ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ചാമ്പ്യന്‍ഷിപ്പിലെ അവശേഷിച്ച ഇന്ത്യന്‍ പ്രാതിനിധ്യമായ ലക്ഷ്യ സെന്നും തോറ്റുു പുറത്തായി. പുരുഷ വിഭാഗം സെമിഫൈനലില്‍ ലോക ഒമ്പതാം നമ്പര്‍ താരവും നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ ഇന്തോനീഷ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയോടാണ് ലക്ഷ്യ തോല്‍വി സമ്മതിച്ചത്.
ഇന്നു രാവിലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍ 21-15, 13-21, 21-16. മത്സരത്തില ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ സെന്‍ അതിശക്തമായി തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തിയതാണ്. എന്നാല്‍ രണ്ടാം ഗെയിമില്‍ കാഴ്ചവച്ച പോരാട്ടമികവ് മൂന്നാം ഗെയിമില്‍ ആവര്‍ത്തിക്കാനാകാതെ പോയത് വിനയായി.
68 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്തോനീഷ്യന്‍ താരം ഇന്ന് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. ഇതു മൂന്നാം തവണയാണ് ഇരുവരും കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനു മുമ്പ് ഓരോ ജയം പങ്കിടുകയായിരുന്നു. ഇന്നത്തെ ജയത്തോടെ ലക്ഷ്യയ്ക്കു മേല്‍ 2-1 എന്ന നിലയില്‍ ആധിപത്യം സ്ഥാപിക്കാനും ജൊനാഥനായി.