ലോക റെക്കോഡുകള്‍ സൃഷ്ടിക്കുക, അത് വീണ്ടും വീണ്ടും തിരുത്തുക... ഇതൊരു ശീലമാണ് സ്വീഡൻ താരം അർമാൻഡ് ഡുപ്ലാന്റിസിന്, കായികലോകത്തെ തന്നെ അതിശയിപ്പിക്കുന്ന ശീലം. സിലേഷ്യ ഡയമണ്ട് ലീഗിലാണ് പോള്‍ വോള്‍ട്ടില്‍ പുതിയ ലോക റെക്കോഡ് ഡുപ്ലാന്റിസ് കുറിച്ചത്.
6.26 മീറ്റർ ദൂരമായിരുന്നു ഡുപ്ലാന്റിസ് താണ്ടിയത്. മൂന്നു വാരം മുൻപായിരുന്നു പാരീസ് ഒളിമ്പിക്സില്‍ 6.25 മീറ്റർ മറികടന്ന് ലോക റെക്കോഡും സ്വർണമെഡലും ഡുപ്ലാന്റിസ് സ്വന്തമാക്കിയത്. ഡയമണ്ട് ലീഗിലും നേട്ടം ആവർത്തിച്ചതോടെ തനതുശൈലയിലായിരുന്നു ഡുപ്ലാന്റിസിന്റെ ആഘോഷവും.
"എല്ലാം ഒരുമിച്ചു വന്നു, അതിനാല്‍ എനിക്കിത് സാധ്യമാക്കാനായി. ഒരുപാട് കായികപ്രേമികള്‍ എന്റെ പ്രകടനം കാണാനായി മാത്രം എത്തിയിട്ടുണ്ടെന്ന് അറിയാമായിരുന്നു. അവർക്കായി മികച്ച പ്രടനം പുറത്തെടുക്കണമെന്നുണ്ടായിരുന്നു. ഈ വർഷം ഞാൻ ഒളിമ്പിക്സിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നല്ല പ്രകടനങ്ങളുടെ ആത്മവിശ്വാസം ഒപ്പമുണ്ടായിരുന്നു, റെക്കോഡ് അങ്ങനെ തനിയെ സംഭവിച്ച ഒന്നാണ്. ഇന്ന് സ്ഥാപിച്ച ലോക റെക്കോഡും എന്നെ അത്ഭുതപ്പെടുന്നില്ല," ഡുപ്ലാന്റിസ് വ്യക്തമാക്കി.
2014 ഫെബ്രുവരിയില്‍ ഫ്രാൻസിന്റെ ലവില്ലേനി സ്ഥാപിച്ച റെക്കോഡ് (6.16 മീറ്റർ) മറികടന്നുകൊണ്ടായിരുന്നു ഡുപ്ലാന്റിസ് ട്രാക്കില്‍ ശ്രദ്ധനേടുന്നത്. 2020ലായിരുന്നു 6.17 മീറ്റർ മറികടന്നുകൊണ്ട് ഡുപ്ലാന്റിസ് ചരിത്രം കുറിച്ചത്. പിന്നീട് നിരന്തരം തന്റെ റെക്കോഡുകള്‍ തിരുത്തി. നാല് വർഷത്തിനിടെ പത്ത് തവണയാണ് താരം സ്വന്തം ദൂരം തിരുത്തിയത്.
ഡുപ്ലാന്റിസിനു പുറമെ നോർവീജിയൻ താരം ജേക്കബ് ഇംഗർബ്രിഗ്‌സനും സിലേഷ്യ ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ചു. 3000 മീറ്ററില്‍ 1996ലെ ലോക റെക്കോഡാണ് താരം മറികടന്നത്. ഏഴ് മിനുറ്റും 17.55 സെക്കൻഡുമെടുത്താണ് ജേക്കബ് ഫിനിഷ് ചെയ്തത്. ഇറ്റാലിയൻ താരം റെയ്‌തി കുറിച്ച സമയമാണ് ജേക്കബ് തിരുത്തിയത്. ഏഴ് മിനുറ്റും 20.67 സെക്കൻഡുമെടുത്തായിരുന്നു റെയ്‌തി ഫിനിഷ് ചെയ്തത്.