SPORT

ബ്ലാസ്റ്റേഴ്‌സില്‍ സാമ്പത്തിക പ്രതിസന്ധി; വനിതാ ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു

കേരള വനിതാ ലീഗിന്റെ ഉദ്ഘാടന സീസണില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു

വെബ് ഡെസ്ക്

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് പുരുഷ ടീം നടത്തിയ അച്ചടക്കലംഘനത്തിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിധിച്ച പിഴ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു.

''ഞങ്ങളുടെ വനിതാ ടീമിന്റെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തി വയ്ക്കുകയാണ്. അടുത്തിടെ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഞങ്ങളുടെ ക്ലബ്ബിന് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഫെഡറേഷന്റെ അധികാരത്തേയും തീരുമാനങ്ങളെയും മാനിക്കുന്നു. എന്നാല്‍ നടപടി ക്ലബ്ബിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കാനിടയുള്ള ആഘാതം സംബന്ധിച്ച് ഞങ്ങള്‍ക്കുള്ള നിരാശ തള്ളിക്കളയാനാകില്ല.'' - കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.

പ്രശ്‌നങ്ങള്‍ അവസാനിച്ചതിന് ശേഷം വനിതാ ടീമിനെ പുനഃസ്ഥാപിക്കാനാണ് തീരുമാനം

ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുന്നതുവരെ വനിതാ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയില്ല. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമാണ് പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നും മാനേജ്മെന്റ് അറിയിച്ചു. പ്രശ്‌നങ്ങള്‍ അവസാനിച്ചതിന് ശേഷം വനിതാ ടീമിനെ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഫുട്ബോൾ ഫെഡറേഷനിൽ നിന്ന് കൂടുതൽ നടപടികളുണ്ടായാൽ ക്ലബ്ബിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇനിയും കൂടും.

തീരുമാനത്തില്‍ കടുത്ത നിരാശയുണ്ടെന്ന് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പര്‍ അദിതി ചൗഹാന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം കേരള വനിതാ ഫുട്ബോൾ ലീഗിന്റെ ഉദ്ഘാടന സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

അപ്പീല്‍ കമ്മിറ്റി അച്ചടക്ക സമിതിയുടെ മുന്‍തീരുമാനങ്ങള്‍ ശരിവയ്ക്കുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു

കഴിഞ്ഞ സീസണില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ ഐഎസ്എല്‍ പ്ലേ ഓഫില്‍ മോശമായി പെരുമാറിയതിനും കളി അവസാനിക്കും മുന്‍പ് കളം വിട്ടതിനുമാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ബ്ലാസ്റ്റേഴ്‌സിനുമേല്‍ പിഴ ചുമത്തിയത്. അതിനെതിരെ ക്ലബ്ബ് നല്‍കിയ അപ്പീല്‍ എഐഎഫ്എഫ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് തള്ളിയത്. മുഖ്യ പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ചിന് അഞ്ച് ലക്ഷം രൂപ പിഴയിടുകയും 10 മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തതിനെതിരെ നല്‍കിയ അപ്പീലും കമ്മിറ്റി തള്ളി. അപ്പീല്‍ കമ്മിറ്റി അച്ചടക്ക സമിതിയുടെ മുന്‍ തീരുമാനങ്ങള്‍ ശരിവയ്ക്കുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ അടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മാര്‍ച്ച് മൂന്നിന് നടന്ന പ്ലേ ഓഫാണ് വിവാദങ്ങള്‍ക്ക് കാരണമായത്. അധിക സമയത്ത് ബെംഗളൂരു താരം സുനില്‍ ഛേത്രി നേടിയ ഫ്രാകിക്ക് ഗോള്‍ നിയമാനുസൃതമല്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് വാദിച്ചു. റഫറി വിസില്‍ മുഴക്കും മുന്‍പേയാണ് ഛേത്രി ഫ്രീകിക്ക് എടുത്തതെന്നും കളിക്കാര്‍ തയ്യാറായില്ലെന്നും ബ്ലാസ്റ്റേഴ്‌സ് അവകാശപ്പെട്ടു. എന്നാല്‍ റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. അതിന് പിന്നാലെ ഇവാന്‍ താരങ്ങഴളെ മടക്കി വിളക്കുകയും കളി അവസാനിക്കും മുന്‍പ് മഞ്ഞപ്പട കളം വിടുകയും ചെയ്തു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍