ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച് എസ് പ്രണോയ് ഫൈനലിൽ. സെമിയില്‍ ഇന്ത്യയുടെ പ്രിയാൻഷു രജാവത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് ഫൈനലില്‍ കടന്നത്. ലോക ഒൻപതാം നമ്പർ താരമായ പ്രണോയ് വെറും 43 മിനിറ്റ് കൊണ്ടാണ് രജാവത്തിനെ പുറത്താക്കിയത്. സ്‌കോർ 21-18, 21-12. ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ പ്രണോയ് നേരിടും.
മേയ് മാസം നടന്ന മലേഷ്യ മാസ്റ്റേഴ്‌സിൽ പ്രണോയ് വിജയം നേടിയത് ടൂർണമെന്റ് നേട്ടത്തിന് കൂടുതൽ കരുത്തായി. ഒളിമ്പിക് മെഡൽ ജേതാവും ലോക രണ്ടാം നമ്പർ താരവുമായ ആന്റണി ജിന്ദിങ്ങിനെയാണ് ക്വാർട്ടറിൽ പ്രണോയ് പരാജയപ്പെടുത്തിയത്.
ഓർലിയൻസ് മാസ്റ്റേഴ്സ് ജേതാവ് പ്രിയാൻഷു രജാവത്തിന്റെ കന്നി സെമിഫൈനൽ മത്സരം കൂടിയായിരുന്നിത്. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെ പരാജയപ്പെടുത്തിയാണ് പ്രിയാൻഷു സെമിഫൈനലിൽ പ്രവേശിച്ചത്.
അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പി വി സിന്ധു ടൂർണമെന്റിൽ നിന്ന് പുറത്തായത് വലിയ തിരിച്ചടിയായി. ക്വാര്‍ട്ടറില്‍ ലോക 12-ാം നമ്പര്‍ താരമായ അമേരിക്കയുടെ ബെയ്‌വെന്‍ ഷാങ്ങിനോടാണ് സിന്ധുവിന് തോൽവിയേറ്റു വാങ്ങേണ്ടി വന്നത്.
നാലാം ഓസ്‌ട്രേലിയ ഓപ്പണ്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ സിന്ധുവിനെ ഷാങ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി.