കേരളം ആരാധനാപൂര്‍വം കണ്ട ആദ്യത്തെ വിദേശ ഫുട്‌ബോള്‍ സൂപ്പര്‍താരം ഒരു പാകിസ്താന്‍കാരനായിരുന്നു എന്നറിയാമോ? ഖയൂം അലി ചെങ്കാസി, ബലൂചിസ്ഥാന്‍കാരന്‍. 1955 ല്‍ കണ്ണൂര്‍ ജിംഖാനയെ തോല്‍പ്പിച്ച് സേട്ട് നാഗ്ജി അമര്‍സീ സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ കറാച്ചി കിക്കേഴ്‌സ് ടീമിന്റെ ശക്തനായ സ്റ്റോപ്പര്‍. ചൈനീസ് വന്മതില്‍ എന്ന് ഓമനപ്പേരുള്ള മുന്‍ പാക് ക്യാപ്റ്റന്‍. ഓമനപ്പേര് ``പാപ്പ.''
പാകിസ്താന്‍ സൃഷ്ടിച്ച എക്കാലത്തെയും മികച്ച കളിക്കാരനായി വാഴ്ത്തപ്പെടുന്ന ചെങ്കാസിയെ നാഗ്ജി ഫൈനലിന് ശേഷം ചുമലിലേറ്റിയാണ് ആരാധകര്‍ മാനാഞ്ചിറ മൈതാനത്തിന് പുറത്തു കൊണ്ടുപോയതെന്ന് എഴുതിയിട്ടുണ്ട് അന്തരിച്ച ഫുട്‌ബോള്‍ ലേഖകന്‍ മുഷ്താഖ്. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാഴ്‌സികളും ഗുജറാത്തികളും തമിഴന്മാരും എല്ലാമുണ്ടായിരുന്നു അന്ന് പാക് ടീമിന് വേണ്ടി ആര്‍ത്തു വിളിച്ചവരില്‍.
ഏത് കായിക ഇനത്തിലായാലും ഇന്ത്യയില്‍ നടക്കുന്ന ഒരു ഇന്ത്യ -- പാക് മത്സരത്തില്‍ പാക് ടീമിന് വേണ്ടി ആരവം മുഴക്കുന്ന കാണികളെ കുറിച്ച് ഇന്നത്തെ കാലത്ത് സങ്കല്‍പ്പിക്കാനാകുമോ നമുക്ക്?
`` ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും വികാരനിര്‍ഭരമായ മുഹൂര്‍ത്തമായിരുന്നു അത്.'' -- പില്‍ക്കാലത്ത് ചെങ്കാസി ഒരഭിമുഖത്തില്‍ പറഞ്ഞു: ``സ്വന്തം നാടായ പാകിസ്താനില്‍ പോലും എന്നെ അത്രയേറെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചില്ല ആരും.'' ചെങ്കാസിക്ക് പുറമെ സെന്റര്‍ ഫോര്‍വേഡ് ഉമര്‍, ഹാഫ് ബാക്ക് ഹുസ്സൈന്‍ ഖില്ലര്‍, സ്‌കീമര്‍ ഘനി, മൂസ തുടങ്ങി നിരവധി പാക്് താരങ്ങള്‍ക്കും ഫ്രോണ്ടിയര്‍ ഹിലാല്‍ (പെഷവാര്‍), കറാച്ചി മക്രാന്‍സ് , കറാച്ചി ഫ്രണ്ട്‌സ് യൂണിയന്‍ തുടങ്ങിയ ക്‌ളബ്ബുകള്‍ക്കും ഉണ്ടായിരുന്നു മലബാറില്‍ ആരാധകസഹസ്രങ്ങള്‍.
കൊച്ചിയിലെ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലും (1960) കണ്ടു ചെങ്കാസിയുടെ ഇന്ദ്രജാലം. ചരിത്രത്തിലാദ്യമായി പാക് ഫുട്ബാള്‍ ടീം ഇന്ത്യയെ തോല്‍പ്പിച്ചത് ആ ടൂര്‍ണ്ണമെന്റിലാണ്; ഏകപക്ഷീയമായ ഒരു ഗോളിന്. ചെങ്കാസിയായിരുന്നു ആ പാക് ടീമിന്റെ നായകന്‍. അതേ ടൂര്‍ണമെന്റില്‍ പ്രബലരായ ഇറാനെ 4-1 ന് തകര്‍ത്തപ്പോഴും ഇസ്രയേലിനെ 2 - 2 ന് സമനിലയില്‍ തളച്ചപ്പോഴും പാക് പ്രതിരോധത്തില്‍ തിളങ്ങിയ ചെങ്കാസി മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് സ്വാഭാവികം.
ഡ്യുസല്‍ഡോര്‍ഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ജര്‍മ്മന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായി മാറിയേനെ ചെങ്കാസി
പാക് ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്ന മലപ്പുറംകാരന്‍ ഇരുമ്പന്‍ കുട്ടി എന്ന മൊയ്തീന്‍കുട്ടിയില്‍ നിന്നാണ് 1950 കളുടെ ഒടുവില്‍ പാകിസ്താന്‍ ദേശീയ ടീമിന്റെ നായകപദവി ചെങ്കാസി ഏറ്റെടുത്തത്. നേരത്തെ മൊയ്തീന്‍കുട്ടിയുടെ നായകത്വത്തില്‍ പാക് ഫുട്‌ബോളിലെ ആദ്യ ഹാട്രിക്ക് ചെങ്കാസി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു -- 1955 ലെ കൊളംബോ കപ്പില്‍ ബര്‍മ്മയ്ക്കെതിരെ. 63 ല്‍ ഏഷ്യയില്‍ പര്യടനം നടത്തിയ ബുണ്ടസ്ലി ഗയിലെ രണ്ടാം ഡിവിഷന്‍ ക്ലബായ ഫോര്‍ച്യുന ഡ്യുസല്‍ഡോര്‍ഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ ജര്‍മ്മന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായി മാറിയേനെ ചെങ്കാസി. പാക് കായികരംഗത്തെ പരമോന്നത ബഹുമതികളെല്ലാം ചെങ്കാസിയെ തേടിയെത്തി. 2005 ല്‍ എണ്‍പതാം വയസ്സിലായിരുന്നു അന്ത്യം.