ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകളുയര്‍ത്തി പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും പ്രീക്വാര്‍ട്ടറില്‍. അതേസമയം ഡബിള്‍സില്‍ ഇന്ത്യക്ക് ആഹ്‌ളാദവും നിരാശയും സമ്മാനിച്ച ദിനമായി ഇന്നത്തേത്.
രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവും മുന്‍ ലോക ചാമ്പ്യനുമായ സിന്ധു ഇന്നു നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇന്തോനീഷ്യയുടെ ഗ്രിഗോറിയ തുന്‍ജുങ്ങഇനെ തോല്‍പിച്ചാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. വെറും 38 മിനിറ്റിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ 21-19, 21-15 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.
അതേസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ ജപ്പാന്‍ താരം കെന്റ നിഷിമോട്ടോയ്‌ക്കെതിരേയായിരുന്നു മലയാളി താരം പ്രണോയിയുടെ ജയം. 21-16, 21-14 എന്ന സ്‌കോറില്‍ പ്രണോയിയും നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ജയിച്ചു കയറിയത്. കഴിഞ്ഞ മാസം അവസാനം മലേഷ്യന്‍ ഓപ്പണ്‍ കിരീടം ചൂടിയ പ്രണോയ് അതേ ഫോം തന്നെയാണ് ഇന്തോനീഷ്യയിലും തുടരുന്നത്. പ്രീക്വാര്‍ട്ടറില്‍ സിന്ധു നാളെ തായ്‌വാന്‍ താരം തായ് സു യിങ്ങിനെ നേരിടുമ്പോള്‍ പ്രണോയിക്ക് ഹോങ്‌കോങ് താരം ആംഗസ് ലോങ്ങാണ് എതിരാളികള്‍.
പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ കാത്ത് ലോക നാലാം റാങ്കുകാരായ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് ജോഡികളായ ക്രിസ്‌റ്റോ പൊപ്പോവ്-തോമാ പാപ്പോവ് ജോഡികളെയാണ് അവര്‍ മറികടന്നത്. മത്സരത്തില്‍ 21-12, 11-7 എന്ന സ്‌കോറില്‍ ഇന്ത്യന്‍ ജോഡികള്‍ മുന്നിട്ടു നില്‍ക്കെ പരുക്കിനെത്തുടര്‍ന്ന് ഫ്രഞ്ച് ടീം മത്സരത്തില്‍ നിന്നു പിന്മാറുകയായിരുന്നു.
അതേസമയം നിതകളുടെ ഡബിള്‍സിലാണ് ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ജാപ്പനീസ് സഖ്യമായ റിന്‍ ഇവാംഗ-കെയ് നകാനിഷി സഖ്യമാണ് ഇവരെ തോല്‍പിച്ചത്. സ്‌കോര്‍ 20-22, 21-12, 21-16. ആവേശപ്പോരാട്ടത്തില്‍ ടൈ ബ്രേക്കറിലേക്കു നീണ്ട ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യന്‍ ജോഡികളുടെ പരാജയം.