ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ വനിതാ സൂപ്പര്‍ താരം പിവി സിന്ധു പുറത്ത്. സിഡ്‌നിയിൽ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അമേരിക്കന്‍ താരം ബെയ്‌വെൻ ഷാങ്ങിനോട് 12-21, 17-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.
2020 ന് ശേഷം ഇതാദ്യമായാണ് സിന്ധുവും ബെയ്‌വെൻ ഷാങും നേർക്ക് നേർക്ക് ഏറ്റുമുട്ടുന്നത്. ആദ്യ ഗെയിമിൽ തന്നെ പിവി സിന്ധുവിനെതിരെ ബെയ്‌വെൻ ഷാങ് ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരത്തിലുടനീളം സിന്ധുവിനെ പിന്നിലാക്കിയുളള പ്രകടനമാണ് ബെയ്‌വെൻ കാഴ്ചവച്ചത്. രണ്ടാം ഗെയിമിൽ മെച്ചപ്പെട്ട പ്രകടനത്തോടെ സിന്ധു തിരികെ വരാൻ ശ്രമിച്ചെങ്കിലും നിർണായക നിമിഷങ്ങളിൽ മുന്നേറാൻ കഴിഞ്ഞിരുന്നില്ല. രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ പിവി സിന്ധുവിന്റെ തിരിച്ചുവരവ് സ്വപ്‌നങ്ങളാണ് ഇതോടെ തകര്‍ന്നത്.
2023 സീസണിലെ സിന്ധുവിന്റെ പ്രകടനങ്ങൾ എല്ലാം തന്നെ താരത്തിന്റെ പതിവ് നിലവാരത്തിൽ നിന്ന് വളരെ താഴെയാണ്. ജൂലായിൽ നടന്ന ജപ്പാൻ ഓപ്പൺ ഉൾപ്പെടെ ഈ വർഷം ഏഴ് ടൂർണമെന്റുകളിൽ ആദ്യ റൗണ്ടിൽ തന്നെ സിന്ധു പുറത്തായിരുന്നു. തുടർച്ചയായ തോൽവികൾക്ക് ശേഷം ദക്ഷിണ കൊറിയൻ കോച്ച് പാർക്ക് ടെ-സാങ്ങുമായി സിന്ധു തെറ്റിപ്പിരിഞ്ഞതും ഈ വർഷമായിരുന്നു. പിന്നാലെ, മുൻ മലേഷ്യൻ ബാഡ്മിന്റൺ താരം മുഹമ്മദ് ഹാഫിസ് ഹാഷിമിനെ തന്റെ പുതിയ പരിശീലകനായി ജൂലൈയിൽ സിന്ധു പ്രഖ്യാപിച്ചു. പാരീസ് 2024 ഒളിമ്പിക്‌സ് വരെ മുഹമ്മദ് ഹാഫിസ് സിന്ധുവിനെ പരിശീലിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.