്ക് ചെയ്ത് കഴിഞ്ഞു. ഉദ്ഘാടനത്തിനും ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ മത്സരത്തിനും ഇംഗ്ലണ്ടിൽ നിന്നും മറ്റുമുള്ള ട്രാവൽ ഏജൻസികൾ ഇതിനകം ബുക്കിങ് നടത്തിക്കഴിഞ്ഞു. അടിസ്ഥാന കാറ്റഗറി മുറികൾക്ക് ഏകദേശം 52,000 രൂപയും പ്രീമിയം കാറ്റഗറി മുറികൾക്ക് 1,000 പൗണ്ടും (ഒരു ലക്ഷം രൂപ) അതിന് മുകളിലുമാണ് വാടക ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.