SPORT

ശ്രേയസ് അയ്യറും ഇഷാന്‍ കിഷനുമില്ല; അടുത്ത സീസണിലേക്കുള്ള കളിക്കാരുടെ കരാർ പട്ടിക പുറത്തുവിട്ട് ബിസിസിഐ

സെപ്റ്റംബര്‍ 30 വരെ കാലാവധിയുള്ള കരാറാണ് പുറത്ത് വിട്ടത്.

വെബ് ഡെസ്ക്

ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ വിസമ്മതിച്ച യുവതാരങ്ങളായ ഇഷാൻ കിഷൻ്റെയും ശ്രേയസ് അയ്യരുടെയും കോൺട്രാക്ട് റദ്ദാക്കി ബിസിസിഐ. ഇന്നു പുറത്തുവിട്ട 2024-25 സീസണിലേക്കുള്ള കരാറിൽ നിന്നാണ് ഇരുവരേയും ഒഴിവാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഏറ്റവും ഉയര്‍ന്ന കാറ്റഗറിയായ എ പ്ലസ് ഗ്രേഡിലുള്ളത്.

മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഗ്രേഡ് എയില്‍ ഇടം പിടിച്ചു. സൂര്യ കുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഗ്രേഡ് ബിയിലുള്‍പ്പെട്ടു. 22കാരനായ യശസ്വി ജയ്സ്വാളിന് ഇതാദ്യമായാണ് ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിക്കുന്നത്. റിങ്കു സിങ്, മുകേഷ് കുമാര്‍, ശിവം ദുബേ, പ്രസിദ് കൃഷ്ണ തുടങ്ങിയവരാണ് കരാറിൽ ഇടം പിടിച്ച പുതുമുഖങ്ങൾ.

ദേശീയ ടീമില്‍ ഉള്‍പ്പെടാത്ത കാലയളവില്‍ താരങ്ങള്‍ നിർബന്ധമായും ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന ബിസിസിഐ സമീപകാല തീരുമാനത്തിന്റെ ഭാഗമായാണ് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും പുറത്തായത്.

പരുക്കിൻ്റെ പേരിൽ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാൻ ശ്രേയസ് കൂട്ടാക്കിയിരുന്നില്ല. എന്നാൽ അന്ത്യശാസനം ലഭിച്ചതിനേത്തുടർന്ന് മാര്‍ച്ച് രണ്ടിന് ആരംഭിക്കുന്ന സെമി ഫൈനലില്‍ മുംബൈ സ്‌ക്വാഡിനൊപ്പം മത്സരിക്കാന്‍ ശ്രേയസുണ്ടാകുമെന്നാണ് സൂചന.

അതേസമയം ഇഷാനെതിരേ നടപടി ഉറപ്പായിരുന്നു. ബിസിസിഐ ആവര്‍ത്തിച്ച് അന്ത്യശാസനം നല്‍കിയിട്ടും രാജ്യത്തിനോ, സംസ്ഥാനത്തിനോ വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയാറാകാത്ത ഇഷാന്‍ നടപടി ചോദിച്ചു വാങ്ങുകയായിരുന്നു.

ഭാവിതാരമെന്നു കണ്ട് ക്രിക്കറ്റ് ബോര്‍ഡ് 'യഥേഷ്ടം' അവസരങ്ങള്‍ വാരിക്കോരി നല്‍കിയ ഇഷാന്‍ 'അവധിയില്‍' പ്രവേശിച്ചിട്ട് രണ്ട് മാസത്തിലധികമാകുന്നു. മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ അല്‍പകാലം വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട താരം ഊര്‍ജ്ജസ്വലതയോടെ മടങ്ങിവരട്ടെയെന്നു കണ്ടാണ് ബിസിസിഐ അവധി നല്‍കിയത്. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരം തയാറായില്ല.

ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫിറ്റ്‌നെസും ഫോമും തെളിയിക്കാന്‍ ഇഷാനോട് ബോര്‍ഡ് ആവശ്യപ്പെട്ടത് ജനുവരി മധ്യത്തോടെയാണ്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും ഇഷാന്‍ കളത്തിലിറങ്ങിയല്ല. പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ നേരിട്ട് അന്ത്യശാസനം നല്‍കിയിരുന്നു. ''ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല'' എന്നായിരുന്നു ജയ് ഷായുടെ മുന്നറിയിപ്പ്. എന്നിട്ടും ഇഷാന് കുലുക്കമുണ്ടായില്ല. ഇതോടെ നടപടി ഉറപ്പായിരുന്നു.

കരാര്‍ പ്രകാരം എ പ്ലസ് ഗ്രേഡിലുള്ള താരങ്ങള്‍ക്ക് പ്രതിവര്‍ഷം ഏഴ് കോടി രൂപയും, ഗ്രേഡ് എ താരങ്ങള്‍ക്ക് അഞ്ച് കോടി രൂപയും ഗ്രേഡ് ബിയിലുള്ളവര്‍ക്ക് മൂന്ന് കോടി രൂപയും ഗ്രേഡ് സിയിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് പ്രതിഫലം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍