വിരമിക്കൽ വാർത്ത നിഷേധിച്ച് ബോക്സിങ് ഇതിഹാസം മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും, മാധ്യമങ്ങള്‍ വാക്കുകളെ തെറ്റായി മനസിലാക്കിയതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചതെന്നും മേരി കോം പറഞ്ഞതായി വാർത്ത ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ ബോക്സിങ്ങിൽ ഇനിയും തുടരാൻ ആഗ്രഹമുണ്ടെന്നും എന്നാൽ പ്രായ പരിധി ഒരു പ്രശ്‌നമാണെന്നും അറിയിച്ചിരുന്നു ഈ വാക്കുകളിൽ നിന്നാണ് വിരമിച്ചു എന്ന വാർത്ത ചിലർ റിപ്പോർട്ട് ചെയ്തതെന്ന് മേരി കോം വ്യക്തമാക്കി. 40 വയസിന് മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ബോക്സിങ് മത്സരങ്ങളിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പ്രായം നാൽപത്തിയൊന്ന് ആയതിനാലാണ് വിരമിക്കുന്നതെന്ന വാർത്തയാണ് ഇന്ന് പുലർച്ചയോടെ പുറത്ത് വന്നത്.
"എന്റെ വാക്കുകൾ തെറ്റായി ഉദ്ധരിച്ചതാണ് ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. വിരമിക്കൽ തീരുമാനമെടുക്കുന്ന സമയം മാധ്യമങ്ങൾക്ക് മുന്നിൽ സ്വമേധയാ വന്ന് എന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നതായിരിക്കും. ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചുവെന്ന് പ്രസ്താവിക്കുന്ന ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയില്‍ പെട്ടു. ഇത് ശരിയല്ല. 2024 ജനുവരി 24ന് ദിബ്രുഗഡിൽ നടന്ന ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന സമയം, അവിടുത്തെ കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ്, 'എനിക്ക് ഇപ്പോഴും കായികരംഗത്ത് നേട്ടമുണ്ടാക്കാനുള്ള ആഗ്രഹമുണ്ട്, എന്നാൽ ഒളിമ്പിക്സിലെ പ്രായപരിധിയാണ് അവിടെ എനിക്കുമുന്നിലെ വിലങ്ങുതടി. ഫിറ്റ്‌നസിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വിരമിക്കൽ പ്രഖ്യാപിക്കുമ്പോള്‍ ഞാൻ എല്ലാവരേയും അറിയിക്കുന്നതായിരിക്കും," മേരി കോം പറഞ്ഞു.
ആറു തവണ ലോകചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.