SPORT

ഏഷ്യന്‍ ഗെയിംസ്: പുരുഷ വോളി ടീമിന് ആദ്യ ജയം

മൂന്നര പതിറ്റാണ്ടിനു ശേഷം മെഡല്‍ പട്ടികയില്‍ ഇടംനേടാനാണ് ഇന്ത്യന്‍ പുരുഷ വോളി ടീം ലക്ഷ്യമിടുന്നത്. ഇതിനു 1986-ലാണ് ഇന്ത്യ അവസാനമായി മെഡലണിഞ്ഞത്

വെബ് ഡെസ്ക്

ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ ജയം. ഇന്നാരംഭിച്ച ഗെയിംസിനങ്ങളില്‍ ഇന്ത്യയുടെ ആദ്യ മത്സരമായ പുരുഷന്മാരുടെ വോളിയില്‍ കംബോഡിയയെയാണ് ഇന്ത്യന്‍ ടീം തോല്‍പിച്ചത്. 25-14, 25-13, 25-19 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തില്‍ ആദ്യന്തം ആധിപത്യം പുലര്‍ത്തിയ ഇന്ത്യ വെറും 73 മിനിറ്റുകള്‍ക്കുള്ളിലാണ് വിജയം പിടിച്ചെടുത്തത്.

കംബോഡിയയുടെ മികച്ച സ്മാഷോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിലേ ലീഡ് നേടാനും അവര്‍ക്കായി. എന്നാല്‍ ഉടന്‍ തന്നെ തിരിച്ചടിച്ച ഇന്ത്യ അഞ്ചു മിനിറ്റിനകം 2-1ന് മുന്നിലെത്തി. പിന്നീട് മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 15 മിനിറ്റിനുള്ളില്‍ 12-6 എന്ന ലീഡിലേക്ക് മുന്നേറിയ ഇന്ത്യ 25-14ന് ആദ്യ സെറ്റ് സ്വന്തമാക്കി.

ആദ്യ സെറ്റിന്റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാമത്തേതിലും. തുടക്കത്തില്‍ കംബോഡിയയുടെ മുന്നേറ്റം കണ്ടെങ്കിലും ഇന്ത്യ പിന്നീട് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദ്യം 6-4 എന്ന നിലയിലേക്കും പിന്നീട് 17-8 എന്ന നിലയിലേക്കും ലീഡ് ഉയര്‍ത്തിയ ഇന്ത്യ 25-13 എന്ന സ്‌കോറില്‍ രണ്ടാം സെറ്റും നേടി. മൂന്നാം സെറ്റില്‍ ഒരു ഘട്ടത്തില്‍ ഇരുടീമുകളും 10-10 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. തുടര്‍ന്നും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടെങ്കിലും 16-14 എന്ന നിലയില്‍ ലീഡ് നേടിയ ഇന്ത്യ പിന്നീട് അത് നിലനിര്‍ത്തി 25-19 എന്ന സ്‌കോറില്‍ സെറ്റും മത്സരവും സ്വന്തമാക്കി.

ദക്ഷിണ കൊറിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. മികച്ച തുടക്കം ലഭിച്ചത് ടീമിന് വരും മത്സരങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മൂന്നര പതിറ്റാണ്ടിനു ശേഷം മെഡല്‍ പട്ടികയില്‍ ഇടംനേടാനാണ് ഇന്ത്യന്‍ പുരുഷ വോളി ടീം ലക്ഷ്യമിടുന്നത്. ഇതിനു 1986-ലാണ് ഇന്ത്യ അവസാനമായി മെഡലണിഞ്ഞത്. 1962 ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയതാണ് ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. 1958-ലും 1986-ലും വെങ്കലവും നേടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ