ബ്രസീലിയന്‍ സുപ്പര്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയറിന് രാജകീയ സ്വീകരണം ഒരുക്കി അറബ് കായിക ലോകം. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടതിന് പിന്നാലെയാണ് നെയ്മര്‍ സൗദിയിലെത്തിയത്.
റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് നെയ്മറിനെ അവതരിപ്പിക്കും
വെള്ളിയാഴ്ച രാത്രി വൈകി റിയാദ് വിമാനത്താവളത്തിലെത്തിയ നെയ്മറിനെ അല്‍ ഹിലാല്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെത്തിയാണ് സ്വീകരിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ അല്‍ ഹിലാലിലെത്തിയിരിക്കുന്നത്. എകദേശം 160 ദശ ലക്ഷം യൂറോ(ഏകദേശം 1,451 കോടി രൂപ)യാണ് അല്‍ഹിലാല്‍ നെയ്മറിനു നല്‍കുന്ന പ്രതിഫലം. റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ നെയ്മര്‍ ഔദ്യോഗികമായി അല്‍ഹിലാല്‍ ജേഴ്സി അണിയും. പ്രൗഡഗംഭീരമായ ചടങ്ങായിരിക്കും കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുക എന്ന സൂചനയാണ് അല്‍ ഹിലാലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്.
31 കാരനായ നെയ്മര്‍ പിഎസ്ജിക്കായി ആറ് സീസണുകളില്‍ ബുട്ടുകെട്ടിയതിന് ശേഷമാണ് അല്‍ ഹിലാലിലേക്ക് ചുവടുമാറ്റുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സെമ, സാഡിയോ മാനെ എന്നിവര്‍ക്ക് പിന്നാലെയാണ് നെയ്മറുടെയും അറബ് മണ്ണിലേക്കുള്ള കടന്നുവരവ്.
പിഎസ്ജിക്ക് വേണ്ടി 173 മത്സരങ്ങള്‍ കളിച്ചിട്ടുള്ള നെയ്മര്‍ 118 ഗോളുകള്‍ നേടിയിട്ടുണ്ട്, അഞ്ച് ലീഗ് 1 കിരീടങ്ങളും മൂന്ന് ഫ്രഞ്ച് കപ്പുകളും നേടി. എന്നാല്‍ തുടര്‍ച്ചയായ പരുക്ക് നെയ്മറിന്റെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു. അതേസമയം, വിനോദസഞ്ചാരവും നിക്ഷേപവും ആകര്‍ഷിച്ച് വിനോദസഞ്ചാരവും നിക്ഷേപവും ആകര്‍ഷിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് കായിക രംഗത്തേക്കുള്ള സൗദിയുടെ വമ്പന്‍ ചുവടുവയ്പ്പ് എന്നാണ് വിലയിരുത്തല്‍.